State News

ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി ആരിഫലിക്ക് സ്വീകരണം

ഉത്തരേന്ത്യയിലെ അവശ-പിന്നാക്ക ജനവിഭാഗങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ കേരളത്തിൻറെ വിഭവങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് ടി ആരിഫലി . ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ട ടി.ആരിഫലിക്ക് ജമാഅത്തെ ഇസ്ലാമി കേരളയുടെ ആസ്ഥാനമായ ഹിറാസെൻററിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതൃത്വത്തിന്റെ അഭാവമാണ് ദേശീയ തലത്തിൽ ഇന്ത്യൻ മുസ്ലിംകൾ നേരിടുന്ന വലിയ പ്രതിസന്ധി. ഭാഷാ പരിജ്ഞാനമുൾപ്പടെയുള്ള ശേഷികൾ ആർജിച്ച് ദേശീയ നേതൃപദവിയിലേക്ക് വളരാൻ കേരളത്തിലെ പുതുതലമുറ സന്നദ്ധമാവണം. രാജ്യം ഏറെ പ്രതിസന്ധികൾ നേരിടുന്ന ഈ ഘട്ടത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ ജമാഅത്ത് പ്രവർത്തകർ സന്നദ്ധമാവേണ്ടതുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾക്ക് മുഴുവൻ ആളുകളുടെയും പിന്തുണ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം. സാലിഹ്, എസ്.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ് ടി.എ, പ്രബോധനം എഡിറ്റർ ടി കെ ഉബൈദ് ,പി.സി. ബഷീർ, ടി.ശാക്കിർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈൻ സ്വാഗതവും ടി.പി യൂനുസ് ഖിറാഅത്തും നടത്തി.

Comment here