National News

കോടതി വിധി തൃപ്തികരമല്ല, സാമുദായിക ഐക്യവും സമാധാനവും കാത്തു സൂക്ഷിക്കണം – സയ്യിദ് സആദത്തുല്ല ഹുസൈനി

ന്യൂഡല്‍ഹി : അയോധ്യ വിധിക്ക് ശേഷം രാജ്യത്ത് സമാധാനവും സാമുദായിക സൗഹാര്‍ദ്ദവും കാത്തു സൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി അഭ്യര്‍ഥിച്ചു.
ബാബരിമസ്ജിദ് വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സംതൃപ്തരല്ല. വിധിയുടെ ചില കണ്ടെത്തലുകള്‍ ആശാവഹവും രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്താനും ഉപകരിക്കുന്നതാണ്. എന്നിരുന്നാലും വിധിയിലെ അധിക കണ്ടെത്തലുകളോടും യോജിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമി കേന്ദ്ര ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് അഖിലേന്ത്യാ അമീറിന്റെ പ്രസ്താവന.

നാം ജീവിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിലാണ്, അവിടെ നിയമം നടപ്പാക്കുക എന്നത് പരമ പ്രാധാന്യമാണ്. ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി അംഗീകരിച്ചു കൊണ്ട് എല്ലാ തരത്തിലുമുള്ള നിയമ നടപടികളും അവസാനിപ്പിക്കുമെന്നു മുസ്ലിംകള്‍ പണ്ടുമുതലേ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. എന്നിരുന്നാലും വിധി പുനപരിശോധിക്കാന്‍ കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന് നിയമപരമായി തന്നെ പഠിച്ചു കൊണ്ടിരിക്കുന്നു . പേര്‍സണല്‍ ലോ ബോര്‍ഡിലെ മറ്റു അംഗങ്ങളുമായി ചര്‍ച്ച ചെയ്തു കേസുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ തീരുമാനിക്കും.

വിധിയില്‍ ഞങ്ങള്‍ സംതൃപ്തരല്ലെങ്കിലും വിധിയെ മാനിക്കാനും, നിയമത്തെ അംഗീകരിക്കാനും, അതുവഴി സാമുദായിക സൗഹൃദം നിലനിര്‍ത്താനും ഒരിക്കല്‍ കൂടി അഭ്യർഥിക്കുകയാണ്. കോടതിയുടെ വിധി ഒരു പാര്‍ട്ടിയുടെ ജയമായോ മറ്റൊരു പാര്‍ട്ടിയുടെ പരാജയമായോ കണക്കാക്കാന്‍ കഴിയില്ലെന്നും ജമാഅത്തു അമീര്‍ ഊന്നിപ്പറഞ്ഞു.