ഫാഷിസ്റ്റ് കാലത്തെ ഇസ്‌ലാമിക പ്രസ്ഥാനം

സ്വാതന്ത്ര്യാനന്തര ഇന്ത്യ അത് ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊിരിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയതോടെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ വന്‍തോതില്‍ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമസ്ത മണ്ഡലങ്ങളും സങ്കുചിത ദേശീയതയുടെയും വര്‍ഗീയവാദികളുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു. അധികാരത്തിന്റെ ബലത്തില്‍ സംഘ് ആള്‍ക്കൂട്ടങ്ങള്‍ രാജ്യത്താകമാനം അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. കുറ്റകൃത്യങ്ങളിലെ പ്രതികള്‍ പിടിക്കപ്പെടുകയോ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരപ്പെടുകയോ ചെയ്യുന്നില്ല. നിയമവാഴ്ച അപ്രസക്തമായിത്തീരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ജുനൈദിനെ ട്രെയ്‌നില്‍വെച്ച് കൊന്നത്.

ഇസ്‌ലാമിക പ്രസ്ഥാനം ഏറെ ഗൗരവത്തോടെയാണ് ഈ സ്ഥിതിവിശേഷത്തെ നോക്കിക്കാണുന്നത്. ഈ സാഹചര്യത്തെ നേരിടാനുള്ള ഏറ്റവും മികച്ച ആയുധം ഇസ്‌ലാമിന്റെ പ്രബോധനമാണ് എന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സുചിന്തിതമായ കാഴ്ചപ്പാടാണ്. വിശുദ്ധ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിലാണ് പ്രസ്ഥാനം ഈ കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന രാജ്യനിവാസികള്‍ വര്‍ണ, വര്‍ഗ, മത, ജാതി, ലിംഗ വ്യത്യാസങ്ങള്‍ക്കതീതമായി, ഇസ്‌ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം പ്രബോധിതരാണ്. പ്രബോധകരില്‍നിന്നും പ്രബോധിതര്‍ക്ക് ലഭിക്കേണ്ട എല്ലാ പരിഗണനകള്‍ക്കും അവര്‍ അര്‍ഹരാണ്. ദൈവിക സന്മാര്‍ഗത്തെ കുറിച്ച് സാമാന്യധാരണ പോലുമില്ലാത്തവരാണ് മിക്കവരും. ഇസ്‌ലാമിനെ കുറിച്ച് കടുത്ത തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നവരുമു്. ഈ അജ്ഞതയും തെറ്റിദ്ധാരണയും പെട്ടെന്നോ ഏതെങ്കിലുമൊരു സംഭവം നിമിത്തമായോ ഉണ്ടായതല്ല. നാടിന്റെ പരിതഃസ്ഥിതിയും ചരിത്രപരമായ കാരണങ്ങളും മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയുമെല്ലാം അതിനു വഴിവെച്ചിട്ടു്. ഈയൊരു പശ്ചാത്തലത്തില്‍, ഇസ്‌ലാമിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ തിരുത്തി അതിന്റെ യഥാര്‍ഥ സന്ദേശം എത്തിച്ചുകൊടുക്കല്‍ മുഖ്യദൗത്യമായി ഇസ്‌ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നു.

ഇസ്‌ലാമിക പ്രബോധനത്തെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ പ്രവാചകന്മാരുടെ പ്രബോധനരീതികളുടെ ചില മൗലിക സ്വഭാവങ്ങള്‍ ആവര്‍ത്തിച്ചു മനസ്സിലാക്കേണ്ടിതുണ്ട്. പ്രബോധിത സമൂഹത്തോട് തികഞ്ഞ ഗുണകാംക്ഷയുള്ളവനായിരിക്കണം പ്രബോധകന്‍. ഈ വികാരത്തിന്റെ അഭാവത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴിമാറി സഞ്ചരിക്കാനും സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാനുമുള്ള സാധ്യതകള്‍ ഏറെയാണ്. രാജ്യത്തെ സംബന്ധിച്ചേടത്തോളം എട്ട് നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ഭരണത്തെ കുറിച്ച യാഥാര്‍ഥ്യങ്ങളും തെറ്റായ ചരിത്ര വായനകളും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയവും ഇന്ത്യാവിഭജനവും മുസ്‌ലിം സമുദായത്തിനും ഇതര സമുദായങ്ങള്‍ക്കുമിടയില്‍ വലിയ അകല്‍ച്ചകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആദര്‍ശപരമായ വിയോജിപ്പുകളേക്കാള്‍ സാമുദായിക സ്പര്‍ധയും ജാതിവിരോധവുമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായവും ഇസ്‌ലാമിക പ്രസ്ഥാനവും തങ്ങളുടെ ഗുണകാംക്ഷികളാണെന്ന ധാരണ രാജ്യനിവാസികള്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ടു മാത്രമേ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാവൂ. ഏത് പ്രതികൂല സാഹചര്യങ്ങളിലായിരുന്നാലും ഈ അടിസ്ഥാന നിലപാടിന് വിരുദ്ധമായ പ്രയോഗങ്ങള്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകാന്‍ പാടില്ലാത്തതാണ്. സമകാലിക സംഭവവികാസങ്ങളോടുള്ള പ്രതികരണത്തിന്റെ ഭാഷയിലും പ്രതിരോധത്തിന്റെ ശൈലിയിലും ഈ തത്ത്വദീക്ഷ ഉണ്ടായേ പറ്റൂ.

950 വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു ശേഷവും സന്മാര്‍ഗം സ്വീകരിക്കാതിരിക്കുകയും സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത പ്രതിയോഗികളെയും അവരിലെ മേലാളരെയും 'എന്റെ ജനങ്ങളേ' എന്നാണ് നൂഹ് നബി അഭിസംബോധന ചെയ്തത് (ഖുര്‍ആന്‍: നൂഹ് 5-9). ത്വാഇഫില്‍ അഭയം തേടിച്ചെന്ന പ്രവാചകനെ തിരസ്‌കരിക്കുകയും ആട്ടിയോടിക്കുകയും അപമാനിക്കുകയും ചെയ്ത തദ്ദേശീയരെ ദൈവശിക്ഷക്ക് വിധേയമാക്കുന്നതിന് അനുവാദം ആരാഞ്ഞപ്പോള്‍, വ്രണിത മനസ്സും ശരീരവുമായി കഴിയുന്ന പ്രവാചകന്റെ പ്രതികരണം 'നാഥാ, എന്റെ ജനത്തിന് നീ പൊറുത്തുകൊടുക്കേണമേ, അവര്‍ അറിവില്ലാത്തവരാണ്' എന്നായിരുന്നു. സ്വന്തം ജനതയെ, നാട്ടുകാരെ അങ്ങേയറ്റം സ്‌നേഹിക്കുകയും അവരുടെ ഇഹപര വിജയത്തിനായി കൊതിക്കുകയും ചെയ്യുന്ന പ്രവാചകന്മാരുടെ വേറെയും ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ ധാരാളം കാണാവുന്നതാണ്. രാജ്യത്തെ ഓരോ മുസ്‌ലിമും പ്രബോധിത സമൂഹത്തോട് തികഞ്ഞ സ്‌നേഹവും ഗുണകാംക്ഷയുമുള്ളവനും അവരില്‍ താല്‍പര്യമുള്ളവനും അവരുടെ വിജയം കൊതിക്കുന്നവനും ആയിരിക്കണം. മാത്രമല്ല, ഇക്കാര്യം പൊതുസമൂഹത്തിന് ബോധ്യപ്പെടുകയും വേണം. അക്ഷമയും പ്രകോപനവും അനിവാര്യമാക്കുന്ന സാഹചര്യത്തില്‍ പോലും തികഞ്ഞ സൗഹൃദവും സ്‌നേഹവും മമതയും മൈത്രിയും നിലനില്‍ക്കുന്ന അന്തരീക്ഷത്തിനുവേണ്ടി ഇസ്‌ലാമിക പ്രസ്ഥാനം ദാഹിക്കുന്നത് പ്രബോധകരെന്ന നിലക്കുള്ള മുസ്‌ലിം സമുദായത്തിന്റെ ഹൃദയവികാരങ്ങളെ ഉത്തേജിപ്പിക്കുന്നതിനും അവക്ക് കോട്ടം തട്ടാതിരിക്കുന്നതിനും വേïിയാണ്. കാരണം ശത്രുവികാരം മനസ്സില്‍ സൂക്ഷിക്കുന്നവനോട് പ്രബോധനം നടത്തുന്നത് പ്രയാസകരമാണ്. ശാന്തവും സൗഹൃദപൂര്‍ണവുമായ അന്തരീക്ഷത്തിലേ പ്രബോധകന്റെ വാക്കുകളെ ശ്രദ്ധാപൂര്‍വം ശ്രവിക്കാന്‍ അവര്‍ക്ക് സാധിക്കൂ. ശേഷം സ്വീകരിക്കുമോ നിരാകരിക്കുമോ എന്നത് നമ്മുടെ പരിഗണനകള്‍ ആവേണ്ടതില്ല.

ജമാഅത്തെ ഇസ്‌ലാമി കേവല മത സംഘടനയല്ല, രാഷ്ട്രീയ പാര്‍ട്ടിയല്ല, സാംസ്‌കാരിക സംഘടനയല്ല. എന്നാല്‍, നാനാജാതി മതസ്ഥരെ ദൈവിക മാര്‍ഗത്തില്‍ അണിനിരത്തി, വ്യക്തിസംസ്‌കരണത്തിലൂടെ, ധാര്‍മികാടിത്തറയില്‍ സമൂഹത്തിന്റെ പുനര്‍നിര്‍മാണവും രാഷ്ട്രത്തിന്റെ പുനഃസംവിധാനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആദര്‍ശവിപ്ലവപ്രസ്ഥാനമാണ്. ഈ നിര്‍വചനത്തിന്റെ സമഗ്രതയും മുന്‍ഗണനാക്രമവും പ്രസ്ഥാനത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷവും ജനാധിപത്യപരവുമായ രാഷ്ട്രീയാന്തരീക്ഷം നിലനിന്നാല്‍ മാത്രമേ പൗരന്മാരുടെ നാനാവിധ അവകാശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂ എന്ന ഉറച്ച ബോധ്യം ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. സമഗ്രാധിപത്യപരമോ ഏകാധിപത്യപരമോ ആയ ശക്തികള്‍ അധികാരത്തിലെത്താനുള്ള സാധ്യതകള്‍ തെളിഞ്ഞുവന്നപ്പോഴൊക്കെ, അതിനെതിരെ ഉത്തരവാദിത്തത്തോടെ ഇസ്‌ലാമിക പ്രസ്ഥാനം രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് വോട്ട് ചെയ്യാനുള്ള അവകാശം ആദ്യമായി ഉപയോഗപ്പെടുത്തിയത് ഉദാഹരണം. തുടര്‍ന്നിങ്ങോട്ട് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളോ ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ ശത്രുക്കളോ അധികാരത്തില്‍ വരാതിരിക്കാനും ആസൂത്രിതമായി മുസ്‌ലിംകളെ അധികാര സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ചെറുക്കാനുമൊക്കെ ഇസ്‌ലാമിക പ്രസ്ഥാനം രംഗത്തുവന്നു. രാജ്യത്തെ ദേശീയ, പ്രാദേശിക മതേതര കക്ഷികള്‍ പരസ്പരം പോരടിക്കാതെ നോക്കാനും ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനും പ്രസ്ഥാനം ആവത് ശ്രമിക്കുകയുണ്ടായി. മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി പോലുള്ള പൊതുവേദികള്‍ക്ക് രൂപം നല്‍കി.
ഇന്നും മതേതര ശക്തികളുടെ അകല്‍ച്ചയിലും ശൈഥില്യത്തിലുമാണ് സംഘ്പരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയിരിക്കുന്നത്. 31 ശതമാനം വോട്ടുകള്‍ മാത്രമാണ് ഭരിക്കുന്ന മുഖ്യ കക്ഷിക്കുള്ളത്. ഭൂരിപക്ഷം രാജ്യനിവാസികളും വര്‍ഗീയമായി ചിന്തിക്കുന്നവരോ സങ്കുചിത ദേശീയതയുടെ വക്താക്കളോ അല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം വര്‍ഗീയവും സാമുദായികവുമായ ഇടങ്ങളില്‍ ജനങ്ങളുടെ ചിന്തയെ കുടുക്കിയിടാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. പൊതുമനസ്സുകള്‍ വന്‍തോതില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടാല്‍ മാത്രമേ സംഘ് പരിവാറിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവൂ. കലാപങ്ങള്‍ സൃഷ്ടിക്കുക, അതില്‍നിന്ന് മുതലെടുപ്പ് നടത്തി അധികാരത്തിലെത്തുക എന്നത് അവരുടെ കാര്യപരിപാടി തന്നെയാണ്.

സംഘ്പരിവാറിന്റെ പ്രഥമ ടാര്‍ഗറ്റ് മുസ്‌ലിം സമുദായമാണ്. മുസ്‌ലിം സമുദായത്തെ വര്‍ഗീയവല്‍ക്കരിച്ചാല്‍ മാത്രമേ പൊതുസമൂഹത്തില്‍നിന്ന് വിഭവസമാഹരണം നടത്താനാവൂ എന്ന തിരിച്ചറിവ് സംഘ് പരിവാറിനുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിന്റെ കെടുതി രാജ്യം ഒരിക്കല്‍ അനുഭവിച്ചതാണ്. സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ ഏകമുഖത്തോടെ സമരം മുന്നോട്ടു പോയപ്പോള്‍ അതിനകത്തേക്ക് തല്‍പരകക്ഷികള്‍ കടത്തിവിട്ട സാമുദായികതയുടെ വിഷബീജമാണ് രാജ്യത്തിന്റെ വിഭജനമായി പരിണമിച്ചത്. ഏഴു പതിറ്റാണ്ടിനിപ്പുറവും അതിന്റെ കെടുതികളില്‍നിന്ന് രാജ്യം മുക്തമല്ല. അതിന്റെ ആവര്‍ത്തനമാണ് സംഭവിച്ചുകൊïിരിക്കുന്നത് എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. പ്രത്യേക സമുദായങ്ങളില്‍ പെട്ടവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനോ ഭക്ഷണം പാകം ചെയ്യാനോ സാധിക്കാത്ത സാഹചര്യം ഭയാനകമാണ്. പൗരസമൂഹം അരക്ഷിതമാവുന്നതോടെ രാജ്യം ദുരിതങ്ങളുടെ തീരാക്കയത്തിലേക്ക് എടുത്തെറിയപ്പെടുമെന്ന് തീര്‍ച്ചയാണ്. പല രാജ്യങ്ങളിലെയും നിലക്കാത്ത ആഭ്യന്തര സംഘര്‍ഷങ്ങളും കൂട്ടക്കുരുതികളും വെടിയൊച്ചകളും നല്‍കുന്ന സന്ദേശമതാണ്. പൊതുസമൂഹവും സമുദായവും ഭരണകൂടവും എല്ലാം ചേര്‍ന്ന് ഇതിനെ ഒറ്റക്കെട്ടായി നേരിടേണ്ടത് അനിവാര്യമാണ്.

എന്നാല്‍ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ ഇത്തരം സമീപനങ്ങളോടുള്ള പ്രതികരണമെന്ത് എന്നത് പ്രധാനമാണ്. ഈ സാഹചര്യത്തിലും സ്വന്തം അസ്തിത്വവും സാംസ്‌കാരിക വ്യക്തിത്വവും പൗരാവകാശങ്ങളും സംരക്ഷിക്കാന്‍ മുസ്‌ലിം സമുദായം സജ്ജമാവേണ്ടതുെണ്ടന്നും അവരെ അതിന് സജ്ജമാക്കല്‍ സ്വന്തം ഉത്തരവാദിത്തമാണെന്നും ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. സംഘടന നിര്‍ണയിച്ചുവെച്ച ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിന് ഇവ അനിവാര്യ ഘടകങ്ങളുമാണ്. സംഘ്പരിവാറിന്റെ കുതന്ത്രങ്ങളെ കുറിച്ച് സമുദായത്തെ ബോധവല്‍ക്കരിക്കല്‍ ഇതിന്റെ പ്രഥമ പടിയാണ്. സംഘ്പരിവാറിന്റെ തന്ത്രങ്ങള്‍ക്ക് ബലം നല്‍കുന്ന നിലപാട് ഒരിക്കലും മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തു നിന്നുണ്ടാകരുത്. സാമുദായികമോ വര്‍ഗീയമോ പക്ഷപാതപരമോ ആയ നിലപാടുകളില്‍ സമുദായം പെട്ടുപോകുന്നത് സംഘ്പരിവാറിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. വംശീയ ഉന്മൂലനത്തെ കലാപം കൊണ്ട് മറികടക്കാനാവില്ല. വെറുപ്പിനെ സ്‌നേഹം കൊേണ്ട പരാജയപ്പെടുത്താനാവൂ. സമാധാനപരവും സംവാദാത്മകവുമായ അന്തരീക്ഷം നിലനിര്‍ത്തി പൊതുമനസ്സാക്ഷിയെ അനുകൂലമാക്കുകയും ഫാഷിസ്റ്റ് വിരുദ്ധമാക്കിത്തീര്‍ക്കുകയുമാണ് ഇസ്‌ലാമികമായ വഴി. പ്രവാചകന്മാരുടെ പാത അതിനേ സാധുത നല്‍കുന്നുള്ളൂ.

കേരളം സംഘ്പരിവാറിന്റെ പ്രത്യേക ശ്രദ്ധയുള്ള സംസ്ഥാനമാണ്. കേരളത്തിന്റെ സവിശേഷമായ സഹവര്‍ത്തിത്വത്തിന്റേതും സഹകരണത്തിന്റേതും ഉള്‍ക്കൊള്ളലിന്റേതുമായ സംസ്‌കാരം തെല്ലൊന്നുമല്ല ഫാഷിസ്റ്റ് ശക്തികളെ അസ്വസ്ഥപ്പെടുത്തുന്നത്. ഫൈസല്‍, റിയാസ് മൗലവി വധങ്ങളും നിലമ്പൂരിലെ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കലുമെല്ലാം കലാപം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത പദ്ധതികളായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഈയിടെയുണ്ടായ സന്ദര്‍ശനവും ദുസ്സൂചനകളാണ് നല്‍കുന്നത്. കേരളത്തിനു മുകളില്‍ തൂങ്ങിയാടുന്ന ഭീഷണിയെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുണ്ട്.

വര്‍ഗീയ ഫാഷിസവും അതിന്റെ വ്യത്യസ്തങ്ങളായ കൈവഴികളുമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഈ വിപത്തിനെ പരാജയപ്പെടുത്തുക തന്നെ വേണം. മതനിരപേക്ഷ മനസ്സുകളുടെ കൂട്ടായ്മയിലൂടെ പ്രതിരോധത്തിന്റെ മതിലുകള്‍ പണിയേണ്ടതുണ്ട്. സ്ഥാപിത, സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇക്കാര്യത്തില്‍ വരുത്തുന്ന ഏതു അമാന്തത്തിനും ഭാവികേരളം കനത്ത വില നല്‍കേണ്ടി വരും. ഫാഷിസ്റ്റ് വിരുദ്ധ വികാരത്തിന്റെ ചെറിയൊരംശം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരാളെയും സംഘത്തെയും കൂടെ കൂട്ടിയാണ് ഈ സമരം നയിക്കേണ്ടിത്. അത്തരം സംഘങ്ങളുടെയും വ്യക്തികളുടെയും ആദര്‍ശത്തോടും ആശയത്തോടും മൗലികമായി വിയോജിപ്പുണ്ടായിരിക്കുമ്പോഴും രാജ്യം നേരിടുന്ന മഹാമാരിക്ക് തടയിടുക എന്നതാണ് എത്രയും പ്രാധാന്യമുള്ള കാര്യം.

കേരളത്തിന്റെ പൊതുമനസ്സ് അതിവേഗം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്നതും കാണാതിരുന്നു കൂടാ. പുറമേ മതേതരമായിരിക്കുമ്പോഴും അകമേ സംഘ്പരിവാറിന്റെ സാംസ്‌കാരിക അജണ്ടകള്‍ക്ക് ബഹുമാനാദരങ്ങള്‍ അര്‍പ്പിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. സോഷ്യല്‍ മീഡിയയിലെ സംഘ് സാന്നിധ്യവും കേരളം ഇതിനകം കണ്ട പലതരം വിവാദങ്ങളും ഇതിനുദാഹരണമാണ്. ഇസ്‌ലാമുമായോ മുസ്‌ലിംകളുമായോ ബന്ധപ്പെട്ട എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥയാണുള്ളത്. തൊട്ടടുത്ത അയല്‍വാസി വരെ സംശയത്തിന്റെ നിഴലിലാണ്. ഇസ്‌ലാമും മുസ്‌ലിംകളും വെറുക്കപ്പേടേണ്ടവരാണ് എന്ന ധാരണ രൂഢമൂലമായിക്കൊണ്ടിരിക്കുന്നു.

ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും സ്ഥിരചിത്തതയോടെ നിലയുറപ്പിക്കാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. ഭീരുവാകരുത്, വിവേകം കൈവിടാനും പാടില്ല. ശത്രുവിന്റെ കുതന്ത്രങ്ങളെ പ്രതിരോധിക്കണം, പക്ഷേ, 'തിന്മയെ മികച്ച നന്മകൊണ്ട് പ്രതിരോധിക്കുക, അപ്പോള്‍ ഏത് കടുത്ത ശത്രുവും ആത്മമിത്രമായിത്തീരും' എന്ന ഖുര്‍ആന്റെ ഉദ്‌ബോധനത്തെ വിസ്മരിക്കരുത്. കലവറകളില്ലാതെ മുഴുവന്‍ മനുഷ്യരുമായി ഉറ്റബന്ധം സ്ഥാപിക്കുക. മനുഷ്യബന്ധങ്ങളിലൂടെ മാത്രമേ വെറുപ്പിന്റെ കാലത്തെ അതിജീവിക്കാനാവൂ. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച തെറ്റിദ്ധാരണ മാത്രമാണ് അവരുടെ അകല്‍ച്ചക്കും ശത്രുതക്കും കാരണം. അവര്‍ണനെയും സവര്‍ണനെയും വെള്ളക്കാരനെയും കറുത്തവനെയും സ്വദേശിയെയും പരദേശിയെയും ഒരുപോലെ സ്‌നേഹിക്കാന്‍ കഴിയുന്ന ഇസ്‌ലാമിനെയാണ് അവര്‍ക്കാവശ്യം. അവര്‍ക്കതനുഭവപ്പെടേണ്ടത് മുസ്‌ലിം സമുദായത്തിന്റെ ഇസ്‌ലാമിക പ്രതിനിധാനത്തിലൂടെയാണ്.
''ഇപ്രകാരം നാം നിങ്ങളെ ഒരു മിതസമുദായമാക്കിയിരിക്കുന്നു, നിങ്ങള്‍ ലോകജനങ്ങള്‍ക്ക് സാക്ഷികളാവുന്നതിനു വേണ്ടി; ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാന്‍ വേണ്ടിയും.''