കൊച്ചി: ‘സദാചാരം സ്വാതന്ത്ര്യമാണ്’ എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്്ലാമി കേരള വനിതാ വിഭാഗം രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന കാമ്പയിന് ഡിസംബര്‍ ഒന്നിന് തുടക്കമാകും. കാമ്പയിന്റെ ഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ 16 വരെ സംസ്ഥാനത്തുടനീളം സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍, പൊതു സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സദാചാര നിബദ്ധമായ സമൂഹത്തിനു മാത്രമേ സ്വാതന്ത്ര്യത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ അരാജകത്വം സമ്മാനിക്കുന്ന ആത്മ സംഘര്‍ഷത്തിലും അസ്വാതന്ത്ര്യത്തിലും കഴിയേണ്ടി വരും. സദാചാര വിരുദ്ധമായ ജീവിതമാണ് സ്വാതന്ത്ര്യം നല്‍കുക എന്ന ചിന്ത ആത്യന്തികമായി സമാധാനവും സുരക്ഷിതത്വവും നേടിത്തരികയില്ലെന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ലിബറലിസമാണ് സ്വാതന്ത്ര്യം എന്ന ചിന്ത അരാജകത്വത്തിലേക്കും അതു വഴി അധാര്‍മികതയിലേക്കുമാണ് നയിക്കുക. സ്വാര്‍ത്ഥതയാണ് ഇത്തരം ചിന്തകളുടെയൊക്കെ അടിസ്ഥാനം.
വിവാഹം, കുടുംബം, ബന്ധങ്ങള്‍ തുടങ്ങിയ മാനവികഭാവങ്ങള് സദാചാര നിഷ്ഠയിലൂടെ മനോഹരമായി നിലനിര്‍ത്തുമ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത. കാമ്പയിന് മുന്നോട്ടു വെക്കുന്ന ആശയം ഇതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
കാമ്പയിനിന്റെ പ്രഖ്യാപന സമ്മേളനം നവംബര്‍ 25ന് ഉച്ചയ്ക്ക് 2.30ന് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അധ്യക്ഷന്‍ എം.ഐ അബ്ദുല്‍ അസീസ് പ്രഖ്യാപനം നിര്‍വ്വഹിക്കും. ജമാഅത്തെ ഇസ്ലാമി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിക്കും. പി.വി. റഹ്മാബി, ലിസി എബ്രഹാം, ഡോ: റോസ് ആന്റോ, ഷീബ രാമചന്ദ്രന്, സി.വി. ജമീല, പി. റുക്സാന, അഡ്വ: ഫരീദ അന്‍സാരി, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്്, അഫീദ അഹ്മദ്, അഡ്വ: ജസീന്ത, മെഹ്നാസ് അശ്ഫാഖ്, റഫീഖ ജലീല്‍, സുമയ്യ നാസര്‍ എന്നിവര്‍ പങ്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് നടക്കും.
കാമ്പയിനിന്റെ ഭാഗമായി 144 ഏരിയകളില്‍ സമ്മേളനങ്ങള്‍ നടക്കും. വിവിധ ജില്ലകളിലായി ചര്‍ച്ചാ സംഗമങ്ങള്‍, ടേബിള്‍ ടോക്കുകള്‍ എന്നിവ നടന്നു വരുന്നു. പ്രാദേശികതലങ്ങളില്‍ ഗൃഹാങ്കണ യോഗങ്ങള്‍, കുടുംബ സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കും. കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുമായും വനിതാ ആക്ടിവിസ്റ്റുകളുമായും കൂടിക്കാഴ്ച നടത്തും. 144 സെന്ററുകളിലായി മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള വനിതകള്‍ക്കായി കലാമത്സരങ്ങള്‍ നടത്തി. ആറായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു.