- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
ലക്ഷ്യം – ഇഖാമതുദ്ദീൻ
‘ഇന്ത്യന്‍ ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമതുദ്ദീന്‍ (ദീന്‍-ദൈവിക വ്യവസ്ഥ- നിലനിര്‍ത്തുക) ആകുന്നു. അതിനുള്ള സാക്ഷാല്‍ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും സിദ്ധിക്കുകയെന്നതുമത്രേ.
ഇഖാമതുദ്ദീന്‍ എന്നതിലെ ‘ദീന്‍’ കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു തന്റെ സകല പ്രവാചകന്‍മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യദൂതനായ മുഹമ്മദ്‌നബി മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി അന്തിമവും
പരിപൂര്‍ണവുമായ രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രേ ഇസ്ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യ ജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രികജീവിതലബ്ധിയും ഉറപ്പ് നല്കുന്നതായതുപോലെത്തന്നെ ഐ#ഹിക പ്രശ്‌നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിതവ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്‍മുഖവുമായ വ്യക്തി സമൂഹ ജീവിതസംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാകയുള്ളൂ.
ഈ ദീനിന്റെ ഇഖാമത് കൊണ്ടുള്ള വിവക്ഷ, യാതൊരു വിധ പരിഛേദവും വിഭജനവും കൂടാതെ ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്‌നബിയും ഖുലഫാഉര്‍റാശിദുകളും സ്ഥാപിച്ചുകാണിച്ചിട്ടുള്ളതാണ്