സംഘ്പരിവാറിനെതിരായ പ്രതിഷേധ ചത്വരമായി ഇന്ത്യ മാറും.

വഖഫ് ഭേദഗതി നിയമത്തിനെതിരെ എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രതിഷേധ ചത്വരം രാത്രിയേറെ വൈകി സമീപിക്കുമ്പോൾ അവിടെ സമ്മേളിച്ച പതിനായിരങ്ങൾ നിസംശയം നൽകിയ സന്ദേശമുണ്ട് – ഇന്ത്യ മുഴുവൻ സംഘ്പരിവാരത്തിനെതിരായ പ്രതിഷേധ ചത്വരത്തിൻ്റെ രൂപമാർജിക്കുക തന്നെ ചെയ്യും.

വൈകീട്ട് നാല് മണിയോടെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിൻ്റെ ദേശീയ അധ്യക്ഷൻ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ഉദ്ഘാടന പ്രഭാഷണമാരംഭിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഒത്തുചേർന്ന് വേദിയുടെ നിർണയിച്ച അതിരുകളെ ഭേദിച്ചു കഴിഞ്ഞിരുന്നു. ഉറുദുഭാഷയുടെ സൗന്ദര്യത്തെ കൂട്ടുപിടിച്ച പ്രോജ്വലവും ഉൾക്കാഴ്ചയുള്ളതുമായ ആ വാക്ധോരണി രാജ്യത്തെ അധസ്ഥിത വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു. ഒപ്പം സംഘപരിവാറിൻ്റെ മുന്നോട്ടുള്ള പ്രയാണം അത്ര സുഗമമല്ല എന്ന താക്കീതും.

പിറകെ, മുഹിബുല്ലാഹ് നദ്‌വി എം പിയും തേൽ തിരുമാവളവൻ എം പിയും അതേ തരംഗദൈർഘ്യത്തിൽ തന്നെ ഇന്ത്യൻ ജനതയുടെ വിചാരങ്ങളെയും വികാരങ്ങളെയും അഭിമുഖീകരിക്കുന്നു. ഒരു പരിപാടിയിലെ പ്രഭാഷണങ്ങളെ കുറിച്ച വർണനകളല്ല ഇത്. സമഗ്രാധിപത്യത്തിനെതിരെ രാജ്യത്ത് കരുത്താർജിക്കുന്ന കൂട്ടായ്മയുടെ ബലത്തെയും പ്രവാഹവേഗത്തെയും കുറിച്ചാണ്.

വഖഫ് ഭേദഗതി നിയമം ഒരു മുസ്ലിം പ്രശ്നം മാത്രമല്ല, അത് ഇന്ത്യ എന്ന രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ്, ഈ രാജ്യവും ഞങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ അഭിമാനത്തിനേൽക്കുന്ന പരിക്കാണ് എന്ന തീർപ്പിൽ തന്നെയാണ് പ്രതിഷേധ ചത്വരത്തിൽ പങ്കെടുക്കാൻ അതിഥികൾ എത്തിയത്.
ആരും തിരക്കു കുറഞ്ഞവരോ വെറുതെയിരിക്കുന്നവരോ ആയിരുന്നില്ല. കേരളത്തിൻ്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിൽ ഈ രാജ്യത്തിനും ജനതയ്ക്കും വേണ്ടി വെയിലു കൊള്ളുന്നവരും മഴ നനയുന്നവരും. ഒരഞ്ചു മിനിറ്റ് പ്രഭാഷണമല്ല, വഖഫ് ഭേദഗതി നിയമത്തിനെതിരായ തീക്ഷ്ണതയും സർഗാത്മകവുമായ ഒരു സമരത്തിൻ്റെ സാന്നിധ്യമാകുവാനാണവർ കൊതിച്ചത്. എം.എം.ഹസൻ എം.പി.മാരായ ഇ.ടി.മുഹമ്മദ് ബഷീർ, ഫാ.പോൾ തേലക്കാട്, പ്രൊഫ. അരവിന്ദാക്ഷൻ, ഷമീർ മദീനി, വി.എച്ച്.അലിയാർ ഖാസിമി, എം.ഐ.അബ്ദുൾ അസീസ്, അഡ്വ.മുഹമ്മദ് ഷാ, ഡോ.ജിൻ്റോ ജോൺ, പി.ജെ.ജെയിംസ്, പ്രേം ബാബു, പി.ടി.പി.സാജിത, അംബിക, ഡോ.ഏ.കെ.വാസു, തൗഫീഖ് മമ്പാട്, അഡ്വ.ഷിബു മീരാൻ, ബാബുരാജ് ഭഗവതി, അഡ്വ.അബ്ദുൽ വാഹിദ്, അഡ്വ.വി.ആർ.അനൂപ്, എൻ.കെ.അലി, ജ്യോതിവാസ് പറവൂർ, അഡ്വ.അബൂബക്കർ, ടി.കെ ഫാറൂഖ്, ഷിഹാബ് പൂക്കോട്ടുർ…
ഏവർക്കും അഭിവാദ്യങ്ങൾ

അവിടെ കൂടിയജനാവലിയോ?
അതറിയണമെങ്കിൽ അവേശമണയാതെ അവസാനം വരെയുള്ള ഇടറാത്ത നിറുത്തം കാണണം. ആ കാഴ്ച പറഞ്ഞു വെക്കുന്ന കാര്യമുണ്ട്. ഞങ്ങൾ പിറകോട്ടില്ലെന്ന്, മൂന്നോട്ട് മാത്രം.

വന്നുചേർന്നിട്ട് മണിക്കൂറുകളായി. മനസും മെയ്യും മുഷിയാം. അതുണ്ടായില്ല. മഴ തിമിർത്തു പെയ്തു. അവർക്ക് തണുപ്പില്ല. ജനറേറ്ററുകൾ മിടിപ്പ് നിർത്തിയെങ്കിലും അവരുടെ മാറിടങ്ങൾ സ്പന്ദിച്ചു കൊണ്ടേയിരുന്നു. വെളിച്ചമണഞ്ഞെങ്കിലും അവരുടെ ഹൃദയത്തിന് തിളക്കമേറി വന്നു.
നിങ്ങൾക്കും അഭിവാദ്യങ്ങൾ.