കോഴിക്കോട്: കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലോകത്തിന് അവയെ മറികടക്കാനാവുമെന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് തന്റെ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്നത് ദൈവത്തിന്റെ പ്രവാചകനായ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വലമായ ജീവിതമാണ്. അഭിമുഖീകരിക്കേണ്ടിവന്ന വലിയ പ്രയാസങ്ങളെ അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തോടെയും ക്ഷമയോടെയും സമര്‍പ്പണമനോഭാവത്തോടെയും മറികടക്കാന്‍ ഇബ്റാഹീമിനും കുടുംബത്തിനും സാധിച്ചത് കറയറ്റ ഏകദൈവ വിശ്വാസത്തിലൂടെയായിരുന്നു. സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ലോകത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ആത്മീയ വ്യക്തിത്വമായി ആദരിക്കപ്പെടാനും കാരണം ഈ മാതൃകാജീവിതമാണ്.
ഏകാധിപത്യത്തിനും ഭരണകൂടഭീകരതയ്ക്കുമെതിരെയും പൊരുതുന്ന എല്ലാവര്ക്കും പ്രചോദനമാണ് ഇബ്റാഹീമിന്റെ അനുഭവങ്ങള്‍. അന്തിമവിജയം നീതിക്കും സത്യത്തിനുമാണെന്നും ഇബ്റാഹിം പഠിപ്പിക്കുന്നുവെന്നും അബ്ദുല്‍ അസീസ് തന്റെ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
പ്രാര്‍ഥനയ്ക്ക് പ്രത്യേക പ്രധാന്യമുള്ള പെരുന്നാള്‍ ദിനത്തില്‍ കോവിഡ് പ്രതിസന്ധിയില്‍നിന്നുള്ള ലോകത്തിന്റെ മോചനത്തിനായി വിശ്വാസികളെല്ലാം പ്രാര്‍ഥിക്കാനും പ്രയാസപ്പെടുന്നവരെ പ്രത്യേകം പരിഗണിക്കാനും ആഹ്വാനം ചെയ്ത ജമാഅത്ത് അമീര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് പെരുന്നാള്‍ ആഘോഷിക്കണമെന്നും നിര്‍ദേശിച്ചു.
പ്രതിസന്ധികളെ മറികടക്കാന്‍ ബലിപെരുന്നാള്‍ പ്രചോദനം നല്കുന്നു- എം ഐ അബ്ദുല്‍ അസീസ്
