മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون

മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون ബഹുമാന്യനായ മാള ടി.എ മുഹമ്മദ് മൗലവി അല്ലാഹുവിലേക്ക് യാത്രയായി. അമലുകള്‍ക്കൊണ്ടും അറിവുകൊണ്ടും സമ്പന്നമായ ഒരു ആയുസാണ് അവസാനിച്ചത്. ഇഹലോക ജീവിതം കൊണ്ട് എന്താണോ അല്ലാഹു ഉദ്ദേശിച്ചത്, അത് പൂര്‍ണമായും പൂര്‍ത്തീകരിച്ച വ്യക്തിത്വമാണ് മുഹമ്മദ് മൗലവി . ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലേ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ആ സന്ദേശവുമായി കേരളത്തിലാകെ സഞ്ചരിക്കുകയും ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ആ മാര്‍ഗത്തില്‍ വലിയ ത്യാഗവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അനേകം സാധാരണക്കാരുമായും രാഷ്ട്രീയ നേതാക്കളുമായും സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും മതപണ്ഡിതരുമായും രഹസ്യമായും പരസ്യമായും ഉറ്റബന്ധം കാത്തുസൂക്ഷിക്കുകയും അതൊക്കെയും പ്രസ്ഥാന സന്ദേശ പ്രചാരണത്തിനുപയോഗിക്കുകയും ചെയ്തു. ജീവിതത്തിലെ വിശുദ്ധിയും പരലോകബോധവും അല്ലാഹുമായുള്ള അഗാധബന്ധവും ലാളിത്യവും മാതൃകാപരമാണ്. അദ്ദേഹത്തിന്റെ പ്രേരണയാല്‍, പ്രചോദനത്താല്‍, മാര്‍ഗദര്‍ശനത്താല്‍ വിശുദ്ധമായ ജീവിതത്തിലേക്ക് കടന്നുവന്നവര്‍ ധാരാളമുണ്ട്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തെയും നമ്മെയും ജന്നാതുല്‍ ഫര്‍ദൗസില്‍ ഉന്നതസ്ഥാനം നല്‍കുമാറാകട്ടെ. അദ്ദേഹത്തിന്റെ വിയോഗം പ്രയാസപ്പെടുത്തുന്ന എല്ലാവര്‍ക്കും അല്ലാഹും ആശ്വാസം നല്‍കുമാറാകട്ടെ.

പി മുജീബ് റഹ്‌മാന്‍ ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍

P Mujeeburahman

ഡല്‍ഹി: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ഹല്‍ഖയുടെ പുതിയ അമീറായി പി മുജീബ് റഹ്‌മാനെ നിയമിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ യോഗത്തിനു ശേഷം അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദതുല്ല ഹുസൈനി ആണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സംസ്ഥാന അമീറുമാരെയും അഖിലേന്ത്യ അധ്യക്ഷന്‍ ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പണ്ഡിതനും സംഘാടകനും പ്രഭാഷകനുമായ മുജീബ് റഹ്‌മാന്‍ 2015 മുതല്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റന്റ് അമീറായിരുന്നു. 2011 മുതല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭയിലും, സംസ്ഥാന കൂടിയാലോചന സമിതിയിലും അംഗമാണ്. മീഡയ വണ്‍ വൈസ് ചെയര്‍മാന്‍, വണ്ടൂര്‍ വനിത ഇസ്ലാമിയ കോളേജ് മുഖ്യ രക്ഷാധികാരി, ധര്‍മ ധാര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മൗണ്ട് സീന ചാരിറ്റബിള്‍ ട്രസ്റ്റ്, ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് എന്നിവയില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. 2007 മുതല്‍ 2011 വരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ സംസ്ഥാന അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ നാസിം, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിനാലൂര്‍ സമരം, എന്റോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കൊക്കക്കോള കമ്പനിക്കെതിരായ പ്ലാച്ചിമട സമരം, ദേശീയപാത പ്രക്ഷോഭം, മൂലമ്പിള്ളി സമരം, കുത്തകവിരുദ്ധ സമരം തുടങ്ങി ഒട്ടേറെ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധേയമായി. ആദിവാസികളുടെ ഭൂമിക്കു വേണ്ടിയുള്ള ഐതിഹാസികമായ ചെങ്ങറ സമരത്തിനിടെ പൊലിസിന്റെ മര്‍ദനത്തിനിരയായിരുന്നു. 1972 മാര്‍ച്ച് 5ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത അമരമ്പലം പഞ്ചായത്തിലെ തൊണ്ടിയിലാണ് ജനനം. നിലമ്പൂര്‍ മാനവേദന്‍ ഹൈസ്‌കൂളില്‍ നിന്നും സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയ ശേഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളേജില്‍ ബിരുദ പഠനത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളിലും അവഗാഹം നേടി. തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.എഡ് പൂര്‍ത്തിയാക്കി. പറപ്പൂര്‍ ഇസ്ലാമിയ കോളേജില്‍ അധ്യപകനായി സേവനമനുഷ്ഠിച്ചിരുന്നു. പിതാവ്: പി മുഹമ്മദ്, മാതാവ്: ഫാത്തിമ സുഹ്റ. ജസീലയാണ് ഭാര്യ. അമല്‍ റഹ്‌മാന്‍, അമാന വര്‍ദ, അശ്ഫാഖ് അഹ്‌മദ്, അമീന അഫ്റിന്‍ എന്നിവര്‍ മക്കളാണ്.    

രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കൽ

രാഹുൽ ഗാന്ധി : നടപടി ജനാധിപത്യത്തോടുള്ള പകപോക്കൽ – ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തോടുള്ള പക പോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമർശനത്തെയും മറു ശബ്ദത്തേയും ഏറെ ഭീതിയോടെയാണ് ഫാഷിസം കാണുന്നതെന്നതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം. ഇത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. സംഘ്പരിവാറിന്റെ അസഹിഷ്ണുതയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. ഫാഷിസത്തിനും സംഘ് പരിവാറിനുമെതിരെ ജനാധിപത്യ ഇന്ത്യയ്ക്ക് വേണ്ടി നിലകൊള്ളാൻ ഇത്തരം നീക്കങ്ങൾ ആവേശം നൽകും . ഫാഷിസത്തിനെതിരെയുള്ള യോജിച്ച മുന്നേറ്റത്തെ ഇത് ത്വരിതപ്പെടുത്തുമെന്നും എം ഐ അബ്ദുൽ അസീസ് പറഞ്ഞു. Rahul Gandhi MI Abdul Azeez NEWS https://www.mediaoneonline.com/kerala/rahuls-disqualification-is-sangh-parivars-grudge-against-democracy-jamaat-e-islami-212693

ഏക സിവിൽകോഡ് നിയമം: സാംസ്കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയ നീക്കം – എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: ഏകസിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയ ശ്രമമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജന വിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്ത ഗോത്ര നിയമങ്ങൾ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുക എന്നതിനർഥം ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു. ഭരണഘടന വ്യക്തികൾക്ക് വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളിൽ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുളള പൗരൻമാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവിൽ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളിൽ രൂപപ്പെട്ടുവരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങൾക്കും വ്യക്തികൾക്കും വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളെ തള്ളി കളയുന്നതാകരുത്. മറിച്ച് വ്യക്തികളുടെ മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂണിഫോം കോഡുമെല്ലാം നിർണയിക്കണം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്ത് ഏക സിവിൽ കോഡ് നിയമം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ രാഷ്ട്രീയ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതര സമൂഹവും രംഗത്തു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

വിഴിഞ്ഞം സമരം: സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം- എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: വിഴിഞ്ഞം സമരമുഖത്തെ സംഘര്‍ഷാവസ്ഥ ഇല്ലായ്മ ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തണമെന്നും പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. സമരത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പകരം, മന്ത്രിമാരെ പറഞ്ഞയച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്തത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുകയും ജീവിതമാര്‍ഗം തടയപ്പെടുകയും ചെയ്യുന്നവര്‍ നടത്തുന്ന സമരമാണെന്ന പ്രാഥമിക ബോധം സര്‍ക്കാറിനുണ്ടാവണം. പോലിസ് നടപടിയിലൂടെ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഫാഷിസ്റ്റ് രീതിയാണ്. ജനാധിപത്യ സര്‍ക്കാര്‍ ആ വഴി സ്വീകരിക്കരുത്. പ്രദേശവാസികളായ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ മുഖവിലക്കെടുക്കണം. സമരക്കാരുടെ മതം നോക്കി പോലിസ് നടപടിയെടുക്കുന്ന രീതിയും അംഗീകരിക്കാനാവില്ല. തുറമുഖ നിര്‍മാണ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകള്‍ക്കും വിവേചനരഹിതമായി മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഇതില്‍ നിന്നും ജനാധിപത്യ സര്‍ക്കാറിന് ഒളിച്ചോടാനാവില്ലെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. സമരക്കാരെ വംശീയ അധിക്ഷേപം നടത്തിയ സംഘ്പരിവാര്‍ സമുദായ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന ബോധം സര്‍ക്കാറിനുണ്ടാവണം. സംഘ്പരിവാര്‍ അജണ്ടയില്‍ വീണുപോവാതിരിക്കാന്‍ സമര നേതൃത്വവും ശ്രദ്ധിക്കണം. മന്ത്രിയെ മതം നോക്കി അധിക്ഷേപിച്ചതും അപലപനീയമാണ്. അക്രമാസക്തവും നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതുമായ സമര രീതികളെ ഒരു നിലക്കും അംഗീകരിക്കാനാവില്ല. അത്തരം രീതികള്‍ പൊതുജന പിന്തുണ നഷ്ടപ്പെടുത്താനേ ഉപകരിക്കൂ. കോര്‍പ്പറേറ്റുകളുടെയും സംഘ്പരിവാര്‍ അജണ്ടകളുടെയും പക്ഷം പിടിക്കുന്നതിന് പകരം സമരത്തിന്റെ സമാധാനപരമായ പരിഹാരത്തിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. എം.ഐ അബ്ദുൽ അസീസ്

തിരൂർ (മലപ്പുറം): കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിൽ സംഘ് പരിവാർ സ്വാധീനമുണ്ട്. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ജന്റർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളവും പാഠ്യപദ്ധതിയും ജൻഡർ ന്യൂട്രൽ ആശയങ്ങളും എന്ന വിഷയത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു. ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവ്വഹിച്ചു.

പോപ്പുലര്‍ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധം

സര്‍ക്കാര്‍ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാഷിസ്റ്റ് സംഘങ്ങള്‍ സൈ്വരവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്.  

ഡോ. യൂസുഫുൽ ഖർദാവിയെ അല്ലാഹു തിരിച്ച് വിളിച്ചു.

انا لله وانا اليه زاجعون പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വഴികാട്ടിയുമായിരുന്നു ഡോ. യൂസുഫുൽ ഖർദാവി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്തുടനീളം ദൃശ്യമായ ഇസ്‌ലാമിക നവജാഗരണ സംരംഭങ്ങൾക്ക് തുടർച്ച ഉറപ്പു വരുത്തി, ശക്തിയും ഊർജവും നൽകി തൊട്ടടുത്ത സഹാസ്രാബ്ദത്തിലേക്ക് നയിക്കുന്നതിൽ ഡോ.യൂസുഫുൽ ഖറദാവിയുടെ സാന്നിധ്യം നിസ്തുലമായ പങ്ക് വഹിക്കുകയുണ്ടായി. ശീതയുദ്ധാനന്തരൂപപ്പെട്ട ആഗോള സാഹചര്യത്തിൽ ലോകത്തുണ്ടായ മാറ്റങ്ങളോട് ധീരമായി സംവദിക്കാൻ ലോക മുസ്‌ലിം സമൂഹത്തെ സജ്ജമാക്കുന്നതിൽ ഡോ. ഖർദാവിയുടെ ചിന്തയ്ക്ക് വലിയ സ്ഥാനമുണ്ട്. ലോകത്തെ വിവിധ മതങ്ങളോട് , ദർശനങ്ങളോട് , ജനവിഭാഗങ്ങളോട് ഇസ്‌ലാമിന്റെ സർഗാത്മാകവും സൗഹൃദപരവുമായ ആദാനപ്രദാനങ്ങളുടേതുമായ സംവാദാന്തരീക്ഷത്തെ ഉയർത്തിപ്പിടിച്ച ഖർദാവി പ്രബോധക സംഘമെന്ന നിലക്ക് മുസ്‌ലിം സമുദായത്തിന്റെ വ്യതിരിക്തത ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും മുസ്‌ലിം സമുദായത്തെയും കരടായി കാണുന്ന ലോക സാമ്രാജ്യത്തത്തോട് വിട്ടുവീഴ്ചയില്ലാതെ, എന്നാൽ മുന്നോട്ട് ഗമിക്കാവുന്ന ആശയപരമായ കരുത്ത് നൽകാനും ഖർദാവിക്ക് സാധിച്ചു. ഇസ്‌ലാമിക വൈജ്ഞാനിക സമ്പത്തിന് എക്കാലവും സൂക്ഷിക്കാവുന്ന കനപ്പെട്ട ഗ്രന്ഥങ്ങൾ സമ്മാനിച്ചു. പണ്ഡിതനും ചിന്തകനുമൊക്കെയായിരിക്കെ തന്നെ ലോകത്തെല്ലായിടത്തുമുള്ള ഇസ്‌ലാമിക പ്രവർത്തകർക്ക് തങ്ങളോട് ചേർന്ന് നിൽക്കുന്ന നേതാവായും ആക്ടിവിസ്റ്റായും അനുഭവപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ . ലോകത്ത് കഴിഞ്ഞുപോയ പ്രവാചകൻമാരുടെയും സിദ്ദീഖിങ്ങളുടെയും ശുഹദാക്കളുടെയും സാലിഹി ങ്ങളുടെയും കൂടെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ .

ഹർത്താൽ : അക്രമം അപലപനീയം

സംഘടനയ്ക്കെതിരെ നടക്കുന്ന ഭരണകൂടവേട്ടയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത് അപലപനീയമാണ്. സർക്കാർ നിലപാടുകൾ ക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിശേഷിച്ചും സംഘ്പരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചന പരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. പക്ഷെ അവ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സമാധാന ജീവിതത്തെ തടസപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണ്. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ല.

വിയോജിക്കുന്നവരെ വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധം- എം.ഐ. അബ്ദുൽ അസീസ്

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെവരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല.