Uncategorized

കവളപ്പാറയിൽ 60 ദുരിതബാധിതർക്ക് വീടുവെച്ച് നൽകാൻ പദ്ധതി ഒരുങ്ങുന്നു

മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സ്ഥലവും വീടും പൂർണ്ണമായി നഷ്ടപ്പെട്ട 60 കുടുംബങ്ങൾക്കും വീടും സ്ഥലവും നൽകാൻ പദ്ധതി തയ്യാറാക്കി. സാമൂഹ്യ ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷനും ഇംപെക്സും ചേർന്നാണ് വീടുകൾ ഒരുക്കുന്നത്.

വീടിനാവശ്യമായ സ്ഥലം പി.വി.അബ്ദുൽ വഹാബ് എം.പി മുഖ്യരക്ഷാധികാരിയും പി.വി.അൻവർ എം.എൽ.എ ചെയർമാനുമായ റീ ബിൽഡ് നിലമ്പൂർ സർക്കാരുമായി സഹകരിച്ച് കണ്ടെത്തി നൽകും. 500 ച. അടി തറ വിസ്തീർണ്ണമുള്ള വീടാണ് ഓരോ കുടുംബത്തിനുമായി നിർമ്മിക്കുക. സ്ഥലവില കൂടാതെ ഏകദേശം 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇതിൽ 2.5 കോടി രൂപ പീപ്പിൾസ് ഫൗണ്ടേഷൻ വഹിക്കും. 1.5 കോടി രൂപ ഇംപെക്സ് ഗ്രൂപ്പാണ് വഹിക്കുക.

നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസികളുടെ സഹായം സമയബന്ധിതമായി പ്രവർത്തി പൂർത്തീകരിക്കാൻ ലഭ്യമാക്കാൻ ശ്രമിക്കും. സ്ഥലം ലഭ്യമാകുന്ന മുറക്ക് പത്തു മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ പി.വി അൻവർ എം.എൽ.എ, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം.അബ്ദുൽ മജീദ്, ഇംപെക്സ് മാനേജിങ് ഡയരക്ടർ
സി. നുവൈസ് , ജനറൽ മാനേജർ പി.ഉമർ, ഡയരക്ടർ മുഹമ്മദലി പനച്ചിക്കൽ എന്നിവർ പങ്കെടുത്തു

Comment here