State NewsUncategorized

മത നിരപേക്ഷ ജനാധിപത്യ സംരക്ഷത്തിന് വോട്ട് – എഫ്.ഡി.സി.എ

ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യത്തിന്റെ നിലനില്‍പും ഭാവിയും നിര്‍ണിയിക്കാന്‍ പോവുന്ന അതിപ്രധാനമായ പൊതു തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ രണ്ടേമുക്കാല്‍ കോടി സമ്മതിദായകര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോവുമ്പോള്‍ അവരുടെ മനസ്സിലുണ്ടായിരിക്കേണ്ട മൗലികവിഷയവും അതുതന്നെ.
ജാതിമത സങ്കുചിത വിഭാഗീയ വര്‍ഗീയ പരിഗണനകള്‍ക്കതീതമായി മുഴുവന്‍ പൗരന്‍മാര്‍ക്കും തുല്യാവകാശമുള്ള ഒരു സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ അത്തരമൊരു  കാഴ്ചപ്പാടെങ്കിലുമുള്ള ശക്തികള്‍ അധികാരത്തിലേറണം. മാനവികതയോട് യുദ്ധം പ്രഖ്യാപിച്ചവരും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഇന്ത്യയെ ശിഥിലീകരിക്കുകയാണ് അധികാരമുറപ്പിക്കാനുള്ള കുറുക്കുവഴിയെന്ന് തീരുമാനിച്ചവരും കോര്‍പ്പറേറ്റ് ഭീമന്‍മാരുടെയും കള്ളപ്പണക്കാരുടെയും പൂര്‍ണ സഹകരണത്തോടെ അധികാരം നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ്. അവരുടെലക്ഷ്യം പരാജയപ്പെടുത്തേണ്ടത് ദേശസ്‌നേഹികളുടെ പ്രാഥമിക ചുമതലയായിത്തീരുന്നുണ്ട്. ഹിംസയും ബലപ്രയോഗവും യുദ്ധക്കൊതിയും ദേശഭക്തിയുടെ പേരില്‍ ന്യായീകരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.  വിശ്വാസം അപകടത്തില്‍ എന്ന ആപല്‍ക്കരമായ മുദ്രാവാക്യം സംസ്ഥാനത്ത് മുഴങ്ങുകയാണ്: അതും പരമോന്നത കോടതിയുടെ സുചിന്തിത വിധിയെ മറികടക്കാന്‍.
ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീപുരുഷ സമാവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന വൈകാരിക പ്രചാരണങ്ങളാണ് മുറുകുന്നത്. ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തില്‍ നേരിട്ട ദയനീയമായ പരാജയം മറക്കാനും മൂടാനുമുള്ള ശ്രമത്തില്‍ കേരളം നാളിത് വരെ സംരക്ഷിച്ചു വന്ന നവോത്ഥാന മുല്യങ്ങളെ ചവിട്ടിമെതിക്കുകയാണ് പ്രിതലോമ ശക്തികള്‍. ഇത് സര്‍വനാശത്തിലേക്കാണ് നയിക്കുക എന്ന് തിരിച്ചറിഞ്ഞ് അത്തരം ശക്തികളെ തറപ്പറ്റിക്കാനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയെ പോറലേല്‍പിക്കാതെ പരിരക്ഷിക്കാനും എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും ഇരുട്ടിന്റെ ശക്തികള്‍ പാര്‍ലമെന്റില്‍ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ സമ്മതിദാനാവകാശം കരുതലോടെ വിനിയോഗിക്കണമെന്നും ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. സുകുമാരന്‍ അഭ്യര്‍ഥിച്ചു