സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും

സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും. വഖഫ് ഭേദഗതി നിയമത്തിനെതിരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം രാത്രിയേറെ വൈകി സമീപിക്കുമ്പോൾ അവിടെ സമ്മേളിച്ച പതിനായിരങ്ങൾ നിസംശയം നൽകിയ സന്ദേശമുണ്ട് – ഇന്ത്യ മുഴുവൻ സംഘ്പരിവാരത്തിനെതിരായ പ്രതിഷേധ ചത്വരത്തിൻ്റെ രൂപമാർജിക്കുക തന്നെ ചെയ്യും. വൈകീട്ട് നാല് മണിയോടെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൻ്റെ ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ഉദ്ഘാടന പ്രഭാഷണമാരംഭിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഒത്തുചേർന്ന് വേദിയുടെ നിർണയിച്ച അതിരുകളെ ഭേദിച്ചു കഴിഞ്ഞിരുന്നു. ഉറുദുഭാഷയുടെ സൗന്ദര്യത്തെ കൂട്ടുപിടിച്ച പ്രോജ്വലവും ഉൾക്കാഴ്ചയുള്ളതുമായ ആ വാക്ധോരണി രാജ്യത്തെ അധസ്ഥിത വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. ഒപ്പം സംഘപരിവാറിൻ്റെ മുന്നോട്ടുള്ള പ്രയാണം അത്ര സുഗമമല്ല എന്ന താക്കീതും. പിറകെ, മുഹിബുല്ലാഹ് നദ്‌വി എം പിയും തേൽ തിരുമാവളവൻ എം പിയും അതേ തരംഗദൈർഘ്യത്തിൽ തന്നെ ഇന്ത്യൻ ജനതയുടെ വിചാരങ്ങളെയും വികാരങ്ങളെയും അഭിമുഖീകരിക്കുന്നു. ഒരു പരിപാടിയിലെ പ്രഭാഷണങ്ങളെ കുറിച്ച വർണനകളല്ല ഇത്. സമഗ്രാധിപത്യത്തിനെതിരെ രാജ്യത്ത് കരുത്താർജിക്കുന്ന കൂട്ടായ്മയുടെ ബലത്തെയും പ്രവാഹവേഗത്തെയും കുറിച്ചാണ്. വഖഫ് ഭേദഗതി നിയമം ഒരു മുസ്ലിം പ്രശ്നം മാത്രമല്ല, അത് ഇന്ത്യ എന്ന രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്, ഈ രാജ്യവും ഞങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ അഭിമാനത്തിനേൽക്കുന്ന പരിക്കാണ് എന്ന തീർപ്പിൽ തന്നെയാണ് പ്രതിഷേധ ചത്വരത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തിയത്. ആരും തിരക്കു കുറഞ്ഞവരോ വെറുതെയിരിക്കുന്നവരോ ആയിരുന്നില്ല. കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിൽ ഈ രാജ്യത്തിനും ജനതയ്ക്കും വേണ്ടി വെയിലു കൊള്ളുന്നവരും മഴ നനയുന്നവരും. ഒരഞ്ചു മിനിറ്റ് പ്രഭാഷണമല്ല, വഖഫ് ഭേദഗതി നിയമത്തിനെതിരായ തീക്ഷ്ണതയും സർഗാത്മകവുമായ ഒരു സമരത്തിൻ്റെ സാന്നിധ്യമാകുവാനാണവർ കൊതിച്ചത്. എം.എം.ഹസൻ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഫാ.പോൾ തേലക്കാട്, പ്രൊഫ. അരവിന്ദാക്ഷൻ, ഷമീർ മദീനി, വി.എച്ച്.അലിയാർ ഖാസിമി, എം.ഐ.അബ്ദുൾ അസീസ്, അഡ്വ.മുഹമ്മദ് ഷാ, ഡോ.ജിൻ്റോ ജോൺ, പി.ജെ.ജെയിംസ്, പ്രേം ബാബു, പി.ടി.പി.സാജിത, അംബിക, ഡോ.ഏ.കെ.വാസു, തൗഫീഖ് മമ്പാട്, അഡ്വ.ഷിബു മീരാൻ, ബാബുരാജ് ഭഗവതി, അഡ്വ.അബ്ദുൽ വാഹിദ്, അഡ്വ.വി.ആർ.അനൂപ്, എൻ.കെ.അലി, ജ്യോതിവാസ് പറവൂർ, അഡ്വ.അബൂബക്കർ, ടി.കെ ഫാറൂഖ്, ഷിഹാബ് പൂക്കോട്ടുർ… ഏവർക്കും അഭിവാദ്യങ്ങൾ അവിടെ കൂടിയജനാവലിയോ? അതറിയണമെങ്കിൽ അവേശമണയാതെ അവസാനം വരെയുള്ള ഇടറാത്ത നിറുത്തം കാണണം. ആ കാഴ്ച പറഞ്ഞു വെക്കുന്ന കാര്യമുണ്ട്. ഞങ്ങൾ പിറകോട്ടില്ലെന്ന്, മൂന്നോട്ട് മാത്രം. വന്നുചേർന്നിട്ട് മണിക്കൂറുകളായി. മനസും മെയ്യും മുഷിയാം. അതുണ്ടായില്ല. മഴ തിമിർത്തു പെയ്തു. അവർക്ക് തണുപ്പില്ല. ജനറേറ്ററുകൾ മിടിപ്പ് നിർത്തിയെങ്കിലും അവരുടെ മാറിടങ്ങൾ സ്പന്ദിച്ചു കൊണ്ടേയിരുന്നു. വെളിച്ചമണഞ്ഞെങ്കിലും അവരുടെ ഹൃദയത്തിന് തിളക്കമേറി വന്നു. നിങ്ങൾക്കും അഭിവാദ്യങ്ങൾ.

സംഘ്പരിവാറിൻ്റെ മുസ്‌ലിം വംശഹത്യാ പദ്ധതിക്കെതിരെ അണിചേരുക

വഖഫ് ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം ഈ മാസം 23 ന് എറണാകുളം കലൂർ മൈതാനിയിൽ പ്രതിഷേധ ചത്വരം തീർക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്ക്ൾ-26 ഉൾപ്പടെ മതസ്വാതന്ത്ര്യം നിരാകരിക്കുന്ന വിവേചനപരവും ഭരണഘടനാവിരുദ്ധവുമായ സർക്കാർ നീക്കത്തെ പരാജയപ്പെടുത്തേണ്ടത് പൗരാവകാശങ്ങൾക്കുമൊപ്പം നിൽക്കുന്ന മുഴുവൻ പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. പാർലമെൻ്റിന്റെ ഇരുസഭകളിലും കോൺഗ്രസ്സും സി.പി.എമ്മും ഉൾപ്പടെ മുഴുവൻ പ്രതിപക്ഷ കക്ഷികളും അഭിനന്ദനാർഹമായ വിധത്തിൽ ഉത്തരവാദിത്വത്തോടെ ഈ ധർമം നിർവഹിച്ചു. സഭക്ക് പുറത്ത് ദേശീയതലത്തിൽ ഈ പൗരാവകാശപ്പോരാട്ടം ശക്തിപ്പെടുത്താൻ മുസ്‌ലിം പെഴ്സണൽ ലോ ബോർഡും ഇന്ത്യ അലയൻസും നേതൃത്വം നൽകണം. മുസ്‌ലിം സമുദായം സംഘടനാ-കക്ഷി ഭേദമന്യേ ഇതിൽ കണ്ണി ചേരണം. മുസ്‌ലിം സമുദായത്തിന് വഖഫ് വിശ്വാസവും അനുഷ്ടാനവുമാണ്. പുറമേ, മതപരമായ സ്വത്ത് കൈകാര്യം ചെയ്യാൻ ഇതര മതസ്ഥർക്കുള്ളത് പോലുള്ള അവകാശവുമാണ്. തുടർച്ചയായ ഈ നീതി നിഷേധത്തിനെതിരിൽ സി.എ.എ സമരം കണക്കെ യോജിച്ച് നിൽക്കുകയെന്നത് കാലത്തിന്റെയും വിഷയത്തിന്റെയും താൽപര്യമാണ്. ഈ സമരം സംഘടനാപരമായല്ല, സാമുദായികമായിട്ടല്ല, മറിച്ച്, രാജ്യത്തെ വലിയ സാമൂഹ്യ മുന്നേറ്റം ലക്ഷ്യം വെച്ചുള്ളതായിരിക്കണം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ ഇതിനകം കോഴിക്കോട് ശക്തമായ പ്രതിഷേധറാലി നടന്നു കഴിഞ്ഞു. വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്ന് വരുന്നു. ഏപ്രിൽ 26 കോഴിക്കോട് ടൗൺ ഹാളിൽ പേഴ്സണൽ ബോർഡിന്റെ നേതൃത്വത്തിൽ മുഴുവൻ മുസ്‌ലിം സംഘടനകളും ഒരുമിച്ചണിനിരക്കുകയാണ്. രാജ്യത്തിന് തന്നെ മാതൃകയാകും വിധം മുഴുവൻ കേരളീയരും മത-ജാതി-രാഷ്ട്രീയ പരിഗണനക്കതീതമായി ഒരുമിച്ച് നിൽക്കുന്ന കരുത്തുറ്റ പ്രതിഷേധ സ്വരങ്ങളുയരട്ടെ. അത്തരമൊരു സാമൂഹ്യമുന്നേറ്റത്തിന് ദിശാബോധം പകരുന്ന ശ്രദ്ധേയമായ ചുവട് വെപ്പാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധചത്വരം. കേരളത്തിലെ മതപണ്ഡിതൻമാർ, മത-സമുദായ-രാഷ്ട്രീയ -സാമൂഹ്യ- സാംസ്കാരിക നേതാക്കൾ തുടങ്ങി പ്രഗൽഭർ പങ്കെടുക്കുന്ന പ്രതിഷേധ ചത്വരം രാജ്യത്തിൻ്റെ സാമൂഹ്യ സാംസ്കാരിക വൈവിധ്യങ്ങളാൽ സമ്പന്നമായിരിക്കും. ഇന്ത്യയുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്ന ഈ മഹാസമ്മേളനത്തിലേക്ക് ഏവർക്കും ഹൃദയപൂർവം സ്വാഗതം.

വിട പോപ് ഫ്രാൻസിസ്

ഫ്രാൻസിസ് മാർപാപ്പ വിട പറഞ്ഞിരിക്കുന്നു. മാനവികവും നീതിയുക്തവുമായ ജീവിതം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കാനും അതിൽ വിട്ടുവീഴ്ചയില്ലാതെ, നീതിയുടെ പക്ഷത്തുനിന്ന് സംസാരിക്കാനും ആ മനുഷ്യസ്നേഹിക്ക് കഴിഞ്ഞു. ലോകം അഭിമുഖീകരിച്ച വ്യത്യസ്ത വിഷയങ്ങളിൽ പീഡിതസമൂഹത്തിൻ്റെ വിളികൾക്ക് കാതുകൊടുത്ത് തൻ്റെ നിലപാട് ജീവിതം മാർപാപ്പ നിരന്തരം തെളിയിച്ചു. സാമ്രാജ്യത്വവും സയണിസവും ചേർന്ന് ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുന്ന ഫലസ്തീന് ജനതക്കു വേണ്ടിയായിരുന്നു അവസാനമായി അദ്ദേഹം നടത്തിയ പ്രസ്താവന എന്നത് ആ മഹത് ജീവിതത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നു. ബന്ധരാഹിത്യത്തിൻ്റെ കെട്ട ലോകത്ത് ബന്ധദാർഢ്യത്തിൻ്റെ സ്നേഹസന്ദേശം പകർന്ന മാർപാപ്പക്ക് ആദരവോടെ വിട

ഭരണഘടനാമൂല്യങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിയരച്ച് വംശീയഭ്രാന്ത് ഉറഞ്ഞുതുള്ളുമ്പോഴും രാജ്യം മൊത്തം പുലർത്തുന്ന മൗനം എത്ര ഭീകരം

യു പിയിലെ 70 മുസ്‌ലിം പള്ളികൾ ഹോളി ആഘോഷത്തിന് മുമ്പായി ടാർപ്പോളിൻ ഷീറ്റ് കൊണ്ട് കവർ ചെയ്തിരിക്കുന്നു. ഹോളി പ്രമാണിച്ച് വിശുദ്ധ റമദാനിലെ ഈ വെള്ളിയാഴ്ച മുസ്‌ലിംകൾ ജുമുഅക്ക് പോകരുതെന്നും വീട്ടിൽ നിന്നും നമസ്കരിച്ചാൽ മതിയെന്നും തിട്ടൂരമിറക്കിയിരിക്കുന്നത് സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗ്യ ആദിഥ്യനാഥാണ്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ തറാവീഹ് കഴിഞ്ഞ് വരുന്ന യുവാക്കളെ കത്തിമുനയിൽ നിർത്തി ജയ് ശ്രീറാം വിളിപ്പിച്ചത് നാം കണ്ടു. രാജസ്ഥാനിൽ അമ്മയ്ക്കരികിൽ ചേർന്നുറങ്ങിയ നവജാത ശിശുവാണ് അർദ്ധരാത്രിയിൽ വീട്ടിൽ റെയ്ഡിനെത്തിയ പോലീസുകാരന്റെ ബൂട്ടിനടിയിൽ കിടന്ന് പിടഞ്ഞ് മരിച്ചത്. എവിടേക്കാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക്? ഭരണഘടനാമൂല്യങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടിയരച്ച് വംശീയഭ്രാന്ത് ഉറഞ്ഞുതുള്ളുമ്പോഴും രാജ്യം മൊത്തം പുലർത്തുന്ന മൗനം എത്ര ഭീകരം

ഇനിയുമൊരു ഷഹബാസ് ആവർത്തിക്കരുത്. കലാലയങ്ങൾ കുരുതിക്കളങ്ങളാകരുത്

“…ഇന്നെന്‍റെ മോൻ SSLC പരീക്ഷ എഴുതേണ്ടവനായിരുന്നു…” വിതുമ്പലോടെയാണ് ഷഹ്ബാസിന്റെ ഉപ്പ അത് പറഞ്ഞത്. ഹാൾ ടിക്കറ്റ് കിട്ടിയപ്പോൾ അവൻ ഉമ്മയോട് പറഞ്ഞു, നല്ല മാർക്കോടെ പാസ്സാകാൻ ഉമ്മ പ്രാർത്ഥിക്കണം. അവൾക്കീ പരീക്ഷാദിനം ഒട്ടും സഹിക്കാനാവുന്നില്ല. ഇനി ഒരു കുട്ടിക്കും ഒരിക്കലും ഈ ഗതി വരാതിരിക്കട്ടെ۔ ഒരുപ്പക്കും ഉമ്മക്കും ഇത് പോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നതാണവരുടെ പ്രാർത്ഥന. മക്കളുടെ നൻമയോർത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പിതാവ്, പണിതീരാത്ത വീടും, പറക്ക മുറ്റാത്ത കൊച്ചുമക്കളുമായി പ്രതീക്ഷയായ മകന്‍റെ വേർപാട് താങ്ങാനാവാതെ ആ കുടുംബത്തോടെപ്പം തേങ്ങുകയാണ്. ഇനിയുമൊരു ഷഹബാസ് ആവർത്തിക്കരുത്. കലാലയങ്ങൾ കുരുതിക്കളങ്ങളാകരുത്. സിനിമയെയും ലഹരിയെയും മാത്രം കുറ്റപ്പെടുത്തി കൈ കഴുകി രക്ഷപ്പെടാൻ നമുക്കാവില്ല. കേരളത്തിന്‍റെ നിലവിലെ സാമൂഹ്യാവസ്ഥക്കും ഇതിൽ പങ്കുണ്ട്. പരിധികളില്ലാത്ത സ്വാതന്ത്ര്യവും കേവല കരിയറിസ്റ്റിക് സ്വപ്നങ്ങളും മാത്രം കുട്ടികൾക്ക് മേൽ കെട്ടിവെക്കുന്ന Parenting, കൗമാരപ്രായക്കാരുടെ mentoring ൽ അധ്യാപക ധർമ്മത്തെ റദ്ദ് ചെയ്യുന്ന child നിയമങ്ങൾ, ഹിംസയും ലഹരിയും പ്രോൽസാഹിപ്പിക്കുന്ന ജനകീയ കലാരൂപമായ സിനിമ, കയ്യും വെട്ടും കാലും വെട്ടും ,വേണ്ടി വന്നാൽ തലയും വെട്ടും,തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന, violence വളർത്തുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ തണലിൽ തഴച്ച് വളരുന്ന ലഹരി മാഫിയ, ഇവയെല്ലാം ചേർന്നൊരുക്കിയ ഹിംസാത്മകമായ ഉൻമാദാവസ്ഥയാണ് കൗമാരപ്രായക്കാരുടെ ജീവിതം കുരുതിക്കളമാക്കുന്നത്. സംഘടനാ സങ്കുചിത മാൽസര്യവും പൊതുരംഗത്തെന്തുമാവാമെന്ന സമീപനം അവസാനിപ്പിച്ച് മതസംഘടനകൾ സമൂഹത്തിന്‍റെ ധാർമ്മികവൽക്കരണത്തിൽ ബദ്ധശ്രദ്ധരാകേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയ സാംസകാരിക ഭരണനേതൃത്വം ആത്മ പരിശോധനാ സ്വഭാവത്തിൽ ആത്മാർത്ഥമായ വിശകലനത്തിനും ധീരമായ ഇടപെടലുകൾക്കും സന്നദ്ധമായാൽ മാത്രമേ ഈ ദുരന്തത്തിന് അറുതിയുണ്ടാകൂ.

12 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 125 ഭൂരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കിയ ഒറ്റയാൾ പോരാട്ടം.

12 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 125 ഭൂരഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമാക്കിയ ഒറ്റയാൾ പോരാട്ടം. ജീവിതയാത്രയിലെ വേറിട്ട ഒരനുഭവമായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ തളിപ്പറമ്പിൽ നടന്ന 125 കുടുംബങ്ങൾക്കുള്ള ഭൂമിക്കൈമാറ്റം. വീടും കുടുംബവും സ്വപ്നം കാണാൻ പോലും കഴിയാത്ത 125 കുടുംബങ്ങളുടെ കണ്ണുകളിൽ ആ പകലിൽ കണ്ട പ്രതീക്ഷയുടെയും സന്തോഷത്തിൻറെയും തിളക്കമായിരുന്നു, പരിപാടിയുടെ വലിയ മഹത്വം. ഇതിന് പിന്നിൽ പ്രവർത്തിച്ചതാകട്ടെ, സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ വിശ്രമം മറന്ന കഠിനാദ്ധ്വാനം . സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയാണ് ശ്രീകണ്ഠാപുരം സ്വദേശിയായ അബ്ദുൽ റഷീദിനെ വേറിട്ട ഈ സാമൂഹ്യസേവന പദ്ധതിയിലെത്തിച്ചത്. പഞ്ചായത്തിൽ പാവപ്പെട്ടവർക്കായി അനുവദിക്കപ്പെട്ട ലൈഫ്മിഷൻ ഭവനപദ്ധതികൾ പലതും ഭൂമിയുടെ ലഭ്യതക്കുറവ് കാരണം നഷ്ടപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ്, റഷീദ് ഉദാരമതികളെയും തേടിയിറങ്ങിയത്. ഭവനരഹിതരായ മനുഷ്യർ വീട് അനുവദിക്കപ്പെട്ടിട്ടും ഭൂരഹിതരായതിനാൽ അത് പൂർത്തീകരിക്കാനാവാത്ത വിഷമാവസ്ഥയെ മറികടക്കണമെന്ന് റഷീദ് തീരുമാനിച്ചിറങ്ങി. ചെറുതും വലുതുമായ ഭൂവുടമകളെ കണ്ടു. അഞ്ചും പത്തും സെൻ്റ് വീതം ഭൂമി ആവശ്യപ്പെട്ടു. അടിസ്ഥാനാവശ്യങ്ങൾക്കായി നൽകുന്ന സ്ഥായിയായ ദാനം എന്നത്തേക്കും നിലനിൽക്കുന്ന വലിയ പുണ്യകർമ്മമാണെന്നദ്ദേഹം അവരെ ബോധ്യപ്പെടുത്തി. അവർ ഈ പദ്ധതിയിൽ റഷീദിനൊപ്പം കൈകോർത്തു. ഉദാരമതികളുടെ നിർലോഭമായ പിന്തുണ റഷീദിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. തുടർന്ന് അടുത്ത പഞ്ചായത്തുകളിലെ സമാനമായ കേസുകൾ ഓരോന്നായി റഷീദിനെത്തേടിയെത്തിത്തുടങ്ങി. അങ്ങിനെ ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക് ഒരു പഞ്ചായത്തിൽ നിന്ന് മറ്റനേകം പഞ്ചായത്തുകളിലേക്ക് എന്ന നിലയിൽ പത്ത് പഞ്ചായത്തുകളിൽ റഷീദെത്തി. 125 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം നിറവേറ്റാൻ ഇത് വഴിയൊരുക്കി. ഏതാണ്ട് 17 ഉദാരമതികളായ വലിയ മനുഷ്യരാണ് ഈ പദ്ധതിയിൽ റഷീദിന് പിന്തുണയും സഹായവും നൽകിയത്. സഹജീവികളോടുള്ള സഹതാപത്തിനപ്പുറം അവരെ ചേർത്തു നിർത്താനും കൂടെ നടത്താനും നാം തീരുമാനിച്ചാൽ നാഥൻ നമുക്ക് മുമ്പിൽ ധാരാളം പുതുവഴികൾ തുറക്കും. മനസ്സ് വെച്ചാൽ നമ്മുടെ ജീവിതം നമ്മുടേത് മാത്രമാകില്ല. നമ്മെപ്പോലുള്ള നിരവധി മനുഷ്യർക്കു കൂടിയുള്ള ജീവിതമായി മാറും. പീപ്പിൾസ് ഫൗണ്ടേഷൻ തളിപ്പറമ്പ് ഏരിയാ കോർഡിനേറ്ററായ റഷീദ് ജനസേവന രംഗത്ത് ഒരു പുതുവഴിയാണ്  വെട്ടിത്തെളിയിച്ചത്. അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.

രാജ്യത്തെ മുഴുവൻ സാമൂഹ്യ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന ശക്തവും വിശാലവുമായ പ്ലാറ്റ്ഫോമായി ഇന്ത്യ മുന്നണി ഉയരണം

വംശീയ ഉൻമൂലനം രാഷ്ട്രീയമായി നടപ്പാക്കുന്ന സംഘ്പരിവാർ ഭീകരതക്കെതിരെ മതിയായ പ്രതിരോധനിര കെട്ടിപ്പടുക്കാൻ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്കിനിയും കഴിഞ്ഞിട്ടില്ല എന്നതിന്റെ അവസാനത്തെ തെളിവാണ് ഡൽഹി തെരഞ്ഞെടുപ്പ്. ശക്തമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും സംഘടനാ സങ്കുചിതത്വത്തിനപ്പുറമുള്ള വിട്ടുവീഴ്ച സമീപനവും സ്വീകരിക്കാതെ സംഘ്പരിവാറിനെ അതിജീവിക്കാൻ ഇന്ത്യ മുന്നണിക്കാവില്ല. 100 വർഷത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ പ്ലാനും പദ്ധതികളും ഭരണകൂട ഉപകരണങ്ങളുപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ബോധം പേറുന്ന ഒരു ഡീപ്പ് സ്റ്റേറ്റിനെയാണ് തങ്ങൾ നേരിടുന്നതെന്ന ബോധം ഇന്ത്യാ മുന്നണിയിലുള്ളവർക്കുണ്ടാവണം. ഫാഷിസമെന്നത് ഇന്ത്യയിലെ ഒരനുഭവ യാഥാർഥ്യമാണെങ്കിലും അതിൻ്റെ അളവും തോതുമെത്ര എന്ന കാര്യത്തിൽ തീർപ്പിലെത്താൻ ഇപ്പോഴും മതേതര മുന്നണികൾക്ക് സാധിച്ചിട്ടില്ല. സംഘ്പരിവാർ ഫാഷിസം ഇന്ത്യൻ ജനതയുടെ അടുക്കളവരെ കീഴടക്കുന്ന പുതിയ കാലത്തും അതിനെ ഫാഷിസമെന്ന് വിളിക്കാമോ എന്ന് ഗവേഷണം നടത്തുന്ന രാഷ്ട്രീയ കക്ഷികൾ മുതൽ തന്റെയും തൻ്റെ പാർട്ടിയുടെയും കേവല അധികാരം മാത്രം ലക്ഷ്യമാക്കുന്നവരും, ഇ.ഡി.യും എൻ.ഐ.എയും വീട്ടുപടിക്കലെത്തുമ്പോൾ മുട്ട് വിറക്കുംവിധം മടിയിൽ കനമുള്ളവരും, എല്ലാറ്റിലുമുപരി തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിട്ടുകളയാമെന്ന് വ്യാമോഹിക്കുന്നവരുമെല്ലാം ചേർന്ന് കൃത്യവും വ്യക്തവുമില്ലാത്ത രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോയാൽ ഡൽഹിയുടെ തുടർച്ച ഇനിയുമുണ്ടാവും. മതേതര ഇന്ത്യയും അതിന്‍റെ ഭരണഘടനയുമെല്ലാം അട്ടിമറിക്കപ്പെടുന്ന പുതിയകാല രാഷ്ട്രീയ സാഹചര്യത്തിൽ സംഘടനാ താൽപര്യത്തിലുപരി രാജ്യതാൽപര്യമുയർത്തുന്ന രാഷ്ട്രീയ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാകൂ. ഇന്ത്യൻ ദേശീയതയുടെ ഓരങ്ങളിലേക്ക് മാറ്റിനിർത്തപ്പെടുന്ന ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളടക്കം രാജ്യത്തെ മുഴുവൻ സാമൂഹ്യ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന ശക്തവും വിശാലവുമായ പ്ലാറ്റ്ഫോമായി ഇന്ത്യ മുന്നണി ഉയരണം, ശക്തിപ്പെടണം.

ബൈത്തുസ്സകാത്ത് കേരള – ഈ കൂട്ടായ ശ്രമത്തിൽ നിങ്ങളും പങ്കാളിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തു

രണ്ടര പതിറ്റാണ്ട് കാലമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. നിർധനരും നിരാലംബരുമായ നിരവധി മനുഷ്യജീവിതങ്ങൾക്ക് അവലംബവും അത്താണിയുമായി മാറിയ സംവിധാനം. സാമൂഹിക പ്രതിബദ്ധതയും ദീനീബോധവുമുള്ള പ്രബുദ്ധസമൂഹം സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി പരസ്പരം കൈകോർത്ത് ശക്തിപ്പെടുത്തിയ സംരംഭം. സകാത്തെന്ന ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭത്തെ അതിന്റെ ആത്മീയ മാനങ്ങൾക്കൊപ്പം സാമൂഹ്യക്ഷേമമെന്ന സാമ്പത്തിക കാഴ്ചപ്പാടിൻ്റെ മുഴുസൗന്ദര്യത്തിൽ ആവിഷ്കരിച്ച മാതൃകാ സ്ഥാപനം. വിവേകമതികളുടെ കരുതലിലും കാവലിലും വളർന്നുപന്തലിച്ച ഈ സ്ഥാപനം നിറഞ്ഞ അഭിമാനബോധത്തോടെ, അതിലുപരി ആത്മവിശ്വസത്തോടെ ഇത്തവണയും നിങ്ങളെ സമീപിക്കുകയാണ്. ആത്മാഭിമാനം പണയം വെക്കാത്ത, ആത്മനിന്ദ പിടികൂടാത്ത, അന്തസ്സും സ്വാശ്രയത്വവും നേടിയെടുക്കുന്ന ഒരു സമൂഹത്തെ പ്രാപ്തരാക്കാനുള്ള ഈ കൂട്ടായ ശ്രമത്തിൽ നിങ്ങളും പങ്കാളിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

‘തൂഫാനുൽ അഖ്സ്വാ’ കീഴടങ്ങാത്ത ചെറുത്തുനിൽപ്പിന്റെയും ഐതിഹാസിക അതിജീവന പോരാട്ടത്തിന്റെയും പുതിയൊരധ്യായം

കീഴടങ്ങാത്ത ചെറുത്തുനിൽപ്പിന്റെയും ഐതിഹാസികമായ അതിജീവന പോരാട്ടത്തിന്റെയും പുതിയൊരധ്യായം ‘തൂഫാനുൽ അഖ്സ്വാ’ യിലൂടെ ഫലസ്തീൻ ചരിത്രത്തിൽ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് മാത്രം കൈവശമുള്ള അത്യാധുനിക ആയുധങ്ങളാൽ ഫലസ്തീൻ ജനതയുടെ പ്രതിരോധവീര്യത്തെയും സ്വാതന്ത്ര്യാഭിലാശങ്ങളെയും തീർത്ത് കളയാമെന്ന സാമ്രാജ്യത്വ- സയണിസ്റ്റ് ഹുങ്കിനേറ്റ തിരിച്ചടിയാണ് ഇപ്പോഴുണ്ടായ വെടിനിർത്തൽ കരാർ. ഹമാസിനെ നാമാവശേഷമാക്കി, ഫലസ്തീൻ ജനതയെ ഉൻമൂലനം ചെയ്തോ നാടുകടത്തുകയോ ചെയ്ത്, ഇസ്രയേൽ ബന്ദികളെ മുഴുവൻ മോചിപ്പിച്ചെടുത്ത് മാത്രമേ യുദ്ധമവസാനിപ്പിക്കൂ എന്ന തിട്ടൂരത്തിൽ ഒരു വർഷത്തിലേറെ

തോൽക്കാൻ മനസ്സില്ലാത്ത സമാനതകളില്ലാത്ത അതിജീവനം കാഴ്ചവെക്കുന്നവരുടെ ദിവസം

ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. അഥവാ, തോൽക്കാൻ മനസ്സില്ലാത്ത സമാനതകളില്ലാത്ത അതിജീവനം കാഴ്ചവെക്കുന്നവരുടെ ദിവസം. ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം എന്ന് വിലയിരുത്തപ്പെടുന്ന ഭിന്നശേഷി സമൂഹം പക്ഷേ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന പ്രതിസന്ധികൾ നമ്മുടെ അനുഭവങ്ങൾക്കുമപ്പുറമാണ്. നാം അനുഭവിക്കാത്തതെല്ലാം നമുക്ക് കേവലം കെട്ടുകഥകൾ മാത്രമാണെന്ന് ശരിവെക്കുന്ന ജീവിതമാണ് ഭിന്നശേഷിക്കാരുടേത്. ഓരോ ഭിന്നശേഷി ദിനത്തിലും ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞവർ എന്നും അപൂർണതയെ സാധ്യതയാക്കി മാറ്റിയവരെന്നും വാഴ്ത്തിപ്പറയുന്ന അത്ര അളവെങ്കിലും മനസ്സുകൊണ്ട് അവരോട് താദാത്മ്യപ്പെടാൻ നമുക്ക് കഴിയാറുണ്ടോ? സാമൂഹിക പ്രതിബദ്ധതയോടെ ഭിന്നശേഷിക്കാരോട് കരുതലും അവസരവും പ്രോൽസാഹനവും കൊണ്ടുനടക്കാൻ നമുക്കാവണം. നമ്മെ പോലെ വിനോദയാത്രകളും സ്വപ്നങ്ങളും കാടും മേടും കടലുമെല്ലാം ആസ്വദിക്കാനുള്ള മനസ്സുള്ളവരാണ് അവരെന്നു നാം തിരിച്ചറിയണം. നമുക്ക് അവസരങ്ങൾ നൽകപ്പെടുന്നതും അവർക്കത് നിഷേധിക്കപ്പെടുന്നതും നാം അളന്ന നീതിയുടെ അളവുപാത്രങ്ങൾക്ക് ഓട്ടകളുണ്ടായതുകൊണ്ടു മാത്രമാണ്. ആരാധനാലയങ്ങളും ശൗച്യാലയങ്ങളും നിരത്തുകളിലോടുന്ന വാഹനങ്ങളും ആസ്പത്രി കവാടങ്ങളുമെല്ലാം അവർക്കു മുന്നിൽ കൊട്ടിയടച്ച് ഭിന്നശേഷിയെക്കുറിച്ച് നാമെത്ര വാഴ്ത്താരി നടത്തിയിട്ടെന്ത് കാര്യം? അതുകൊണ്ട് ഭിന്നശേഷി സൗഹൃദമായ ഇടങ്ങൾ ബോധപൂർവം സൃഷ്ടിക്കുക എന്ന പ്രമേയം ഏട്ടിലൊതുങ്ങാതെ നടപ്പിൽ വരുത്താൻ നമ്മുടെ അധികാരികൾക്ക് കഴിയട്ടെ. സർക്കാറിനു പുറത്ത് മൊത്തം സമൂഹത്തിൻ്റെ കടമയായി ഇത് മാറണം. സഹതാപങ്ങൾ മാറ്റിവെച്ച് ജീവൻ്റെ ഓരോ തുടിപ്പിലും അതിജീവനം കൊതിക്കുന്ന ഭിന്നശേഷിക്കാർക്ക് അണയാതെ ജ്വലിക്കാനുള്ള ജീവിത സാഹചര്യവും അർഹിച്ചതിനേക്കാളേറെ പ്രാതിനിധ്യവും പകുത്തു നൽകാൻ നമുക്ക് കഴിയട്ടെ.