Ameer UpdatesState News

മൗലാന സിറാജുൽ ഹസൻ സാഹിബ് വൈവിധ്യങ്ങളെ ഏകോപിപ്പിച്ച വ്യക്തിത്വം – എം.ഐ. അബ്ദുൽ അസീസ്

ഏറെക്കാലം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്ക് നേതൃത്വം നൽകിയ പണ്ഡിതനും സംഘാടകനും വാഗ്മിയുമാണ് സിറാജുൽ ഹസൻ സാഹിബ്. അമീറെ ജമാഅത്ത് എന്ന നിലയിൽ 12 വർഷം, വിവിധ കേന്ദ്ര ഉത്തരവാദിത്തങ്ങൾ, ഹൽഖാ അമീർ എന്ന നിലയിലെല്ലാം ആയുസ്സിന്റെ സിംഹഭാഗവും അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു.
നേതാക്കൾക്കും പ്രവർത്തകർക്കും ഒരുപാട് മാതൃകകൾ അവശേഷിപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്. ബന്ധപ്പെടുന്ന ആർക്കും താനാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് എന്നനുഭവിപ്പിക്കാൻ സാധിച്ചത് ആ വ്യക്തിത്വത്തിന്റെ മാസ്മരികതയായിരുന്നു. ഏത് ഗൗരവപ്പെട്ട യോഗങ്ങൾക്കിടയിലും അതിൽ പങ്കെടുക്കുന്ന ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ ഒരു കണ്ണദ്ദേഹത്തിനുണ്ടാവും. ആ ഊഷ്മളതയുടെ ചൂട് അവർ അനുഭവിക്കുകയും ചെയ്യും.
വൈവിധ്യമുള്ള അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് കൊണ്ടു പോകുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് സവിശേഷമായിരുന്നു. പാണ്ഡിത്യവും സംഘാടനവും മാത്രമല്ല സ്നേഹം കൂടിയായിരുന്നു അദ്ദേഹമതിന് ഉപയോഗിച്ചത്. മർഹൂം അബുല്ലൈസ് ഇസ് ലാഹി നദ് വിക്ക് ശേഷമാണ് അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഇമാറത്ത് ഏറ്റെടുക്കുന്നത്. ജമാഅത്തെ ഇസ്ലാമി പ്രായോഗിക രാഷ്ട്രീയത്തിന്റെ ആദ്യചുവടുകൾ വെക്കുന്ന കാലം. സ്വാഭാവികമായും അന്നുണ്ടായേക്കുന്ന ആശയവൈവിധ്യങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. ആ കാലത്ത് അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യമായ പ്രത്യുൽപന്നമതിത്വവും നേതൃപാടവവുമാണ്- അതൊരു നിയോഗം തന്നെയായിരുന്നു – പ്രസ്ഥാനത്തിന് ഗതിവേഗം നൽകിയത്.

പൊതുരംഗങ്ങളിലും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു. മുസ്ലിം പേഴ്സണൽ ബോർഡിലും
മുസ്ലിം മജ്ലിസെ മുശാവറയിലും നേതൃപരമായ പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിൽ ധാരാളം ദേശീയ പ്രാധാന്യമുള്ള വ്യക്തിത്വങ്ങളിലേക്ക് പാലം പണിയാൻ സാധിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആശീർവാദങ്ങളോടെ ദേശീയ തലത്തിൽ പൊതുവേദികൾക്ക് രൂപം നൽകി. പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന കുൽദീപ് നയാർ ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധം സ്ഥാപിച്ചു തുടങ്ങുന്ന കാലം. പ്രസ്ഥാനത്തെ കുറിച്ച് ഏറെ സന്ദേഹങ്ങൾ നയാറിനുണ്ടായിരുന്നു. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ നയാർ വേദിയിലിരിക്കെ, സിറാജുൽ ഹസൻ സാഹിബ് നടത്തിയ പ്രഭാഷണം നയാർ – ജമാഅത്ത് ബന്ധത്തെ അറുത്തുമാറ്റാനാവാത്തതാക്കി മാറ്റി.

പുതിയ തലമുറയിലുള്ളവരെ പ്രത്യേകം നോട്ടമിട്ട് വളർത്തിയെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇന്ന് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ നേതൃത്വത്തിലെ ഒരുപാട് പേരെ സിറാജുൽ ഹസൻ സാഹിബ് കൂടെ കൊണ്ടു നടന്ന് തൊട്ടും തലോടിയും വളർത്തിയവരാണ്.

കേരളത്തോട് സവിശേഷ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അനാരോഗ്യം കാരണം വിശ്രമ ജീവിതം നയിക്കുമ്പോഴും, മാസങ്ങൾക്ക് മുമ്പ് നേരിൽ കണ്ടപ്പോൾ കേരളത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം ആവേശപൂർവം ചോദിച്ചറിയുകയുണ്ടായി.

ധാരാളം തവണ സിറാജുൽ ഹസൻ സാഹിബ് കേരളത്തിലെത്തിയിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാന പ്രവർത്തകർക്ക് അദ്ദേഹത്തെ നന്നായി അനുഭവമുണ്ടാകും.
നിലവിലെ യാത്രാതടസങ്ങളില്ലായിരുന്നെങ്കിൽ ധാരാളം മലയാളികൾ അദ്ദേഹത്തിന്റെ മരണാനന്തര കർമങ്ങളിൽ നേരിട്ട് പങ്കുകൊള്ളുമായിരുന്നു. പ്രാർഥിക്കാനേ നമുക്ക് നിവൃത്തിയുള്ളൂ.

അല്ലാഹുവേ, ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നീ സത്യവിശ്വാസികൾക്ക് വാഗ്ദാനം ചെയ്ത ബഹുമാനാദരങ്ങളോടെ സ്വീകരിക്കണേ, അദ്ദേഹത്തിന് നീ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ. മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ.
അദ്ദേഹം നേതൃത്വം നൽകിയ പ്രസ്ഥാനത്തെ കൂടുതൽ മികവോടെ നയിക്കാൻ ഞങ്ങൾക്ക് നീ കരുത്തേകണേ