Ameer UpdatesMalappuram

ആരാധനാലയങ്ങളെ സൗഹൃദത്തിന്റെ സ്‌നേഹസദനങ്ങളാക്കുക – എം.ഐ. അബ്ദുൽ അസീസ്

മലപ്പുറം: ആരാധനാലയങ്ങൾ ശാന്തിയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകങ്ങളാകണമെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
കേരളം സൗഹൃദത്തിന്റെ പച്ചപ്പ് മലപ്പുറത്തിന് പറയാനുള്ളത് എന്ന തലക്കെട്ടിൽ മലപ്പുറം ടൗൺഹാളിൽ സംഘടിപ്പിച്ച സഹോദരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് സംബന്ധമായി സുപ്രീം കോടതി എടുക്കുന്ന ഏതു വിധിയും എല്ലാവരും സംയമനത്തോടെ സമീപിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രകോപനപരമോ പ്രതിഷേധരൂപത്തിലോ ഉള്ള സമീപനരീതി സ്വീകരിക്കരുത്. നമ്മുടെ മുൻഗാമികളും രാഷ്ട്രശില്പികളും കേരളത്തിൽ സൗഹൃദങ്ങൾ ശക്തിപ്പെടുത്തുന്ന മഹിതമായ മാതൃകകളാണ് കാഴ്ചവെച്ചിട്ടുള്ളത്.
ധ്രുവീകരണവും വിഭാഗീയതയും വളർത്തുന്നവരോട് മാനിഷാദ എന്ന് പറയാൻ നമുക്ക് കഴിയണം. ശത്രുതയെ സാഹോദര്യം കൊണ്ടും തിന്മയെ നന്മ കൊണ്ടും വെറുപ്പിനെ സ്‌നേഹം കൊണ്ടും പ്രതിരോധിക്കുക. പരസ്പരം സംരക്ഷണ ചുമതല ഏറ്റെടുത്തുകൊണ്ട് മാനവികത കാത്തുസൂക്ഷിക്കാൻ നാം പരിശ്രമിക്കണമെന്നും അമീർ ആഹ്വാനം ചെയ്തു.
കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻകുട്ടി വാര്യർ മുഖ്യപ്രഭാഷണം നടത്തി. എല്ലാവർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമി നൽകുന്നുണ്ട്, എന്നാൽ ആർത്തി ശമിപ്പിക്കാൻ ആവശ്യമായ വിഭവങ്ങൾ ഭൂമിയിലില്ല എന്ന മഹാത്മജിയുടെ വാക്കുകൾ പ്രസക്തമാണെന്ന് വാര്യർ അഭിപ്രായപ്പെട്ടു. രണ്ട് പ്രളയകാലത്ത് കേരളം കണ്ട സാമുദായിക സൗഹാർദ്ദവും മാനവിക ഐക്യവും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകസമാധാനം ഉയർത്തിപ്പിടിക്കാൻ ആത്മീയതയുടെ ഒന്നിക്കലിലൂടെയാണ് സാധിക്കുകയെന്നും ആത്മീയതെ ചേർത്തുനിർത്താൻ സാധിച്ചാൽ സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്കാവുമെന്ന് സംഗമത്തിൽ സംസാരിച്ച മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു.
മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ കലഹിക്കുക എന്നത് മനുഷ്യന്റെ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഫാദർ ജോസഫ് കെ.എസ്. പറഞ്ഞു.
ജമാഅത്തെ ഇസ്്‌ലാമി ജില്ലാ പ്രസിഡണ്ട് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, പി. സുരേന്ദ്രൻ, സുധീഷ് പയ്യനാട്, പി. സുന്ദർരാജ് എന്നിവർ ആശംസകർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.സി. നസീർ സ്വാഗതവും ചീഫ് ഓർഗനൈസർ ഹബീബ് ജഹാൻ നന്ദിയും പറഞ്ഞു.

Comment here