State News

കേരളം ഇന്ത്യന്‍ ജനതയ്ക്ക് മാതൃക – സയ്യിദ് സആദത്തുള്ള ഹുസൈനി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിഭാഗീയതയേയും അക്രമങ്ങളേയും പ്രതിരോധിക്കുന്നതില്‍ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുള്ള ഹുസൈനി. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ നേതാക്കള്‍ക്ക് കൊച്ചിയില്‍ നല്‍കിയ പൗര സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനമായി മൂന്നു പ്രധാന പ്രശ്നങ്ങളെയാണു രാജ്യം അഭിമുഖീകരിക്കുന്നത്. അതിലൊന്നാമത്തേത് വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളാണ്. രാജ്യത്തെ നിയമങ്ങളേയും സംവിധാനങ്ങളേയും നോക്കുകുത്തികളാക്കി കൊണ്ട് രാജ്യത്ത് മുഴുവന്‍ അക്രമണങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. രാജ്യ നിവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ധ്രുവീകരണമാണു ഇന്ത്യ നേരിടുന്ന രണ്ടാമത്തെ പ്രശ്നം. എല്ലാ മാനവിക മൂല്യങ്ങളേയും ഇല്ലാതാക്കി കൊണ്ട് മതത്തിന്റെ പേരിലും ഭാഷയുടെ പേരിലുമൊക്കെ ദ്രുവീകരിക്കപ്പെട്ട സമൂഹമായി ഇന്ത്യന്‍ ജനത മാറിയിരിക്കുന്നു. വര്‍ധിച്ചു വരുന്ന അസമത്വമാണു മൂന്നാമത്തെ പ്രശ്നം. സാമ്പത്തികമായും സാമൂഹികമായുമുള്ള അസമത്വം വലിയ അളവില്‍ നിലനില്‍ക്കുന്നു എന്നത് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികയാണ്. സമ്പന്നര്‍ വീണ്ടും വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുന്നു, ദരിദ്രര്‍ വീണ്ടും വീണ്ടും ദരിദ്രരായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്‍റെ ഭൂരിഭാഗം വിഭവങ്ങളും ഏതാനും സമ്പന്നരില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ നേരിടുന്ന ഈ മൂന്നു പ്രശ്നങ്ങളേയും ഒന്നിച്ചു നേരിടാന്‍ ഇവിടെയുള്ള സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുള്ള ഹുസൈനിക്കുള്ള ഉപഹാരം സ്വാഗത സംഘം ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ധീനും സെക്രട്ടറി ജനറല്‍ ടി ആരിഫലിക്കുള്ള ഉപഹാരം പ്രൊഫസര്‍ കെ.അരവിന്ദാക്ഷനും കൈമാറി.അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി ആരിഫലി മറുപടി പ്രസംഗം നടത്തി. സ്വാമി ധര്‍മ്മ ചൈതന്യ, ഫാദര്‍ പോള്‍ തേലക്കാട്ട്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, അനൂപ് വി.ആര്‍, ജമാഅത്തെ ഇസ്്ലാമി ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദാലി,കൊച്ചി സിറ്റി പ്രസിഡന്റ് എം.പി.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്്ലാമി കേന്ദ്ര അസിസ്റ്റന്റ് അമീറുമാരായ എഞ്ചിനീയര്‍ മുഹമ്മദ് സലീം, മുഹമ്മദ് ജഅ്ഫര്‍, എസ്.അമീനുല്‍ ഹസ്സന്‍, സ്വാഗതസംഘം ഭാരവാഹികളായ അഡ്വ.ടി.പി.എം.ഇബ്രാഹിം ഖാന്‍, കെ.കെ.അബൂബക്കര്‍, സി.എച്ച്.അബ്ദുറഹീം, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗങ്ങളായ പി.പി.അബ്ദുറഹ്മാന്‍ പെരിങ്ങാടി, കെ.എ.യൂസുഫ് ഉമരി, ടി.കെ.ഹുസൈന്‍, ഷഹീര്‍ മൗലവി, എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ.അബൂബക്കര്‍ ഫാറൂഖി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Comment here