State News

ജീവിതത്തിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുമ്പോൾ മാത്രമെ ആരാധനകൾ സ്വീകാര്യമാകുകയുള്ളൂ : ടി. ആരിഫലി

 

ആരാധനകൾ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകുമ്പോൾ മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ എന്ന് ടി ആരിഫലി. ശ്രീലങ്കയിൽ നടന്നത് മാനവികതക്കെതിരായ ആക്രമണമാണെന്നും ഒരു മതത്തിൻറെ പേരിലും നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ് ലാമി ഡൽഹി മലയാളി ഹൽഖ ലോധി റോഡ് കോംപ്ലക്‌സിലെ ഗൃഹ കല്യാണ് കേന്ദ്രയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇഫ്താർ സംഗമം ഡൽഹി മലയാളി സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സൗഹൃദസംഗമ വേദികൂടിയായി.

ഡൽഹി മലയാളി ഹൽഖ പ്രസിഡൻറ് ഡോ: വി.എം. ഹബീബുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് ജോയിൻറ് സെക്രട്ടറി ശ്യാം കുമാർ ആശംസകൾ നേർന്നു. ശാഹിദ് റഹ്മാൻ ഐ.ഐ.എസ്, ഹ്യുമൻ വെൽഫെയർ ഫൗണ്ടേഷൻ സി.ഇ.ഒ പി.കെ. നൗഫൽ, വിമൻസ് മാനിഫെസ്റ്റോ ചെയർപേഴ്‌സൺ ഡോ: ഷർനാസ് മുത്തു തുടങ്ങി ഡൽഹി മലയാളി സമൂഹത്തിൻറെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരും വിവിധ സർവകലാശാലാ വിദ്യാർഥികളുമടക്കം അറുനൂറിലധികം പേരാണ് ഇഫ്താറിൽ ഒത്തുചേർന്നത്.ഡൽഹി മലയാളി ഹൽഖ ജനറൽ സെക്രട്ടറി ജസീൽ അബ്ദുൽ വാഹിദ് സ്വാഗതവും പരിപാടിയുടെ കൺവീനർ മുസമ്മിൽ ഗഫൂർ നന്ദിയും പറഞ്ഞു.

Comment here