State News

മതങ്ങളെ സ്വാർഥതാൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് ഭീകരവാദികൾ-കെ.മുരളീധരൻ എം.എൽ.എ

 

മതങ്ങളെ സ്വാർഥതാൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് ഭീകരവാദികളെന്ന് കെ. മുരളീധരൻ എം.എൽ.എ. ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിച്ച STAND WITH SRILANKA ഐക്യദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യരെ കൊല്ലുന്നതോ പരസ്പരം ഭിന്നിപ്പിക്കുന്നതോ യഥാർഥ മതങ്ങളുടെ രീതിയല്ല. എല്ലാ മതങ്ങളും കൊലപാതകങ്ങളെ എതിർക്കുന്നവരാണ്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ മതവിശ്വാസികളല്ല. ശ്രീലങ്കപോലൊരു കൊച്ചുരാജ്യത്തിലുണ്ടായ ഭീകരാക്രമണം അവർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ഈയവസരത്തിൽ നാം നടത്തുന്ന എല്ലാതരംഐക്യദാർഢ്യങ്ങളും മാനവികതക്കും മനുഷ്യത്വത്തിനുംകൂടിയുള്ള ഐക്യദാർഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്്ദുൽ അസീസ് സംഗമംഉദ്ഘാടനം ചെയ്തു. ഭീകരവാദത്തിനും തീവ്രവാദത്തിനും മതമില്ലെന്ന് അദ്ദേഹംപറഞ്ഞു. ശ്രീലങ്കക്കുണ്ടായ നഷ്ടം മനുഷ്യരാശിക്കുണ്ടായ നഷ്ടമാണ്. ആക്രമണത്തിലെ ഇരകളോട് പുർണമായും ഉപാധികളില്ലാതെയും ഐക്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എച്ച്.ഷഹീർ മൗലവി അധ്യക്ഷത വഹിച്ചു.ഫ. യൂജിൻ പെരേര, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ജോസഫ് ജോൺ, മാധ്യമം എഡിറ്റർ ഒ. അബ്്ദുറഹ്മാൻ, ഫാദർ ഡോ. ജ്ഞാനദാസ്, ടി. ശാക്കിർ, എം മെഹബൂബ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരം സിറ്റി പ്രസിഡൻറ് എ. അൻസാരി സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഗാന്ധിപ്പാർക്കിൽ നടന്ന സംഗമത്തിന് മുന്നോടിയായി തമ്പാനൂർഎസ്.എം.വി സ്‌കൂളിന് മുന്നിൽ നിന്ന് കുട്ടികളുടെ ഐക്യദാർഢ്യ പ്രകടനവും നടന്നു

Comment here