- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
ഹാജി സാഹിബ് എന്ന് അറിയപ്പെടുന്ന വി.പി മുഹമ്മദ് അലിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം സ്ഥാപിക്കുന്നത്.
ഉമറാബാദ് പഠന കാലത്ത് ഉസ്താദായിരുന്ന ശൈഖ് ഇസ്മാഈലിൽ നിന്നാണ് ഹാജി സാഹിബ് അബുല്‍ അഅ്‌ലാ മൗദൂദിയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.
പിന്നീട് പഴയങ്ങടിയിൽ മദ്റസ അദ്ധ്യാപകനായിരിക്കെ മൗദൂദി സാഹിബ് പുറത്തിറക്കിയിരുന്ന തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന മാസിക വായിക്കാൻ അവസരം ലഭിക്കുകയും അദ്ദേഹത്തിൻ്റെ ചിന്തകളുമായി കൂടുതൽ അടുക്കുകയും ചെയ്തു. തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയുടെ പത്രാധിപരായിരുന്നു മതപണ്ഡിതനായിരുന്നു അബുല്‍ അഅ്‌ലാ മൗദൂദി.
തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന ധാരാളം ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകുന്ന തർജുമാനിൽ ആകൃഷ്ടനായ ഹാജി സാഹിബ് ഇമാം മൗദൂദിയുമായി നിരവധി കത്തിടപാടുകള്‍ നടത്തി. അങ്ങനെ ജമാഅത്തെ ഇസ്‌ലാമിയെന്ന പ്രസ്ഥാനത്തെ കുറിച്ച് കൂടുതല്‍ പഠിച്ചു.
1941 ല്‍ രൂപീകരിക്കപ്പെട്ട ആ വർഷം തന്നെ ഹാജി സാഹിബ് ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമായി. മൗദൂദി സാഹിബിനെ കാണാനും കൂടുതൽ പഠിക്കാനുമുള്ള അതിയായ ആഗ്രഹത്താൽ അദ്ദേഹത്തിൻ്റെ ആസ്ഥാനമായ പഠാൻകോട്ടിലെ ദാറുൽ ഇസ്‍ലാമിലേക്ക് പുറപ്പെട്ടു.
സാഹസികമായ യാത്രക്കൊടുവിൽ ഹാജി സാഹിബ് ഡൽഹിയിൽ എത്തുകയും ജാമിഅ മില്ലിയ്യയിൽ ഒരു പരിപാടിക്ക് വന്ന മൗദൂദി സാഹിബിനെ നേരിൽ കണ്ടു. കത്തിടപാടിലൂടെ സുപരിചിതനായ ഹാജി സാഹിബിനെ മൗലാന എളുപ്പത്തിൽ തിരിച്ചറിയുകയും പഞ്ചാബിലെ പഠാന്‍കോട്ടിലെ ദാറുല്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ “ആപ് മുഹമ്മദലി ഹേ” എന്ന് ചോദിക്കാൻ കഴിയുന്നേടത്തോളം സുദൃഢമായി കഴിഞ്ഞിരുന്നു കത്തിടപാടിലൂടെ വികസിച്ച അവരുടെ ബന്ധം.
അധികം താമസിയാതെ പഠാൻകോട്ടിലെത്തിയ ഹാജി സാഹിബ് രണ്ടു വര്‍ഷം അവിടെ താമസിച്ചു.സാഹിബിൻ്റെ ഇസ്ലാം മതം. മൗദൂദി സാഹിബിൻ്റെ ഇസ്‍ലാംമതം, രക്ഷാസരണി എന്നീ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നത് അവിടെ വെച്ചാണ്.
പിന്നീട് കേരളത്തിൽ തിരിച്ചെത്തിയ ഹാജിസാഹിബ് 1944 ല്‍ ഒരു സ്വതന്ത്ര്യവേദിക്ക് രൂപം നല്‍കിയിരുന്നു. ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്നായിരുന്നു അതിന്റെ പേര്.
നാല്‍പതോളം പേര്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീനില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്കെല്ലാം ഹാജിസാഹിബ് ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തി. നേരത്തെ വിവർത്തനം ചെയ്ത പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത് ഇക്കാലത്താണ്. 1945 ൽ പുറത്തിറങ്ങിയ ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസിൻ്റെ ഒന്നാമത്തെ പ്രസിദ്ധീകരണമായ 'ഇസ്ലാം മതം' ആയിരുന്നു അതിലൊന്ന്. അധികം താമസിയാതെ ‘രക്ഷാസരണി’ യും പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്ത് ഐ.പി.എച്ചിൻ്റെ ആസ്ഥാനം ഹാജി സാഹിബ് ഖുത്തുബ നിർവഹിച്ചിരുന്ന ഇരിമ്പിളിയത്തെ കൊച്ചുപള്ളിയിലെ ഇടുങ്ങിയ മുറിയിലെ മുരിക്കിൻ പെട്ടിയായിരുന്നു.
വളാഞ്ചേരിയിലെ പി. മരക്കാർ സാഹിബിൻ്റെ വീട്ടിൽ ചേർന്ന ജമാഅത്തുൽ മുസ്തർശിദീനിൻ്റെ യോഗമാണ് സംഘത്തെ ജമാഅത്തെ ഇസ്‌ലാമി ആക്കി മാറ്റാൻ തീരുമാനിച്ചത്. പ്രസ്തുത യോഗത്തിൽ പതിനഞ്ചിലധികം ആളുകൾ സംബന്ധിച്ചിരുന്നു.
1948 ജനുവരിയിലാണ് ജമാഅത്തെ ഇസ്‌ലാമി കേരളഘടകം നിലവില്‍ വന്നത്. കേരളഘടകം പ്രഥമ അമീറായി ഹാജിസാഹിബിനെ തെരഞ്ഞെടുത്തു.
1948 ആഗസ്റ്റ് 21 ന് ജമാഅത്ത് പ്രവര്‍ത്തകരുടെ ആദ്യത്തെ സമ്മേളനം കോഴിക്കോട് വെച്ച് നടന്നു. ആ സമ്മേളനത്തില്‍ വെച്ച് പ്രബോധനം പ്രതിപക്ഷ പത്രം ആരംഭിക്കാന്‍ തീരുമാനിച്ചു. പന്ത്രണ്ട് അംഗ സംസ്ഥാന കൂടിയാലോചനാ സമിതി (ശൂറ) യെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഇന്ത്യാ-പാക് വിഭജനത്തിന്റെ കാലമായിരുന്നു അത്. മുസ്‌ലിംകളെ ഉത്തരവാദിത്വ ബോധമുള്ളവരാക്കാന്‍ ജമാഅത്തെ ഇസ്ലാമി കേരള ഘടകം ശ്രമിച്ചു. ഇസ്ലാമിക പ്രബോധനത്തിനും സമുദായ സംസ്കരണത്തിനും ഊന്നൽ നൽകിയായിരുന്നു ആദ്യ കാല പ്രവർത്തനങ്ങൾ.1959 ല്‍ മരണപ്പെടുന്നത് വരെ ഹാജി സാഹിബ് ആയിരുന്നു ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തെ നയിച്ചിരുന്നത്.