Ameer UpdatesState News

കേന്ദ്ര സർക്കാർ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം – എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന കാർഷികനിയമങ്ങൾക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യംകണ്ട ഏറ്റവും വലിയ സമരത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പതിനെട്ട് ശതമാനം സംഭാവന ചെയ്യുന്ന കാർഷികമേഖലയുടെ സമ്പൂർണമായ തകർച്ചയാണ് നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ സംഭവിക്കാനിരിക്കുന്നത്. 60 ശതമാനത്തിലധികം ജനങ്ങളുടെ ജീവിതമാർഗം തടഞ്ഞ് രാജ്യത്തെ കുത്തകകൾക്ക് സൗകര്യമൊരുക്കുകയാണ് സംഘ്പരിവാർ ഭരണകൂടം ചെയ്യുന്നത്. തീർത്തും രാജ്യദ്രോഹപരമായ നിയമങ്ങളാണിവ. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തി തലസ്ഥാനം അക്ഷരാർഥത്തിൽതന്നെ വളഞ്ഞിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് സമരത്തിന് അനുദിനം പിന്തുണ വർധിച്ചുവരികയാണ്. രാജ്യവിരുദ്ധവും കർഷകവിരുദ്ധവുമായ നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ സന്നദ്ധമാകണം. സമരത്തെ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജനാഭിലാഷത്തെ മാനിക്കണം.
അതിശൈത്യത്തിലും കോവിഡ്ഭീതി നിലനിൽക്കുമ്പോഴും കർഷകരും കർഷക സംഘടനകളും സമാധാനപരമായി നടത്തുന്ന ദിവസങ്ങൾനീണ്ട സമരം അഭിനന്ദനാർഹമാണ്.
തങ്ങളുടെ ഫാഷിസ്റ്റ്, രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് സംഘ്പരിവാർ മാനിക്കുന്നതെന്നും രാജ്യത്തിന്റെ താൽപര്യങ്ങളെ മനസിലാക്കാൻ സംഘ്പരിവാറിന് സാധിക്കില്ലെന്നുമാണ് തലസ്ഥാന നഗരിയിലും രാജ്യത്തുടനീളവും അടിക്കടിയുണ്ടാവുന്ന മഹാ പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.ഐ. അബ്ദുൽ അസീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

Comment here