State News

ആരാമം സ്‌പെഷല്‍ പതിപ്പ് പ്രകാശനം ചെയ്തു

വായനയുടെ 33 ആണ്ട് തികച്ച ആരാമം മാസികയുടെ സ്‌പെഷല്‍ പതിപ്പ് പ്രകാശനം ചെയ്തു. മലയാളീ വായനക്ക് പെണ്‍ കൈയ്യൊപ്പു ചാര്‍ത്തുന്ന ആരാമം നീണ്ട ഇടവേളക്കു ശേഷമാണ് ഒരു സ്‌പെഷല്‍ പതിപ്പ് പ്രകാശനം ചെയ്യുന്നത്. 194 പേജുള്ള ആരാമം വൈവിധ്യമാര്‍ന്ന പതിനൊന്നു വിഷയങ്ങളുമായാണ് വായനക്കാരിലേക്കെുത്തുന്നത്.
ഇതില്‍ ഓര്‍മയെഴുത്തുണ്ട്, അനുഭവം ഉണ്ട്. യാത്രയും ജീവിതവുമുണ്ട്. മുപ്പത്തിമൂന്ന് വര്‍ഷം പിന്നിട്ട ആരാമത്തിന്റെ വഴിയില്‍ സഞ്ചരിച്ചവരുടെ ഓര്‍മകളെ വായനക്കാര്‍ക്കു വേണ്ടി അവര്‍ ഓര്‍ത്തെടുക്കുന്നിടത്തു നിന്നാണ് പ്രത്യേക പതിപ്പിന്റെ പേജുകള്‍ മറിയുന്നത്. യാത്ര എന്നും മനുഷ്യന് ഹരമാണ്. ജീവിതത്തെയും സംസ്‌കാരത്തെയും തൊട്ടറിയുന്നത് അലക്ഷ്യമായോ ലക്ഷ്യമില്ലാതെയോ അലയുന്ന ആ യാത്രകളാണ്. യാത്ര സ്വയം ആനന്ദം മാത്രമല്ല, കണ്ണില്‍ പതിഞ്ഞ ജീവിതങ്ങള്‍ അനുഭവ തലത്തെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരിക്കും, പ്രത്യേകിച്ചും യാത്രയില്‍കണ്ട പെണ്‍ ജീവിതങ്ങള്‍. എഴുത്തുകാരികളായ പി. വത്സലയും സുധീരയും അടക്കം തങ്ങള്‍ കണ്ട നാട്ടിലൂടെയും ജീവിതത്തിലൂടെയും വായനക്കാരെ കൊണ്ടുപോകുകയാണ്.

കഥയിലെ കഥാപാത്രങ്ങള്‍ സഹജീവി സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന കാലമാണിന്ന്. സര്‍ഗസാഹിത്യത്തിന്റെ ആസ്വാദനതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരായ ഉറൂബും എം.ടിയും കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചിരുന്നത് എങ്ങനെയെന്ന് കാണിച്ചുതരുന്നു മറ്റൊരിടത്ത്. വിശ്വാസവും ആചാരവും തന്നിഷ്ടപ്രകാരം മാറിയ പ്രശസ്ത വനിതകളായ സെബ്രീന ലീയും ലോറന്‍ ബൂത്തും. അവരെയും പരിചയപ്പെടുത്തുകയാണ്. മലയാള ഭാഷക്കും സാഹിത്യത്തിനും ചരിത്രത്തിനും കൈയ്യൊപ്പു സമ്മാനിച്ചവരെ സമ്മാനിച്ച മലബാറിന്റെ പെരുമ വായിക്കാം മറ്റൊരിടത്ത്
ചരിത്രത്തിനു മേല്‍ ജീവിതത്തെ പാഠപുസ്തകം പോലെ കൊത്തിവെച്ച പെണ്‍ജീവിതങ്ങള്‍ ചുറ്റിലും ഉയര്‍ന്നു വരികയാണ്. അവരെയും അടയാളപ്പെടുത്തുകയാണ് . മാത്രമല്ല, കഥയും കവിതയും കാമ്പസും എപ്പോഴുമെന്ന പോലെ ഇപ്പോഴും വായനക്കാരിലേക്ക് അടുപ്പിക്കുകയാണ്. ജീവിതത്തെ സ്വാധീനിച്ച വ്യക്തികളെ കുറിച്ചുള്ള വായനയും അഭ്രഭ്രപാളിയിലെ വര്‍ണവിവേചനവും പറഞ്ഞ് പേജുകള്‍ ചടുലമാകുന്നു.

പാരന്റിംഗിന്റെ നല്ല പാഠങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രഗത്ഭവ്യക്തിത്വങ്ങളുമായുള്ള സംസാരത്തില്‍ തുടങ്ങി ഭക്ഷണവൈവിധ്യത്തിന്റെ കാലത്ത് ഭക്ഷണ സംസ്‌കാരവും രുചിയൂറും ഭക്ഷണവുമായി ഭക്ഷണത്തളിക അലങ്കിരക്കുന്നവരെക്കുറിച്ചുള്ള ഫീച്ചറിലും പേജുകള്‍ അവസാനിക്കുന്നു പ്രകാശന കര്‍മം നിര്‍വഹിച്ചത് പ്രശസ്ത എഴുത്തുകാരിയായ ബി. എം സുഹറയായിരുന്നു. എഴുത്തുകാര്‍ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കേണ്ടത്. ഭാഷയെപ്പോലെ പ്രധാനമാണ് കാലമെന്നും അവര്‍ പറഞ്ഞു. അനുഭവങ്ങളെ നേരെ പറഞ്ഞതുകൊണ്ട് കഥയാകില്ല. അതില്‍ ഭാവനയും സര്‍ഗാത്മകതയും ഉണ്ടെങ്കിലേ നല്ല കഥയാകൂ. കഥയെഴുത്ത് എന്ന വിഷയത്തെ മുന്‍നിറുത്തി അവര്‍ പറഞ്ഞു.

ആരാമം സ്‌പെഷല്‍ പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കഥാ രചനാ മത്‌സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും വേദിയില്‍ വെച്ചു നടന്നു. ഒന്നാം സ്ഥാനം സഹീറ നാലകത്ത്, രണ്ടാം സ്ഥാനം സുഭദ്ര സതീശന്‍, മൂന്നാം സ്ഥാനം സീന കാപ്പിരിയും നേടി. ചടങ്ങില്‍ എഡിറ്റര്‍ കെ.കെ ഫാത്തിമ സുഹറ അധ്യക്ഷത വഹിച്ചു. മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ഷിദാ ജഗത് കവയത്രി ആശ കബനി, ജി.ഐ ഒ പ്രസിഡന്റ് അഫീദ അഹ്മദ്, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സെക്രട്ടറി പി. റുക്‌സാന. ജന.സെക്രട്ടറി എംകെ മുഹമ്മദലി , ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ടി. മുഹമ്മദ് വേളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സബ് എഡിറ്റര്‍മാരായ ഫൗസിയ ഷംസ് സ്വാഗതവും ബിഷാറ മുജീബ് നന്ദിയും പറഞ്ഞു.