12 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായി 125 ഭൂരഹിതരായ കുടുംബങ്ങൾക്ക്
സ്വന്തമായി ഭൂമി ലഭ്യമാക്കിയ ഒറ്റയാൾ പോരാട്ടം.
ജീവിതയാത്രയിലെ വേറിട്ട ഒരനുഭവമായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ തളിപ്പറമ്പിൽ നടന്ന 125 കുടുംബങ്ങൾക്കുള്ള ഭൂമിക്കൈമാറ്റം. വീടും കുടുംബവും സ്വപ്നം കാണാൻ പോലും കഴിയാത്ത 125 കുടുംബങ്ങളുടെ കണ്ണുകളിൽ ആ പകലിൽ കണ്ട പ്രതീക്ഷയുടെയും സന്തോഷത്തിൻറെയും തിളക്കമായിരുന്നു, പരിപാടിയുടെ വലിയ മഹത്വം. ഇതിന് പിന്നിൽ പ്രവർത്തിച്ചതാകട്ടെ, സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ വിശ്രമം മറന്ന കഠിനാദ്ധ്വാനം . സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയാണ് ശ്രീകണ്ഠാപുരം സ്വദേശിയായ അബ്ദുൽ റഷീദിനെ വേറിട്ട ഈ സാമൂഹ്യസേവന പദ്ധതിയിലെത്തിച്ചത്. പഞ്ചായത്തിൽ പാവപ്പെട്ടവർക്കായി അനുവദിക്കപ്പെട്ട ലൈഫ്മിഷൻ ഭവനപദ്ധതികൾ പലതും ഭൂമിയുടെ ലഭ്യതക്കുറവ് കാരണം നഷ്ടപ്പെട്ട് പോകുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ്, റഷീദ് ഉദാരമതികളെയും തേടിയിറങ്ങിയത്.
ഭവനരഹിതരായ മനുഷ്യർ വീട് അനുവദിക്കപ്പെട്ടിട്ടും ഭൂരഹിതരായതിനാൽ അത് പൂർത്തീകരിക്കാനാവാത്ത വിഷമാവസ്ഥയെ മറികടക്കണമെന്ന് റഷീദ് തീരുമാനിച്ചിറങ്ങി. ചെറുതും വലുതുമായ ഭൂവുടമകളെ കണ്ടു. അഞ്ചും പത്തും സെൻ്റ് വീതം ഭൂമി ആവശ്യപ്പെട്ടു. അടിസ്ഥാനാവശ്യങ്ങൾക്കായി നൽകുന്ന സ്ഥായിയായ ദാനം എന്നത്തേക്കും നിലനിൽക്കുന്ന വലിയ പുണ്യകർമ്മമാണെന്നദ്ദേഹം അവരെ ബോധ്യപ്പെടുത്തി. അവർ ഈ പദ്ധതിയിൽ റഷീദിനൊപ്പം കൈകോർത്തു. ഉദാരമതികളുടെ നിർലോഭമായ പിന്തുണ
റഷീദിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. തുടർന്ന് അടുത്ത പഞ്ചായത്തുകളിലെ സമാനമായ കേസുകൾ ഓരോന്നായി റഷീദിനെത്തേടിയെത്തിത്തുടങ്ങി. അങ്ങിനെ ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക് ഒരു പഞ്ചായത്തിൽ നിന്ന് മറ്റനേകം പഞ്ചായത്തുകളിലേക്ക് എന്ന നിലയിൽ പത്ത് പഞ്ചായത്തുകളിൽ റഷീദെത്തി. 125 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം നിറവേറ്റാൻ ഇത് വഴിയൊരുക്കി. ഏതാണ്ട് 17 ഉദാരമതികളായ വലിയ മനുഷ്യരാണ് ഈ പദ്ധതിയിൽ റഷീദിന് പിന്തുണയും സഹായവും നൽകിയത്.
സഹജീവികളോടുള്ള സഹതാപത്തിനപ്പുറം അവരെ ചേർത്തു നിർത്താനും കൂടെ നടത്താനും നാം തീരുമാനിച്ചാൽ നാഥൻ നമുക്ക് മുമ്പിൽ ധാരാളം പുതുവഴികൾ തുറക്കും. മനസ്സ് വെച്ചാൽ നമ്മുടെ ജീവിതം നമ്മുടേത് മാത്രമാകില്ല. നമ്മെപ്പോലുള്ള നിരവധി മനുഷ്യർക്കു കൂടിയുള്ള ജീവിതമായി മാറും. പീപ്പിൾസ് ഫൗണ്ടേഷൻ തളിപ്പറമ്പ് ഏരിയാ കോർഡിനേറ്ററായ റഷീദ് ജനസേവന രംഗത്ത് ഒരു പുതുവഴിയാണ്  വെട്ടിത്തെളിയിച്ചത്.
അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.