ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്നുള്ള അടച്ചുപൂട്ടലില്‍ ദുരിതത്തിലായവര്‍ക്ക് ജമാഅത്തെ ഇസ്ലാമി ഹിന്ദ് 10 കോടിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ജാതി, മത ഭേദമന്യേ കുടിയേറ്റ തൊഴിലാളികള്‍ അടക്കം യാതനയനുഭവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ഭക്ഷണവും ചിലര്‍ക്ക് സാമ്പത്തിക സഹായവും നൽകി. ഗുണകാംക്ഷികളുടെ പിന്തുണയും സന്നദ്ധപ്രവര്‍ത്തകരുടെ പരിശ്രമവും കൊണ്ടാണ് സഹായമെത്തിക്കാന്‍ കഴിഞ്ഞതെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മുഹമ്മദ് അഹ്മദ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ദാരിദ്ര്യത്തില്‍ കഴിയുന്നവരും കുടിയേറ്റ തൊഴിലാളികളുമായിരുന്നു ഗുണഭോക്താക്കളില്‍ ഏറിയ പങ്കും. നല്കിയ ദുരിതാശ്വാസത്തില്‍ 5,80,519 ഭക്ഷണ കിറ്റുകളും 4,32,228 പാചകം ചെയ്ത ഭക്ഷണ കിറ്റുകളും 3,88,852 മാസ്കുകളും 3,970 സാനിറ്റൈസറും ഉള്‍പ്പെടും.
10,06,553 പേര്‍ക്ക് സാമ്പത്തിക സഹായവും 44,503 പേര്‍ക്ക് മറ്റു സഹായവും നല്കി. വര്‍ഗീയ കലാപങ്ങളുടെയും ദേശീയ ദുരന്തങ്ങളുടെയും വേളകളില്‍ ജാതി, മതഭേദമന്യേ ഇരകള്‍ക്ക് താങ്ങായി നില്‍ക്കുകയെന്ന ദൗത്യം ജമാഅത്ത് തുടരുമെന്നും മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.
Comment here