Feeder OrganisationTrivandrum

ശാസ്ത്ര സാങ്കേതിക വിദ്യകളെ ഗുണപരമായി പ്രയോജനപ്പെടുത്തുക – പ്രൊഫ. എം.കെ.അബ്ദുൽ മജീദ്

ശാസ്ത്ര സാങ്കേതിക വിദ്യകളെ ഗുണപരമായി പ്രയോജനപ്പെടുത്തുകയും മാനവരാശിക്ക് ദോഷമുണ്ടാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് ശാസ്ത്രസാങ്കേതിക വിദ്യ മുക്തമാവാണ്ടതുണ്ടെന്നും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും മുൻ ഡയറക്ടറുമായ പ്രൊഫ. അബ്ദുൽ മജീദ്. മലർവാടി- ടീൻ ഇന്ത്യ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ‘ഉസ്തുർലാബ് 2019’ ദ്വിദിന ആസ്‌ട്രോണമി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യമുണ്ടെങ്കിൽ ആർക്കും ശാസ്ത്രമേഖലയിലെ ഉന്നതിയിൽ എത്തിച്ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ ഗോളശാസ്ത്ര ഗവേഷകനും ശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ മുഖ്യാഥിതിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സോണൽ സെക്രട്ടറി എം. മഹ്ബൂബ് അധ്യക്ഷത വഹിച്ചു.

ലോകം ഇരുണ്ടയുഗമെന്ന് വിശേഷിപ്പിക്കുന്ന മധ്യകാലഘട്ടത്തിലെ ജ്യോതിശാസ്ത്ര സംഭാവനകൾ,ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ, ഭൗമേതര ജീവശാസ്ത്രം, നമ്മുടെ പ്രപഞ്ചം, വാന നിരീക്ഷണം, ചന്ദ്രനിരീക്ഷണം, ദൂരദർശിനികൾ തുടങ്ങിയ വിഷയങ്ങളിൽ നൗഷർ കോയ തങ്ങൾ, ഇല്യാസ് പെരിമ്പലം, സുഹൈറലി തിരുവിഴാംകുന്ന്, സുമേഷ് തിരുവനന്തപുരം എന്നിവർ ക്ലാസെടുത്തു.ക്യാമ്പ് കൺവീനർ സുഹൈറലി സ്വാഗതവും മലർവാടി സംസ്ഥാന സമിതിയംഗം മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.തിരുവനന്തപുരം കൾച്ചറൽ സെന്റർ മാനേജർ താജുദ്ദീൻ ആശംസകൾ അർപ്പിച്ചു.നൗഷാദ് ആലവി, സുലൈമാൻ മങ്കട, ഷാനവാസ് ആരാമം, അമീൻ, റംല ഷാനവാസ് എന്നിവർ നേതൃത്വം നൽകി.

Comment here