Feeder Organisation

ഫേസ് മർക്കസ് കാലഘട്ടത്തിന്റെ ആവശ്യം: ടി. ആരിഫലി

കൊണ്ടോട്ടി: ധാർമിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന പഠനരീതിയുള്ള ഒരന്തർദേശീയ കലാലയം സ്ഥാപിച്ചുകൊണ്ട് മലബാർ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുത്തൻ ചിറകുകൾ നല്കാൻ കൊണ്ടോട്ടിയിലെ അൻസാറുൽ ഇസ്ലാം ചാരിറ്റബ്ൾ (എഐസി) ട്രസ്റ്റ് ഒരുങ്ങിക്കഴിഞ്ഞു.
ഫേസ്മർക്കസ് ഇന്റർനാഷണൽ സ്‌കൂൾ എന്ന പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. സി.എൽ ജോഷി ഡിസംബർ 7നു ശനിയാഴ്ച വൈകുന്നേരം ഒരു വലിയ സദസ്സിനെ സാക്ഷിനിർത്തി നിർവ്വഹിക്കുകയുണ്ടായി.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും എഐസി ട്രസ്റ്റ് ചെയർമാനുമായ ടി.ആരിഫലി സാഹിബ് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് എഡുക്കേഷൻ കൗൺസിൽ ഇന്ത്യയുടെ ചെയർമാൻ ഡോ. ആർ. യൂസുഫ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കഴിവുറ്റ വിദ്യാർത്ഥികളെ പ്രത്യേക പരീക്ഷകളിലൂടെ തെരഞ്ഞെടുത്ത് സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ പ്ലസ് വൺ, പ്ലസ്ടു കോഴ്‌സുകൾ നല്കുന്നതോടൊപ്പം അവരെ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് പോലുള്ള മത്സരപ്പരീക്ഷകൾ എഴുതാനും, ഇന്ത്യക്കകത്തും പുറത്തുമുള്ള ലോകപ്രസിദ്ധ യൂണിവേഴ്‌സിറ്റികളിൽ ഉന്നത പഠനം നടത്താനും പ്രാപ്തരാക്കുന്നു.
ഓരോ വിദ്യാർത്ഥിക്കും വിദ്യാർത്ഥിനിക്കും പ്രത്യേകം മെന്റേഴ്‌സിനെ നിശ്ചയിച്ചുകൊണ്ട് അവരുടെ പഠനത്തിലും സ്വഭാവത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിന്നും അവരിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന്നും സ്‌കൂൾ പ്രതിജ്ഞാബദ്ധമായിരിക്കും.
ആരിഫലി സാഹിബ് തന്റെ പ്രസംഗത്തിൽ എഐസി ട്രസ്റ്റ് കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലുമുണ്ടാക്കിയ വിദ്യാഭ്യാസ വിപ്ലവത്തെയും ഇസ്ലാമിക നവോത്ഥാന പ്രവർത്തനങ്ങളെയും അനുസ്മരിക്കുകയും, അതിൽ കൊണ്ടോട്ടി അബ്ദുറഹിമാൻ സാഹിബും മറ്റു പ്രസ്ഥാന പ്രവർത്തകരും വഹിച്ച മഹത്തായ പങ്കിനെ പ്രശംസിക്കുകയുമുണ്ടായി.
ഫേസ് മർക്കസ് കാലഘട്ടത്തിന്റെ ആവശ്യത്തിന്നനുസൃതമായ എഐസി ട്രസ്റ്റിന്റെ ഒരു പുതിയ സംരംഭമാണെന്നും ഉന്നത ഗവണ്മെന്റുദ്യോഗങ്ങൾ കരസ്ഥമാക്കാൻ അത് നമ്മുടെ നാട്ടിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക-ദളിത് വിഭാഗങ്ങളുടെയും പാർശ്വവത്കൃത ജനങ്ങളുടെയും വിദ്യാഭ്യാസമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം.
കാലത്തിനുമുമ്പേ നടക്കാൻ കൊതിച്ചുകൊണ്ട് നാം ആധുനിക വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കുമ്പോൾ നിത്യഹരിതമാകേണ്ട ധാർമിക മൂല്യങ്ങളുടെ അധ്യാപനം മറന്നുപോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലം തേടുന്ന കലാലയം സൃഷ്ടിക്കാൻ നാലു പതിറ്റാണ്ടായി മലപ്പുറത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശക്തി പകർന്ന കൊണ്ടോട്ടി മർക്കസിന് കഴിയുമെന്ന് ഇന്റർനാഷണൽ സ്‌കൂൾ ഉദ്ഘാടനം ചെയ്ത ഡോ. ജോഷി അഭിപ്രായപ്പെട്ടു.
മനുഷ്യ മഹത്വത്തെക്കുറിച്ച് പറയുന്ന വിദ്യാഭ്യാസം, പക്ഷെമനുഷ്യത്വം പ്രയോഗവത്കരിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആർ. യൂസൂഫ് സൂചിപ്പിച്ചു.വിദ്യാഭ്യാസ വ്യവസ്ഥിതിയിലും ശാസ്ത്രത്തിലും മനുഷ്യപ്പറ്റ് നഷ്ടമാകുമ്പോൾ ലോകം അധപതിക്കുമെന്നും അതിലേക്കാണ് ഫാസിസ്റ്റ് ഇന്ത്യ മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്കാപറമ്പിലെ മർക്കസ് ക്യാംപസിൽ വെച്ച് നടന്ന ആകർഷകമായ ഉദ്ഘാടന സമ്മേളനത്തിൽ നിർദിഷ്ട ഇൻറർനാഷണൽ സ്‌കൂൾ ലോഗോ പ്രകാശനം, ഫേസ് മർകസ് തീം അവതരണം,ദൃശ്യാവിഷ്‌കാരം, സംഗീതശില്പം എന്നിവ നടന്നു.ഫേസ്മർകസ് വെബ്‌സൈറ്റ് ലോഞ്ചിങ് ആരിഫലി സാഹിബ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്‌നോത്തരി മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.
ഫേസ്മർകസ് പദ്ധതിയുയുടെ ഭാഗമായ മർകസ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡണ്ട് അജ്മൽ ആനത്താൻ,ഫേസ് മർക്കസ് അക്കാദമിക് കോ-ഓർഡിനേറ്റർ പ്രൊഫ.മുഹമ്മദ് നിഷാദ്, എഐസി ട്രസ്റ്റ് ആക്ടിംഗ് ചെയർമാൻ മീരാൻ അലി,മർകസ് ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷൗക്കത്തലി,ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡണ്ട് എൻ.സി. അബൂബക്കർ,സ്വാഗതസംഘം ചെയർമാൻ അബ്ദുറഹിമാൻ കോഴിക്കോടൻ,മർകസുൽ ഉലൂം ഇംഗ്ലീഷ് സ്‌കൂൾ അക്കാദമിക് കമ്മിറ്റി ചെയർമാൻ ഓടക്കൽ മുഹമ്മദാലി, സ്‌കൂൾ മാനേജർ അഡ്വ. ഫസലുൽ ഹഖ്, വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചുള്ളിയൻതുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത ഗസൽ ഗായകൻ ഷമീർ ബിൻസി,ഇമാം മജ്ബൂർ എന്നിവർ നയിച്ച സംഗീത നിശ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.