ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെതായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിനെ കുറിച്ച് വിശദീകരണം

ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനിയുടെതായി അടുത്തിടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വിശദീകരണം താഴെ നൽകുന്നു:

“ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സഅദത്തുള്ള ഹുസൈനി സംസാരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് യഥാർത്ഥത്തിൽ ഒരു റിപ്പോർട്ടർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം, അസ്ഥിരത, അതിക്രമം എന്നിവ നേരിടുന്ന മുസ്ലിംകളുടെ അവസ്ഥയെ പരാമർശിച്ച്, ഇന്ത്യയിലെ മുസ്ലിംകളുടെ സാഹചര്യവുമായി താരതമ്യം ചെയ്യുന്ന രീതിയിലായിരുന്നു ആ ചോദ്യം. അതിന് മറുപടിയായി അമീർ, ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഉറപ്പുനൽകുന്ന സമാധാനം, സുരക്ഷ, അവസരങ്ങൾ എന്നിവക്ക് ദൈവത്തോട് നന്ദിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ ഈ മറുപടിയിലെ ഒരു ഭാഗം മാത്രം ഉൾപ്പെടുത്തിയിരിക്കുകയാണ്; അതിന്റെ നിർണായകമായ പശ്ചാത്തലവും അദ്ദേഹം വ്യക്തമാക്കിയ സമ്പൂർണ നിലപാടും അതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി വ്യക്തമായി ചൂണ്ടിക്കാട്ടിയത്, ഈ ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങൾ ഒരു പരിധിവരെ സമാധാനവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തിനകത്ത് ഫാസിസ്റ്റ് ശക്തികൾ ഈ മൂല്യങ്ങളെ തകർക്കാനും സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം തകർക്കാനും ശ്രമിക്കുന്നുണ്ടെന്നാണ്. മറുപടിയിലെ ചെറിയൊരു ഭാഗം മാത്രം തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിലൂടെ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ രാജ്യത്തെ നിലവിലെ സാഹചര്യത്തെ പൂർണ്ണമായും അംഗീകരിച്ചുവെന്ന തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുവാൻ ബോധപൂർവമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും രാജ്യത്തെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കുന്നതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. അതേ സമയം, വർഗീയ -ഫാസിസ്റ്റ് ശക്തികൾ സമൂഹത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കാനും സാമൂഹിക സൗഹാർദ്ദം ദുർബലപ്പെടുത്താനും, മുസ്ലിംകൾ ഉൾപ്പെടെയുള്ള സമൂഹത്തിലെ ചില വിഭാഗങ്ങളെ അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ പ്രസ്ഥാനം നിരന്തരം പ്രശ്നവൽക്കരിച്ചിട്ടുണ്ട്.

അപൂർണ്ണമായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കി കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മാധ്യമങ്ങളോടും വ്യക്തികളോടും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും നീതി നിലനിർത്താനും സമാധാനം, സഹവർതിത്വം, ഭരണഘടനാനുസൃതമായ ഭരണസംവിധാനം എന്നീ പാരമ്പര്യങ്ങൾ നിലനിർത്താനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണമെന്നും പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.