Ameer Updates

സാമ്പത്തിക സംവരണം സാമൂഹിക നീതിയെ അട്ടിമറിക്കുന്നത്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽക്കുന്ന ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. ഭരണഘടന ഭേദഗതിയടക്കം ആവശ്യമുള്ള നടപടിയായതിനാൽ പെട്ടെന്നു തന്നെ സാമ്പത്തിക സംവരണം നടപ്പാവില്ലെന്ന കാര്യം ഉറപ്പാണ്. അത് കൊണ്ട് തന്നെ മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല. സാമ്പത്തിക സംവരണത്തിലേക്ക് ചുവട് വെക്കുന്ന സ്വഭാവത്തിലുള്ള നീക്കങ്ങൾ നടത്തി മുന്നാക്ക സമുദായങ്ങളോട് അടുക്കാനും അവരുടെ വോട്ടുറപ്പിക്കാനുമുള്ള ശ്രമമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ നടത്തുന്നത്.എന്നാൽ, രാജ്യത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന സംവരണ കാഴ്ചപ്പാട് അട്ടിമറിക്കപ്പെടുന്നുണ്ട്. വിഭാവന ചെയ്യപ്പെടുന്ന മുന്നാക്ക സംവരണത്തിൽ നിലവിൽ പിന്നാക്ക വിഭാഗക്കാർക്ക് ലഭിക്കുന്ന സംവരണ വിഹിതത്തിൽ കുറവ് സംഭവിക്കില്ലെങ്കിലും എതിർക്കപ്പെടാനുള്ള കാരണമിതാണ്. ഭാവിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം സമ്പൂർണമായും നിഷേധിക്കപ്പെടാനും ഇത് കാരണമായേക്കും. 80 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് 50 സംവരണവും 20 ശതമാനത്തിൽ താഴെ വരുന്ന മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണമെന്നത് തികഞ്ഞ അനീതിയാണ്.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ രാജ്യത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള നടപടിയാണ് സംവരണം. സാമ്പത്തികമായി വ്യക്തിയോ സമുദായത്തേയോ ഉയർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയല്ല ഭരണഘടനാ സങ്കൽപത്തിലെ സംവരണം. എന്നാൽ സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ഭരണഘടന നിലവിൽ വന്നതുമുതൽ ശ്രമങ്ങളുണ്ടായിട്ടുണ്ട്.

രാജ്യത്ത് നൂറ്റാണ്ടുകളായി അധീശത്വം വാണ സാമൂഹിക വിഭാഗങ്ങളുടെ സംവരണ വിരുദ്ധ മനോഭാവത്തെ വോട്ട് രാഷ്ട്രീയത്തിനുപയോഗിക്കുകയായിരുന്നു രാഷ്ട്രീയ സംഘടനകൾ. 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ നേരിടാൻ ഏറെക്കുറെ ആസൂത്രിതമായി ചുവടു വെക്കുകയായിരുന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പോലും ഈ ബില്ലിനെ സ്വാഗതം ചെയ്യാനുള്ള കാരണവും ഈ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മും കേന്ദ്ര സർക്കാർ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുന്നു. മുമ്പേ സാമ്പത്തിക സംവരണത്തിന് വേണ്ടി യുക്തിരഹിതമായി വാദിക്കുന്നവരാണ് സി.പി.എം. മതാചാചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ താൽപര്യമുണ്ടാകേണ്ടതില്ലാത്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അത്തരം കാര്യങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവകാശം നേടിക്കൊടുക്കാനായി തുറന്ന പോർക്കളത്തിലെ ശീൽക്കാരങ്ങളാണ് കുറേ ആഴ്ചകളായി കേരളം കേട്ടുകൊണ്ടിരിക്കുന്നത്. അവർക്കും പക്ഷെ, രാജ്യത്തിന്റെ ഉദ്യോഗസ്ഥ, വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾ എത്തിപ്പെടുന്നതിനോടും മുഖ്യധാരയുടെ ഭാഗമാകുന്നതിനോടും അത്രമേൽ താൽപര്യമില്ലെന്നേ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നതിലൂടെ മനസ്സിലാക്കാനാവൂ.

Comment here