ചെറുകിട കച്ചവടക്കാർക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതി സമർപ്പിച്ചു

നിലമ്പൂർ: നാടിന്റെ ഐക്യബോധം കൊണ്ട് വിവേചനങ്ങളെ നേരിടാൻ സാധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ അബ്ദുൽ അസീസ്. 2019 അഗസ്റ്റിലുണ്ടായ പ്രളയത്തിൽ നഷ്ടം സംഭവിച്ച നിലമ്പൂർ മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് തങ്ങളുടെ കച്ചവട സ്ഥാപനങ്ങൾ പുനരുദ്ധരീകരിക്കുന്നതിന് പീപ്പിൾസ് ഫൗണ്ടേഷൻ തയ്യാറാക്കിയ പുനരധിവാസ പദ്ധതി വ്യാപാരികൾക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനത ഐക്യത്തോടെയാണ് പ്രളയ ദുരിതത്തെ അഭിമുഖീകരിച്ചത്. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി സഹായമെത്തിക്കുന്നതിൽ മുന്നിൽ ഉണ്ടായിരുന്നത് കച്ചവടക്കാരാണ്. ഏതൊരാവശ്യത്തിനും ജനങ്ങൾ ആദ്യം സമീപിക്കുന്നതും കച്ചവട മേഖലയിലുള്ളവരെയാണ്. അവർക്കൊരു പ്രയാസം നേരിട്ടപ്പോൾ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന ബോധ്യത്തിൽ നിന്നാണ് പീപ്പിൾസ് ഫൗണ്ടേഷൻ ഈ ഉദ്യമത്തിന് തയ്യാറെടുത്തതെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ രക്ഷാധികാരികൂടിയായ അമീർ വിശദീകരിച്ചു.

ഏകോതര സഹോദരൻമാരായി ജീവിക്കാൻ നമുക്ക് സാധിക്കണം, ഐക്യബോധ്യത്തെ തകർക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂർ, മമ്പാട്, എടവണ്ണ, ചുങ്കത്തറ, പോത്തുകല്ല് എന്നീ പ്രദേശങ്ങളിൽ നിന്ന് സർവേ നടത്തി കണ്ടെത്തിയ 245 ചെറുകിട കച്ചവടക്കാർക്കാണ് സഹായം നൽകിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി, ചെറുകിട വ്യവസായ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ പീപ്പിൾസ് ഫൗണ്ടേഷൻ സന്നദ്ധ പ്രവർത്തകർ നേരിട്ടാണ് സർവേ നടത്തിയത്. 90 ലക്ഷം രൂപയുടെ സഹായമാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കായി നൽകിയത്.

എല്ലാവരും അവഗണിച്ച കച്ചവടക്കാരുടെ ആവശ്യം പരിഗണിച്ച് മുന്നോട്ട് വന്ന പീപ്പിൾസ് ഫൗണ്ടേഷൻ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. ആസൂത്രിതമായും, ശാസ്ത്രീയമായും പ്രളയ പുനരധിവാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രളയകാലത്ത് ജാതി-മത ഭേദമന്യേ രക്ഷാപ്രവർത്തനങ്ങളും, പുനരധിവാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിൽ പീപ്പിൾസ് ഫൗണ്ടേഷൻ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചതായി പ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ച പി.വി അൻവർ എം.എൽ.എ പറഞ്ഞു. ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പുതിയ പദ്ധതിയായ പീപ്പിൾസ് ഇൻഫോ സേവനങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൻ പത്മിനി ഗോപിനാഥ്‌, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതൻ, വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവ ഹാജി, മലപ്പുറം ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി അൻവർ, ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഹംസ ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ യൂണിറ്റ് പ്രസിഡന്റ് വിനോദ് പി. മേനോൻ, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞു മുഹമ്മദ്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അബൂബക്കർ കരുളായി എന്നിവർ ആശംകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി അസി.അമീർ പി.മുജീബ് റഹ്മാൻ സമാപന പ്രഭാഷണം നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ് സ്വാഗതവും, ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ മിയാൻദാദ് നന്ദിയും പറഞ്ഞു