ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ കടുത്ത ദുരിതമാണനുഭവിക്കുന്നത്. ഇവരുടെ സഹായധനം വര്‍ധിപ്പിക്കണം. കടലില്‍ നിന്ന് രക്ഷപ്പെട്ടവരെ സ്വാഭാവിക ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം അടിയന്തരമായി നടക്കേണ്ടതുണ്ട്. ദുരന്തത്തിന്റെ പ്രത്യക സാഹചര്യം കണക്കിലെടുത്ത് നഷ്ടപരിഹാരത്തിനുള്ള ഏഴു വര്‍ഷമെന്ന കാലപരിധി ഒഴിവാക്കണം. കാണാതായവരെക്കുറിച്ച് സര്‍ക്കാറും സന്നദ്ധസംഘങ്ങളും ശേഖരിച്ച കണക്കില്‍ അന്തരമുണ്ട്. അതു പരിഹരിക്കണം. ഭാവിയില്‍ ദുരന്ത ലഘൂകരണത്തിന് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെയും തിരിച്ചു വരുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സ്ഥിരസംവിധാനം ഏര്‍പ്പെടുത്തണമെന്നും ദുരിതമേഖലകള്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമീര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി ശാക്കിര്‍, അസി.സെക്രട്ടറി എ മെഹബൂബ്, ജില്ലാ പ്രസിഡന്റ് എച്ച് ഷഹീര്‍ മൗലവി, ജില്ലാ സെക്രട്ടറി എ അന്‍സാരി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സക്കീര്‍ നേമം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.