മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചു നിൽക്കട്ടെ

(2017 ജുലൈ 10 കോഴിക്കോട് നടന്ന വർഗീയ ഭീകരതക്കെതിരെയുള്ള സാഹോദര്യസംഗമത്തിൽ നടത്തിയ അധ്യക്ഷ ഭാഷണം)
ഈ രാജ്യത്തിലെ നന്മേച്ഛുക്കളായ മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സംഗമത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. നമ്മുടെ രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സംഗമങ്ങള്‍. എന്തെല്ലാം മഹത്തായ മൂല്യങ്ങളാണോ നമ്മുടെ രാജ്യം ഉയര്‍ത്തിപ്പിടിച്ചത്, എന്തെല്ലാം സ്വപ്‌നങ്ങളാണോ നാം കാത്തു സൂക്ഷിച്ചത് അവയൊക്കെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ചരിത്രഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. നാനാത്വത്തില്‍ ഏകത്വം, ഒരു മലര്‍വാടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്ഥ പുഷ്പങ്ങള്‍, വൈവിധ്യങ്ങളോടൊപ്പം കെട്ടുറപ്പുള്ള ഒരു ജനത, ഒരു രാജ്യം- അതൊക്കെ തല്ലിത്തകര്‍ത്ത് ഏക സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുളള തീവ്രമായ ശ്രമങ്ങളാണ് വര്‍ഗ്ഗീയ ഭീകരതയുടെ ഭാഗത്ത് നിന്ന് നാട് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ സംഘടിപ്പിക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങള്‍ രാജ്യത്തെ വര്‍ഗീയ ധ്രൂവീകരണത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കെതിരെയും നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുകയാണ്. കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രണങ്ങളാണ് രാജ്യത്തെ നയിച്ചു കൊണ്ടിരിക്കുകയും പിന്തുണക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കക്ഷികളും പാര്‍ട്ടികളും ഭരണകൂടത്തിന്റെ പിന്‍ബലത്തോടു കൂടി ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

ഈ നാട് വര്‍ഗീയമായി ധ്രൂവീകരിക്കപ്പെടണം, ചേരി തിരിയണം, പരസ്പരം അറുകൊല ചെയ്യണം, അതിലൂടെ തങ്ങളുടെ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കണം ഇതാണ് ഫാഷിസ്‌ററ് ശക്തികള്‍ ഇവിടെ ഉന്നമിട്ടിരിക്കുന്നത്. ഇത് നാടിനെ തികഞ്ഞ അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും ആണ് നയിക്കുക. ഒരു ഭരണകൂടം നിലനില്‍ക്കെ രാജ്യത്തെ പൗരന്മാര്‍ക്ക് സുരക്ഷയില്ല, അവരെവിടെ വെച്ചും വേട്ടയാടപ്പെടും, അതിക്രമിക്കപ്പെടും എന്നൊരവസ്ഥ സംജാതമായാല്‍ അത് പിന്നീടൊരാള്‍ക്കും പിടിച്ചുവെക്കാന്‍ കഴിയാത്ത വലിയ അപകടത്തിലേക്ക് രാജ്യത്തെ നയിക്കും. അങ്ങിനെയുള്ള പല രാജ്യങ്ങളും ഇന്ന് ലോകത്തിന്റെ ഭൂപടത്തിലുണ്ട്. ആഭ്യന്തരമായ സംഘട്ടനങ്ങള്‍ ആ രാജ്യങ്ങളെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അങ്ങിനെ ഒരു സാഹചര്യം വരരുത് എന്ന് നന്മേച്ഛുക്കളായ മുഴുവന്‍ ആളുകളും ആഗ്രഹിക്കുന്നു.

മുസ്‌ലിം സമൂഹം ഇവിടെ വര്‍ഗ്ഗീയ വല്‍ക്കരിക്കപെടണമെന്നതാണ് ആത്യന്തിക ഫാഷിസ്റ്റുകളുടെ ലക്ഷ്യം. പൊതുസമൂഹത്തില്‍ നിന്ന് തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കണമെങ്കില്‍ നാട് വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെടട്ടെ എന്നാണവര്‍ ചിന്തിക്കുന്നത്. നമുക്കറിയാം നമ്മുടെ നാടിന്റെ ചരിത്രത്തില്‍ അതു കൊണ്ട് ഒരു നേട്ടവുമുണ്ടായിട്ടില്ല. വര്‍ഗീയതയുടെയും വംശീയതയുടെയും വിഭാഗീയതയുടെയും വില വേണ്ടുവോളം കൊടുത്തിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത്. ജാതിമതഭേതമന്യേ ഈ നാട്ടിലെ ഒരു മനുഷ്യനും അതു കൊണ്ട് നേട്ടമുണ്ടാവുകയില്ലെന്ന് മാത്രമല്ല വലിയ പരാജയവും വിപത്തും മാത്രമേ ഉണ്ടാവൂ. സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന ഈ ശ്രമങ്ങളെ വര്‍ഗീയ കലാപങ്ങളിലേക്ക് തിരിച്ചു വിടാനുള്ള ശ്രമങ്ങളെ മുഴുവന്‍ ആളുകളെയും ഒരുമിച്ചു നിര്‍ത്തി, മറ്റെന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആ അഭിപ്രായ വ്യത്യാസങ്ങളെയൊക്കെ മാറ്റി നിര്‍ത്തി പൊതു നന്മക്കും ക്ഷേമത്തിനും നമ്മളൊന്നിച്ചു നില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമി ഈ രാജ്യ നിവാസികളോട് പറയുന്നത്. രാജ്യത്തിന്റെ ഏറ്റവും ഭീകരമായ ഈ വിപത്തിനെ പ്രതിരോധിക്കാനും തടയിടാനും ജാതിമത ഭേതമന്യേ മുഴുവന്‍ മനുഷ്യരും ബാധ്യസ്ഥരാണെന്ന് നാം മനസ്സിലാക്കുന്നു. ഈ നാട്ടില്‍ അവശേഷിക്കുന്ന നന്മകളുണ്ട്. ആ നന്മകളാണ് നമ്മെ നിലനിര്‍ത്തിയിട്ടുള്ളത്. ഇവരുടെ കുത്സിതമായ ശ്രമങ്ങളെ ഈ രാജ്യമുയര്‍ത്തിപ്പിടിക്കുന്ന നന്മകളും മൂല്യങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുക്കും. ഈ വര്‍ഗ്ഗീയ ഭ്രാന്തിനെ പിടിച്ചു കെട്ടുക തന്നെ ചെയ്യും. ഒരുമിച്ചുള്ള മുന്നേറ്റങ്ങള്‍ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സംഭവിക്കുക തന്നെ ചെയ്യും


യഥാര്‍ഥ്യത്തില്‍ മതേതരമായി ചിന്തിക്കുവരുടെ ഇടയിലുള്ള ശൈഥില്യമാണ് ഇക്കൂട്ടര്‍ മുതലെടുത്തിട്ടുള്ളത്. 33 ശതമാനത്തില്‍ താഴെ വോട്ടു വാങ്ങി കൊണ്ടാണ് അവര്‍ അധികാരത്തില്‍ എത്തിയത്. 67 ശതമാനത്തിലേറെ വോട്ടര്‍മാര്‍ ഇവര്‍ക്കെതിരാണ് എന്നര്‍ഥം. പക്ഷെ അവയെ ബോധ പൂര്‍വ്വം ഈ വര്‍ഗ്ഗീയമായ വിപത്തിനെ തടയാന്‍ പ്രയോഗപ്പെടുത്തിയില്ല എന്ന അബന്ധമാണ് രാജ്യത്തെ മതേതര കക്ഷികള്‍ക്ക് സംഭവിച്ചത്. ഭാവിയില്‍ ആ തെറ്റു തിരുത്താന്‍ നമുക്ക് സാധ്യമായിത്തീരണം. നമ്മുടെ നാട് നിലനില്‍ക്കണമോ വേണ്ടയോ ഇതാണ് മര്‍മ്മപ്രധാനമായിട്ടുള്ള ചോദ്യം. രാജ്യത്തിന്റെ ഭരണഘടന, അതിന്റെ ജനാധിപത്യപരമായിട്ടുള്ള സ്വഭാവം, ഇവിടുത്തെ മതേതരമായിട്ടുള്ള അവസ്ഥ, അങ്ങിനെയുള്ളൊരു സമൂഹം- ഇതെല്ലാം ഇവിടെ നിലനില്‍ക്കണമോ വേണ്ടയോ? രാജ്യത്തിന്റെ അസ്ഥിത്വത്തെ തന്നെ തകര്‍ത്തിക്കളയുന്ന രീതിയിലാണ് ആത്യന്തിക ഫാഷിസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അതിനാല്‍ അതിനെ തടയിടുക തന്നെ ചെയ്യണം. ഒന്നിച്ചഭിമുഖീകരിക്കാന്‍ നമുക്ക് സാധിക്കണം. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എത്ര തന്നെ പ്രകോപന പരമായ സാഹചര്യങ്ങള്‍ വന്നാലും അവര്‍ പ്രകോപിതരാകാതെ, വര്‍ഗ്ഗീയ ധ്രൂവീകരണത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കാതെ രാജ്യത്തിന്റെ നന്മക്ക് വേണ്ടി, മാനവികമായ കരുത്തോടു കൂടി ഈ വര്‍ഗ്ഗീയതയെ അഭിമുഖീകരിക്കാന്‍ നമുക്ക് സാധിക്കണം. നമ്മളെത്രമേല്‍ വളര്‍ന്നു വന്നിട്ടും ജാതീയതയുടെ പേരിലുള്ള അതിക്രമങ്ങള്‍ ഇന്നും രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദളിത് വിദ്യാര്‍ഥികള്‍ക്ക് മാന്യമായി പഠിക്കാന്‍ സ്വതന്ത്ര ഭാരതത്തിലെ കാമ്പസുകള്‍ക്ക് സാധ്യമാവുന്നില്ലായെങ്കില്‍ എഴുപത് കൊല്ലം കൊണ്ട് നമ്മള്‍ നേടിയെടുത്ത ജനാധിപത്യപരമായ സമത്വഭാവനയെ സംബന്ധിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ എവിടെയാണ് ചെന്നു നില്‍ക്കുന്നതെന്ന് തീര്‍ച്ചയായും നാം ചിന്തിക്കേണ്ടതുണ്ട്. ഇവിടെ തിരുത്താനും നന്മയുടെ മാര്‍ഗത്തില്‍ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള കൂട്ടായ പരിശ്രമങ്ങള്‍ ഈ നാട് സ്വീകരിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഈ വേദി നമ്മോട് സംസാരിക്കുന്നത്. മത-ജാതി-വര്‍ണ്ണ പക്ഷപാതിത്വങ്ങള്‍ക്കധീതമായി മാനവികതയിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി ഈ കൊടും വിപത്തിനെ നേരിടാനുള്ള ഈ പരിശ്രമത്തില്‍ നമുക്ക് ഒന്നിച്ച് അണിചേരാന്‍ ഈ മഹാസംഗമം പ്രചോദകമായിതീരുമാറാകട്ടെ.