മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി: സര്‍ക്കാറിന്റെത് തികഞ്ഞ വിവേചനം- ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം മലബാറിലെ വിദ്യാര്‍ഥികളോടുള്ള വിവേചനമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വലിയ നിരുത്തരവാദിത്തമാണ് ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി കേരളത്തിലെ പൊതുസമൂഹവും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന വിഷയമാണ് ഹയര്‍ സെക്കണ്ടറി പഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ആവശ്യത്തിന് സൗകര്യമില്ലെന്ന വസ്തുത. ഇത് സര്‍ക്കാറിനും ബോധ്യപ്പെട്ടതാണ്. എന്നാല്‍ അതാത് വര്‍ഷങ്ങളില്‍ പരിമിതമായ അധിക സീറ്റുകള്‍ അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട വി.കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. മലബാറില്‍ പുതിയ സ്ഥിരം ബാച്ചുകളും സ്‌കൂളുകളും അനുവദിക്കുക, വിദ്യാര്‍ഥികളുടെ എണ്ണം 50ല്‍ പരിമിതപ്പെടുത്തുക തുടങ്ങിയ മലബാറിലെ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ശിപാര്‍ശകളിന്‍മേല്‍ ഇതുവരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അധ്യായനവര്‍ഷാരംഭത്തിന് മുമ്പേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്ന് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലും മലബാറില്‍ പുതിയ കോളജുകള്‍ അനുവദിക്കുകയും കോഴ്‌സുകള്‍ക്ക് സീറ്റുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന ശ്യാം പി മേനോന്‍ കമ്മീഷന്‍ ശിപാര്‍ശകളിലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തുന്നതില്‍ ഇടതുപക്ഷ സർക്കാറിനും അതിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും നയപരമായമായ വിയോജിപ്പോ സമ്മര്‍ദമോ ഉണ്ടെങ്കില്‍ അക്കാര്യം കേരളത്തോട് തുറന്നു പറയുകയാണ് വേണ്ടത്. തുടരുന്ന വിവേചനം ഒരിക്കലും അനുവദിക്കാനാവില്ലെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. കേരള അമീര്‍ പി. മുജീബ്‌റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എം.ഐ അബ്ദുല്‍ അസീസ്, വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, കെ.എ യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹകീം നദ്‌വി എന്നിവര്‍ സംസാരിച്ചു.

ഗവർണർ വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. എം.ഐ അബ്ദുൽ അസീസ്

തിരൂർ (മലപ്പുറം): കേരള ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘ് പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഇതിനെ ചെറുത്തു തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘ്പരിവാറിന് വിധേയപ്പെടുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിൽ സംഘ് പരിവാർ സ്വാധീനമുണ്ട്. അതിനെ അടിമുടി അഴിച്ചു പണിയാനുള്ള ആർജവം ഇടതുപക്ഷ സർക്കാർ പ്രകടിപ്പിക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേരള സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.ജന്റർ ന്യൂട്രൽ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങണമെന്നും അമീർ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച അധ്യാപക സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൻഡർ ന്യൂട്രാലിറ്റി നമ്മുടെ സമീപനം എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി.മുഹമ്മദ് വേളവും പാഠ്യപദ്ധതിയും ജൻഡർ ന്യൂട്രൽ ആശയങ്ങളും എന്ന വിഷയത്തിൽ ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരും സംസാരിച്ചു. ബഷീർ ഹസൻ നദ് വി അദ്ധ്യക്ഷത വഹിച്ചു. മലിക് ഷഹബാസ് സ്വാഗതവും ഹബീബ് ജഹാൻ സമാപനവും നിർവ്വഹിച്ചു.

പിഎഫ്ഐ നേതാക്കൾക്കെതിരായ നടപടി ഭരണകൂട ഭീകരത – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : തങ്ങളോട് വിയോജിക്കുന്ന വിഭാഗങ്ങളെയും സംഘടനകളെയും വ്യക്തികളെയും സർക്കാർ മെഷിനറി ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ അധികാരത്തിലെത്തിയതു മുതൽ സർക്കാറിന് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്നത് തുടരുകയാണ്. ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ ഇതിനായി ഉപയോഗപ്പെടുത്തുന്നു. രാഹുൽ ഗാന്ധി മുതൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു നേരെ വരെ നടന്നുകൊണ്ടിരിക്കുന്ന അന്യായ നടപടികൾ ഭരണകൂട ഭീകരതയുടെ ഭാഗമാണ്. ഭരണകൂടത്തെ വിമർശിക്കുകയും എതിർപക്ഷത്ത് നിൽക്കുകയും ചെയ്യുന്നവരെ പ്രത്യേകമായി ലക്ഷ്യമിടുകയാണ് സർക്കാർ. ജനാധിപത്യ സമൂഹത്തിൽ ഇതംഗീകരിക്കാനാവില്ല. വീടുകളും ഓഫീസുകളും റെയ്ഡ് ചെയ്തും പരിശോധിച്ചും സംശയത്തിൽ നിർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. സാമൂഹിക പ്രവർത്തകരും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരുമെല്ലാം കേന്ദ്ര ഏജൻസികളുടെ വേട്ടക്ക് വിധേയമാകുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്നും എം.ഐ അബ്ദുൽ അസീസ് ചൂണ്ടിക്കാട്ടി.