നിലമ്പൂർ: പ്രളയാനന്തര പുനർനിർമാണ ഭാഗമായി പീപ്ൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിൽ നിർമിച്ച ചാലിയാർ നമ്പൂരിപ്പൊട്ടിയിലെ നിലമ്പൂർ പീപ്ൾസ് വില്ലേജ് ഗുണഭോക്താകൾക്ക് സമർപ്പിച്ചു. 12 വീടുകളും കുടിവെള്ളമുൾപ്പടെയുള്ള അടിസ്ഥാന സൗകര്യമുള്ളതുമാണ് വില്ലേജ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന് സമർപ്പണ ചടങ്ങ് ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ നമ്മൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ എങ്ങനെയൊക്കെ സഹായിക്കാൻ കഴിയുമെന്ന് സർക്കാരിനെ നേരിട്ട് അറിയിച്ചിരുന്നു. മഹാ ദുരന്തങ്ങളെ ഒരു സർക്കാരിനും ഒറ്റക്ക് അഭിമുഖീകരിക്കാൻ കഴിയില്ലെന്ന് വസ്തുതയാണ്.ഇത്തരം സന്ദർഭങ്ങളിൽ സനദ്ധ സംഘടനകളുടെയും എൻ.ജി.ഒകളുടെയും കൈപിടിച്ച് ദുരന്തങ്ങളെ പ്രതിരോധിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് വില്ലേജിലെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് അവരുടെ അവകാശമാണ് എന്ന് തന്നെ മനസിലാക്കണം, സാഹോദര്യവും-സ്നേഹവുമാണ് വീടുകളിൽ പൂത്തുലയേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2018 ലെ പ്രളയ ദുരന്തത്തെ അതിജീവിക്കാൻ 25 കോടി രൂപയാണ് ജമാഅത്തെ ഇസ് ലാമി സുമനസുകളുടെ സഹായത്തോടെ സ്വരുപീച്ചത്. അത് ഭംഗിയായി ചെലവഴിച്ചുവരുന്നുവെന്നതിൽ സംഘടനക്ക് വളരെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂടിചേർത്തു.
മുഖ്യാതിഥികളായ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കൃഷ്ണൻകുട്ടി എന്നിവർ വിഡീയോ കോൺഫ്രൻസിലൂടെ സദസ്സിന് അഭിസംബോധന ചെയ്തു. ദിരിന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുന്നോട്ടുവന്ന പീപ്ൾസ് ഫൗണ്ടേഷന്റെ മാതൃക നാടിന് മാതൃകയാണെന്ന് മന്ത്രിമാർ പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ്അസി.അമീർ മുഹമ്മദ് സലീം എഞ്ചിനീയർ വിഡിയോ കോൺഫ്രൻസിലൂടെ മുഖ്യപ്രഭാഷണം നടത്തി.പി.വി അബ്ദുൽ വഹാബ് എം.പി, പി.വി.അൻവർ എം.എൽ.എ,ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ പി.മുജീബ് റഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ, ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ,അബ്ദുസ്സലാം വാണിയമ്പലം,നാസർ കീഴുപറമ്പ് എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കാളികളായി.പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ചലച്ചിത്ര പിന്നണി ഗായിക കെ.എസ്.ചിത്ര, മജീഷ്യൻഗോപിനാഥ് മുതുകാട്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവർ വിഡിയോ വഴി ചടങ്ങിൽ പങ്കാളികളായി. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് സലിം മമ്പാട് നന്ദിയും പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂർ ശ്രീകണ്ഠപുരത്തെയും 600 ൽ പരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സസ്റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകൾ നിർമ്മിച്ചു നൽകാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്.
Comment here