“…ഇന്നെന്‍റെ മോൻ SSLC പരീക്ഷ എഴുതേണ്ടവനായിരുന്നു…”
വിതുമ്പലോടെയാണ് ഷഹ്ബാസിന്റെ ഉപ്പ അത് പറഞ്ഞത്. ഹാൾ ടിക്കറ്റ് കിട്ടിയപ്പോൾ അവൻ ഉമ്മയോട് പറഞ്ഞു,
നല്ല മാർക്കോടെ പാസ്സാകാൻ ഉമ്മ പ്രാർത്ഥിക്കണം. അവൾക്കീ പരീക്ഷാദിനം ഒട്ടും സഹിക്കാനാവുന്നില്ല. ഇനി ഒരു കുട്ടിക്കും ഒരിക്കലും ഈ ഗതി വരാതിരിക്കട്ടെ۔ ഒരുപ്പക്കും ഉമ്മക്കും ഇത് പോലുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നതാണവരുടെ പ്രാർത്ഥന. മക്കളുടെ നൻമയോർത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പിതാവ്,
പണിതീരാത്ത വീടും, പറക്ക മുറ്റാത്ത കൊച്ചുമക്കളുമായി പ്രതീക്ഷയായ മകന്‍റെ വേർപാട് താങ്ങാനാവാതെ ആ കുടുംബത്തോടെപ്പം തേങ്ങുകയാണ്.
ഇനിയുമൊരു ഷഹബാസ് ആവർത്തിക്കരുത്.
കലാലയങ്ങൾ കുരുതിക്കളങ്ങളാകരുത്.
സിനിമയെയും ലഹരിയെയും മാത്രം കുറ്റപ്പെടുത്തി കൈ കഴുകി രക്ഷപ്പെടാൻ നമുക്കാവില്ല. കേരളത്തിന്‍റെ നിലവിലെ സാമൂഹ്യാവസ്ഥക്കും ഇതിൽ പങ്കുണ്ട്. പരിധികളില്ലാത്ത സ്വാതന്ത്ര്യവും കേവല കരിയറിസ്റ്റിക് സ്വപ്നങ്ങളും മാത്രം കുട്ടികൾക്ക് മേൽ കെട്ടിവെക്കുന്ന Parenting, കൗമാരപ്രായക്കാരുടെ mentoring ൽ അധ്യാപക ധർമ്മത്തെ റദ്ദ് ചെയ്യുന്ന child നിയമങ്ങൾ, ഹിംസയും ലഹരിയും പ്രോൽസാഹിപ്പിക്കുന്ന ജനകീയ കലാരൂപമായ സിനിമ, കയ്യും വെട്ടും കാലും വെട്ടും ,വേണ്ടി വന്നാൽ തലയും വെട്ടും,തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന, violence വളർത്തുന്ന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ തണലിൽ തഴച്ച് വളരുന്ന ലഹരി മാഫിയ, ഇവയെല്ലാം ചേർന്നൊരുക്കിയ ഹിംസാത്മകമായ ഉൻമാദാവസ്ഥയാണ് കൗമാരപ്രായക്കാരുടെ ജീവിതം കുരുതിക്കളമാക്കുന്നത്.
സംഘടനാ സങ്കുചിത മാൽസര്യവും പൊതുരംഗത്തെന്തുമാവാമെന്ന സമീപനം അവസാനിപ്പിച്ച് മതസംഘടനകൾ സമൂഹത്തിന്‍റെ ധാർമ്മികവൽക്കരണത്തിൽ ബദ്ധശ്രദ്ധരാകേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസകാരിക ഭരണനേതൃത്വം ആത്മ പരിശോധനാ സ്വഭാവത്തിൽ ആത്മാർത്ഥമായ വിശകലനത്തിനും ധീരമായ ഇടപെടലുകൾക്കും സന്നദ്ധമായാൽ മാത്രമേ ഈ ദുരന്തത്തിന് അറുതിയുണ്ടാകൂ.