District NewsErnakulamState News

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ളത് – പി.മുജീബുറഹ്മാൻ

ആലുവ: വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടികളാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററ്റുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ അഭിപ്രായപ്പെട്ടു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധ മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളൊന്നടങ്കം മത, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നത് അഭിനന്ദനീയമാണ്. എന്നാൽ കാസർകോടും ഷൊർണൂരിലും മുല്ലക്കരയിലും മുസ്‌ലിംകൾക്ക് നേരെ ക്രൂരമായ ആക്രമണം നടത്തുന്ന സംഘ് പരിവാറുകാരായ പ്രതികളെ മനോരോഗികളാക്കുന്ന കേരള പോലീസിൻറെ മനോഭാവം അടിയന്തിരമായി മാറ്റേണ്ടതുണ്ട്. നമ്മുടെ പ്രക്ഷോഭം എൻ.ആർ.സി.യിൽ മാത്രം കേന്ദ്രീകരിക്കാൻ മാത്രമുള്ളതല്ല, മറിച്ച് രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി സംഘപരിവാരത്തെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ളത് കൂടിയാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകാവൂ. രാജ്യവ്യാപകമായി നടക്കുന്ന സമരം ആരംഭിച്ചതും നില നിർത്തുന്നതും വനിതകളാണ്. അതു കൊണ്ട് തന്നെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ട് തന്നെ സമരത്തെ മുന്നോട്ടു കൊണ്ടുപോകാൻ വനിതകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയമായി ഏറ്റെടുത്ത സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്നതെന്നും മരണം വരെ സമരത്തോടൊപ്പം ഉറച്ചു നിൽക്കുമെന്നും രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്സൺ അഭിപ്രായപ്പെട്ടു.

സംഘ് പരിവാർ ഭരണകൂടം കാശ്മീരിൽ ഇപ്പോൾ നടപ്പാക്കിയ നടപടികളുടെ തുടർച്ചയാണ് രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പൗരത്വ ഭേദഗതി നിയമമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അഭിപ്രായപ്പെട്ടു. രാജ്യത്തെ പോലീസ് സംവിധാനത്തെ ജനാധിപത്യവത്കരിക്കാൻ കൂടിയുള്ളതായിരിക്കണം പൗരത്വ സമരമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും രാജ്യത്തിനു വേണ്ടി ഈ സമരത്തിന് തുടക്കമിട്ടത് മുസ് ലിംകളായിരുന്നുവെന്നും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ.ബാബുരാജ് അഭിപ്രായപ്പെട്ടു.

സംഘ് പരിവാരം രാജ്യത്ത് നടപ്പാക്കുന്നത് ഹിന്ദു ധർമ്മമല്ല ഹിന്ദു സയണിസമാണെന്ന് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു.

യുവത്വത്തിന്റെ വിരൽ ചൂണ്ടലിൽ ചൂളിപ്പോകുന്ന ശൗര്യം മാത്രമേ സംഘ് പരിവാറിനുള്ളൂവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് രാജ്യത്തെ കാമ്പസുകളിൽ നടക്കുന്നതെന്ന് അഡ്വ.കെ.മധുസൂദനൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഴുവൻ ജനവിഭാഗങ്ങളും ഒരുമിച്ചു ചേർത്തുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നതായിരുന്നു ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ സമരയാത്രയെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എംകെ.അബൂബക്കർ ഫാറൂഖി അഭിപ്രായപ്പെട്ടു.

ഡൽഹി യൂണിവേഴ്സിറ്റി സമര നായിക റാനിയ സുലൈഖ, അൻവർ സാദത്ത് എം.എൽ.എ, വി കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, റവ.ഫാദർ ബിനു സാമുവൽ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജ്യോതി വാസ് പറവൂർ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് റഫീഖ ജലീൽ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ജമാൽ പാനായിക്കുളം, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് അസ്ഹരി, ജി.ഐ.ഒ. ജില്ലാ പ്രസിഡന്റ് ഫാത്തിമ തസ്നീം തുടങ്ങിയവർ പ്രസംഗിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം.സൈനുദീൻ സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ.സലീം സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ടി.കെ.അബ്ദുൽ സലാം നന്ദിയും പറഞ്ഞു.