Ameer UpdatesState News

മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ചരിത്രം വിസ്മരിക്കരുത് – എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: കേരളത്തിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ ചരിത്രത്തെ വിസ്മരിച്ച് ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രസ്താവന അത്യന്തം പരിഹാസ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രബലമായ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ രാഷ്ട്രീയമായും ആശയപരമായും നേരിടുന്നതിന് പകരം സമൂഹത്തിൽ വർഗീയത വിതച്ച് വിളവെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളോട് ജമാഅത്തെ ഇസ്‌ലാമിയെ ചേർത്തുവെച്ച് ദുരൂഹത ജനിപ്പിക്കുംവിധം വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഉണ്ടാകേണ്ടതല്ല. ജമാഅത്തെ ഇസ്‌ലാമി ഇതിനു മുമ്പും ഇന്ത്യയിലെ ബി.ജെ.പി ഒഴികെയുളള രാഷ്ട്രീയ കക്ഷികളുമായി തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചുപോന്ന സംഘടനയാണ്. നീതിയും സമാധാനവും പുലരുന്ന രാജ്യതാൽപര്യം മാത്രം മുന്നിൽകണ്ടുള്ള രാഷ്ട്രീയ പിന്തുണയായിരുന്നു അവയൊക്കെയും. കേരളത്തിലെ സി.പി.എമ്മടക്കമുള്ള ഇടതുപക്ഷം എത്രയോ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ ഈ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചവരും ശരിവെച്ചവരും അതിന്റെ ഗുണഫലങ്ങൾ അനുഭവിച്ചവരുമാണ്. എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുടെ തത്ത്വാധിഷ്ഠിതമായ രാഷ്ട്രീയപിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറല്ലെങ്കിൽ മുസ്‌ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കും അത് വകവെച്ചുകൊടുക്കാനുള്ള ജനാധിപത്യമര്യാദ അങ്ങ് കാട്ടണം. തങ്ങളുടെ കൂടെകൂടുമ്പോൾ മാത്രം ഒരു കൂട്ടർ വിശുദ്ധരും പുരോഗമനവാദികളും മറുപക്ഷത്താകുമ്പോൾ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണെന്നും അമീർ പറഞ്ഞു.