കോഴിക്കോട്: ഭരണഘടനാ സംരക്ഷണത്തിനും, തുല്യവകാശങ്ങൾക്കും വേണ്ടി
പൗരത്വ ബില്ലിനെതിരെ പോരാടിയ ജാമിആമില്ലിയ സർവകലാശാലയിലെ കോർഡിനേഷൻ
കമ്മറ്റി മീഡിയ കോർഡിനേറ്റർ ആയിരുന്ന
സഫൂറാ സർഗാറിനെ അകാരണമായി യു.എ.പി.എ കുറ്റം ചുമത്തി തീഹാർ ജയിലിടച്ചിരിക്കുന്നത് ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നീതികരിക്കാനാവാത്തതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം പ്രസിഡണ്ട് സി.വി. ജമീല പ്രസ്താവിച്ചു.
ജാമിആമില്ലിയയിലെ ഗവേഷക വിദ്യാർത്ഥിനിയായ സഫൂറ മൂന്ന് മാസം ഗർഭിണി കൂടിയാണ്. വളരേയധികം ആരോഗ്യ പരിരക്ഷ ആവശ്യമുള്ള സഫൂറക്ക് ജാമ്യംപോലും നിഷേധിച്ചുള്ള പകപോക്കൽ നടപടിയാണ് പോലീസ് നടത്തികൊണ്ടിരിക്കുന്നത്. ജാമിയ കോർഡിനേഷൻ കമ്മിറ്റിയെ ‘കലാപ’ത്തോട് കൂട്ടിച്ചേർത്ത് വ്യാപകമായ വിദ്യാർഥി വേട്ടക്കാണ് പോലീസ് ഒരുങ്ങുന്നത്. ഇവർക്കു പുറമെ കെട്ടിച്ചമക്കപ്പെട്ട കുറ്റപത്രങ്ങളുമായി നിരവധി വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ പൗരന്മാർക്ക് പ്രതിഷേധം സംഘടിപ്പിക്കാൻ കഴിയാത്ത കോവിഡ് സാഹചര്യത്തെ തന്ത്രപരമായി ഉപയോഗിക്കുന്ന ഭരണകൂട ഭീകരതയാണ് നടന്നു കൊണ്ടിരിക്കുന്നത്. ദുരന്ത സാഹചര്യങ്ങളെ പോലും വംശീയ ഉൻമൂലനത്തിന് ഉപയോഗിക്കുന്ന നീച രാഷ്ട്രീയമാണ് മോഡി അമിത്ഷാ കൂട്ടുകെട്ട് നടപ്പാക്കുന്നത്.
ഇന്ത്യാ രാജ്യത്ത് മുഴുവൻ അലയടിച്ച പൗരത്വ പ്രക്ഷോപങ്ങൾക്ക് തുടക്കം കുറിച്ച ജാമിഅ മില്ലിയ്യ വിദ്യാർഥി സമൂഹത്തോടുള്ള പ്രതികാരനടപടികളിലേക്കാണ് ഡൽഹി പോലീസും, സംഘ്പരിവാർ ഭരണകൂടവും മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇത് അത്യന്തം അപലപനീയവും പ്രതിക്ഷേധാർഹവുമാണെന്നും അറസ്റ്റ് ചെയ്തവരെ എത്രയും പെട്ടെന്ന് വിട്ടയക്കേണ്ടതാണെന്നും സി.വി. ജമീല പറഞ്ഞു.
സഫൂറ സർഗാറടക്കമുള്ള പൗരാവകാശ പോരാളികളെ വിട്ടയക്കുക -ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം
