മലപ്പുറം: സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം എന്ന തലക്കെട്ടിൽ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന സകാത്ത് കാമ്പയിന് തുടക്കമായി. മലപ്പുറം പെരിന്തൽമണ്ണ വാവാസ് മാളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. സമ്പത്തിന്റെ ശേഖരണവും വിനിമയവും കൃത്യവും ശാസ്ത്രീയവുമായി നടക്കാത്തതിനാലാണ് രാജ്യത്ത് ദാരിദ്യവും പട്ടിണിയും ഇത്രയും അധികം കൂടിയതെന്ന് അദ്ദേഹം പറഞ്ഞു. പലിശയില്ലാത്ത സാമ്പത്തിക ക്രമമാണ് ചൂഷണരഹിത സാമ്പത്തിക ക്രമമെന്ന് എല്ലാവരും സമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാമ്പയിന് ബ്രോഷര്‍ പ്രകാശനം മുഖ്യാതിഥി മഞ്ഞളാംകുഴി അലി എം.എല്‍.എ നിർവ്വഹിച്ചു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ വി.കെ അലി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡൻറ് സലീം മമ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബൈത്തുസ്സകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ ട്രസ്റ്റ് അംഗം ഹബീബ് റഹ്മാൻ സി.പി വിശദീകരിച്ചു. സംഘടിതമായി സകാത്ത് ശേഖരിക്കുകയും സാമൂഹ്യ പുരോഗതിക്കുതകുന്ന രീതിയിൽ അത് വിനിയോഗിക്കുകയും ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. 20 വർഷമായി സംസ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ വിവിധ പദ്ധതികളിലായി 15,000 ത്തോളം ഗുണഭോക്താക്കൾക്ക് ഇതുവരെ ഫലപ്രദമായി സകാത്ത് വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ട്. പ്രാദേശിക സകാത്ത് റിലീഫ് സംരംഭങ്ങളുടേയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെ പങ്കാളിത്ത പദ്ധതികളും ബൈത്തുസ്സകാത്ത് കേരള നിർവഹിക്കുന്നുണ്ട്. ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി വൈസ്.ചെയർമാൻ കെ.പി അബൂബക്കർ നന്ദിയും പറഞ്ഞു.
ഫോട്ടോ: പെരിന്തല്‍മണ്ണയില്‍ ബൈത്തുസ്സകാത്ത് സംസ്ഥാന തല കാമ്പയിന് ബ്രോഷര്‍ പ്രകാശനം മഞ്ഞളാം കുഴി അലി എം.എല്‍.എ, ജമാഅത്തെ ഇസ് ലാമി അമീര്‍ എം.ഐ.അബ്ദുല്‍ അസീസ്, ബൈത്തുസ്സകാത്ത് ചെയര്മാന് വി.കെ അലി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
Comment here