Ameer UpdatesState News

എൽ.ഡി.എഫ് സർക്കാർ പിന്നാക്ക സമൂഹങ്ങളെ വഞ്ചിക്കുന്നു- എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങളെ പിന്നിൽനിന്ന് കുത്തുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു. ഇതിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംവരണീയ വിഭാഗമായി സവർണസമൂഹം മാറിയിരിക്കുകയാണ്.ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടപ്പിലാക്കിയിട്ടില്ലാത്തവിധം അങ്ങേയറ്റം പിന്നാക്ക വിരുദ്ധമായാണ് കേരളത്തിൽ സംവരണം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. മുന്നാക്ക സംവരണം സംബന്ധിച്ച കേസ് സുപ്രീകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ നിൽക്കെ ധൃതി പിടിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കിയത് മുന്നാക്ക പ്രീണനത്തിൻ്റെ ഭാഗമാണ്.

കേന്ദ്ര നിയമമനുസരിച്ച് പരമാവധി പത്ത് ശതമാനം വരെയാണ് മുന്നാക്ക സംവരണം എന്നിരിക്കെ ഏത് ആധികാരിക കണക്കനുസരിച്ചാണ് കേരളത്തിലെ മുന്നാക്ക സംവരണം പത്ത് ശതമാനമായി നിശ്ചയിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ വിവിധ സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലുമുള്ള സമുദായ പ്രാതിനിധ്യത്തിൻ്റെ കണക്ക് സർക്കാർ പുറത്തുവിടണമെന്നും എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.

Comment here