ജമാഅത്തെ ഇസ്‍ലാമി RSS കൂടിക്കാഴ്ച നടന്നിട്ടില്ല

[മാധ്യമങ്ങൾക്ക് ഇന്നലെ നൽകിയ വിശദീകരണം] ഒന്ന് രണ്ട് ദിവസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച കേരളീയ സമൂഹത്തില്‍ വളരെ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരാനുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ ചര്‍ച്ച നടന്നുവെന്നാണ് ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയും ആറെസ്സെസ്സും തമ്മിലല്ല, ഇന്ത്യയിലെ ചില പ്രബല മുസ്‌ലിം സംഘടനകളും ആറെസ്സെസ്സും തമ്മിലാണ് ചര്‍ച്ച നടന്നത്. ആ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമിയും ഭാഗവാക്കായി എന്നു മാത്രം. ശാഹിദ് സിദ്ധീഖ് (എക്‌സ് എം.പി സമാജ് വാദ് പാര്‍ട്ടി), സഈദ് ശര്‍വാനി, നജീബ് ജംഗ് ഐ.എ.എസ്, മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍ എസ്.വൈ ഖുറേശി തുടങ്ങി സമൂഹത്തില്‍ അറിയപ്പെട്ട ആളുകളാണ് ആ ചര്‍ച്ചക്ക് നേതൃത്വം കൊടുത്തത്. സംഘ്പരിവാറിന്റെ ഭാഗത്ത് നിന്നുള്ള ആവശ്യത്തെ മുന്‍നിര്‍ത്തികൊണ്ടാണ് അവര് ചര്‍ച്ചക്ക് ക്ഷണിച്ചത്. ആ ചര്‍ച്ചയില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് മുസ്‌ലിം സംഘടനകള്‍ കൂടിയിരുന്നാണ് ആലോചിച്ചത്. അറിഞ്ഞിടത്തോളം ഒറ്റപ്പെട്ട ക്ഷണങ്ങള്‍ വരുമ്പോഴൊന്നും മുസ്‌ലിം സംഘടനകള്‍ അതിനോട് പ്രതികരിച്ചിട്ടില്ല. മുസ്‌ലിം സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഈ ചര്‍ച്ചയെ അഭിമുഖീകരിക്കാം എന്നാണ് മുസ്‌ലിം സംഘടനകള്‍ ആലോചിച്ചെടുത്ത തീരുമാനം. മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്ന് അതില്‍ പങ്കെടുത്ത ഒരു സംഘടന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത, നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പേ ബ്രിട്ടീഷ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുള്ള ഇന്ത്യന്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്ന ശക്തമായ ഓര്‍ഗനൈസേഷനാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ദീനീ സ്ഥാപനമായ ദാറുല്‍ ഉലൂം ദുയൂബന്ദ് എന്ന സ്ഥാപനത്തിന് നേതൃത്വം കൊടുക്കുന്നതും ജംഇയ്യത്തുല്‍ ഉലമയാണ്. അവിടെ പഠിച്ച ധാരാളം പണ്ഡിതന്‍മാര്‍ കേരളത്തിലുള്‍പ്പടെ ലോകത്തെല്ലായിടത്തുമുണ്ട്. ജംഇയ്യത്തിനെ പ്രതിനിധീകരിച്ചു കൊണ്ട് മൗലാനാ നിയാസ് അഹമ്മദ് ഫാറൂഖി, മൗലാന ഫസലുര്‍റഹ്മാന്‍ എന്നിവരാണ് പങ്കെടുത്തത്. അതുപോലെ ബറേല്‍വികളും ചര്‍ച്ചയില്‍ പങ്കെടുത്തു. അജ്മീര്‍ ദര്‍ഗയുടെ ചിശ്തി ഫൗണ്ടേഷന്റെ ചെയര്‍മാനായ സയ്യിദ് സല്‍മാന്‍ ചിശ്തിയാണ് അവരെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പാരമ്പര്യ മുസ്‌ലിംകളുടെ വലിയൊരു വിഭാഗമാണ് ബറേല്‍വികള്‍. മൗലാന യൂസുഫ് അബ്ബാസ് ശിയാ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചും പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനെ പ്രതിനിധീകരിച്ചു കൊണ്ട് മലിക് മുഅ്തസിം ഖാനാണ് പങ്കെടുത്തത്. ആ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇവയാണ്. 1.മോഹന്‍ ഭഗവതിന്റെ നേതൃത്വത്തില്‍ ആറെസ്സെസ്സ് മുസ്‌ലിം ന്യൂനപക്ഷവുമായ ബന്ധപ്പെട്ടുണ്ടായ പ്രസ്താവന. 2.രാജ്യത്തിന്റെ പല ഭാഗത്തും വിയോജിക്കുന്നവര്‍ക്ക് നേരെ ബുള്‍ഡോസര്‍നിരത്തുന്ന അത്യന്തം അപകടകരമായ വംശീയ ഉന്‍മൂലന പ്രവണത. 3.മോബ് ലിഞ്ചിംഗ്. 4. ഹൈറ്റ് സ്പീച്ച്. 5. അന്യായമായ അറസ്റ്റ് 6. വ്യാപകമായി ആസ്സാമില്‍ ഉള്‍പ്പടെ നടന്നു കൊണ്ടിരിക്കുന്ന കുടിയൊഴിപ്പിക്കല്‍. 7. ന്യൂനപക്ഷ സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനപരമായ സമീപനം. ഇത്തരം കാര്യങ്ങളാണ് പതിനാല് പേര്‍ ഇരുന്ന് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയാകാമോ..വേണ്ടതില്ല എന്ന വിഷയത്തില്‍ പല അഭിപ്രായങ്ങളും ഉണ്ടാകാം. ചര്‍ച്ചയാകാമെന്നാണ് ജമാഅത്തിന്റെ നിലപാട്. എന്നാല്‍ സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ, സ്വജന പക്ഷരപാതപരമോ ആകരുത്. എന്തിന് വേണ്ടിയാണോ മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് ആ ആവശ്യത്തെ ഉയര്‍ത്തിക്കൊണ്ടാണ് ചര്‍ച്ച നടക്കേണ്ടത.് ഇന്ത്യയില്‍ കുറച്ച് കാലങ്ങളായി മുസ്‌ലിം സമൂഹം അരക്ഷിതാവസ്ഥയിലാണ് കഴിയുന്നത്. സംഘ്പരിവാറിന്റെ ഇര എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് മുസ്ലിം സമൂഹമുള്ളത്. സംഘ്പരിവാറിനെതിരായുള്ള പോരാട്ടത്തില്‍ ഒരുപാട് വഴിത്തിരിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നും സംഘ്പരിവാറിനോട് രാജിയാകാത്തവരാണ് മുസ്‌ലിം സാമൂഹ്യവിഭാഗം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സംഘ്പരിവാറിനെതിരെ ശക്തമായി ഇടപെടല്‍ നടത്തുന്ന സംഘടനയാണ്. നാസറും ജുനൈദും ചുട്ടു കൊല്ലപ്പെട്ടപ്പോള്‍ അവിടെ ഓടിയെത്തി അവര്‍ക്ക് നിയമസഹായം പ്രഖ്യാപിച്ചതും അവരാണ്. ഇന്ത്യയിലെല്ലായിടത്തും ഇത്തരം വിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. സംഘ്പരിവാറിനോട് നേരിട്ട് ഫൈറ്റ് ചെയ്യൂുന്ന മൂവ്‌മെന്റുകളാണിവയെല്ലാം. എന്‍.ആര്‍.സി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ അങ്ങനെ പല രൂപത്തിലൂടെയും ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം സംഘടനകളും ഉയര്‍ത്തിക്കൊണ്ടു വരാറുണ്ട്. സെക്യുലര്‍ പാര്‍ട്ടികളെ അതിന് ആശ്രയിക്കാറുണ്ട്. അവരെ കൂടെ കൂട്ടാന്‍ യത്‌നിക്കാറുണ്ട്. അവരുടെ കൂടെ അണിനിരക്കാറുമുണ്ട്. അതുപോലെ തന്നെ നേരിട്ടും സംഘ്പരിവാറിനോട് വിഷയം ഉന്നയിക്കുക എന്നത് ഈ സമരത്തിന്റെ തന്നെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി കാണുന്നത്. സമരം ഒറ്റ മുഖത്തോടെയല്ല നടക്കേണ്ടത് എന്നും ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. മാറാട് സംഭവം ഓര്‍ക്കുന്നുണ്ടാകുമല്ലോ. തീരം നിശബ്ദമായ ഘട്ടത്തില്‍ ആര്‍ക്കും കടന്നു ചെല്ലാന്‍ അനുവാദം കിട്ടാതിരുന്ന സന്ദര്‍ഭത്തില്‍ അരയസമാജദത്തിന്റെ അടുത്തേക്ക് കടന്നുചെന്നത് അന്നത്തെ കേരള അമീര്‍ ആയിരുന്ന സിദ്ധീഖ് ഹസനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ തന്നെ ഡയലോഗ് ഉണ്ട. ഡയലോഗ് പക്ഷെ എന്തിന് എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസ്സുമായി നടത്തിയ ചര്‍ച്ചയെ കേരളത്തില്‍ വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്‌ലാമി – ആറെസ്സെസ് ചര്‍ച്ച എന്ന രീതിയില്‍ ഫ്രെയിം ചെയ്ത് ഒരു നരേറ്റീവ് ഡവലെപ്പ് ചെയ്യുകയായിരുന്നു. രഹസ്യമായി ചര്‍ച്ച നടന്നു , അടച്ചിട്ട റൂമില്‍ ചര്‍ച്ച നടന്നു എന്നെല്ലാം പടച്ചുവിട്ടത് ഇതിന്റെ സത്യാവസ്ഥ ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയാഞ്ഞിട്ടില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കേരളത്തില്‍ ഒരുപാട് സംഘടനകള്‍ ആറെസ്സുസ്സുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്‍.എസ്സ്.എസ്സ്, എസ്.എന്‍.ഡി.പി, തുടങ്ങി പല സഭാ നേതൃത്വങ്ങളും ചര്‍ച്ച നടത്തുന്നുണ്ട്. എന്തായിരുന്നു ആ ചര്‍ച്ചയില്‍ നടന്നത് എന്നും അതിന്റെ ഡീറ്റയില്‍സ് എന്താ എന്നൊന്നും ആരും അന്നേരം ചോദിക്കാറില്ല. മതേതരത്വത്തിന് അപകടം വരുത്തുമെന്ന് കേരള മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ആശങ്കപ്പെട്ടിട്ടില്ല. ഇത് ശുദ്ധ ഇസ്‌ലാമോഫോബിയയാണ്. അങ്ങനെയൊരു പ്രിവിലേജ് നിങ്ങള്‍ക്കില്ല എന്ന് മറ്റൊരു ഭാഷയില്‍ പറയുകയാണത്. അത് ജമാഅത്തെ ഇസ്‌ലാമി വകവെച്ച് തരേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. ഡയലോഗല്ല, ഡയലോഗില്‍ എന്ത് പറയുന്നു എന്നതാണ് പ്രധാനം. ഇത് കാപട്യമാണ്, ഉള്ളടക്കം വ്യക്തമാക്കണം, പുള്ളിപ്പുലിയെ കുളിപ്പിച്ചാല്‍ പുലിയുടെ പുറത്തുള്ള പുള്ളി മായുമോ.. അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‌ലാമിക്ക് ആരാണ് തന്നത് എന്നെല്ലാമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്ന് മാത്രമേ് ഇന്നേരം ഓര്‍മിപ്പിക്കാനുള്ളൂ. സത്‌സംഗ് ഫൗണ്ടേഷന് നേതൃത്വം നല്‍കുന്ന ശ്രീ എം എന്ന വ്യക്തിത്വമുണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആറെസ്സെസ്സും ശ്രീ പിണറായി വിജയനും തമ്മിലൊരു ചര്‍ച്ച നടന്നിട്ടുണ്ട്. ആ ചര്‍ച്ച 2016- 17 ല്‍ നടന്നതിന് ശേഷം ആ ചര്‍ച്ച ലോകമറിയുന്നത് എകണോമിക് ടൈംസിന്റെ ദല്‍ഹി ലേഖകന്‍ മലയാളിയായി ദിനേശ് നാരായണന്‍ പുറത്തിറക്കിയ ദ ആറെസ്സെസ്സ് ആന്റ് ദ മേക്കിംഗ് ഓഫ് ദ ഡീപ് നേഷന്‍ എന്ന പെന്‍ഗ്വിന്‍ പുറത്തിറക്കിയ പുസ്തകത്തില്‍ നിന്നാണ്. 2020 ലാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്നുണ്ട്, 2016 ല്‍ മസ്‌കത്ത് ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടന്നു. ആറെസ്സെസ്സിന്റെ പ്രാഗ് കാര്യവാഹക് ഗോപാലന്‍ കുട്ടി പങ്കെടുത്തു. വല്‍സന്‍ തില്ലങ്കേരി പങ്കെടുത്തു. മുന്‍ പ്രാഗ് കാര്യവാഹക് സേതുമാധവന്‍ പങ്കെടുത്തു. ഈ ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. പിണറായി വിജയന്‍ പങ്കെടുത്തു. ആ ചര്‍ച്ചയില്‍ പരസ്പര ധാരണയായത് താഴേതലത്തിലേക്കും ഇത്തരം ധാരണകള്‍ വേണമെന്നാണ്. മുസ്‌ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ സി.എം നിരൂപണത്തിന് വിധേയമാക്കുമ്പോള്‍ ഇതുപോലെ സിഎം നടത്തിയ ചര്‍ച്ചയും കാപട്യത്തിന്റെ കള്ളിയില്‍ തന്നെയാണോ പെടുത്തേണ്ടത് എന്ന് വ്യക്തമാക്കണം. അതിന്റെ ഉള്ളടക്കം ഇനിയും പുറത്ത് വിടാത്തതെന്ത്? ആ ചര്‍ച്ച നടന്നെന്ന് പാര്‍ട്ടി തന്നെ ശരിവെച്ചിട്ടുണ്ട്. മാതൃഭൂമിയാണ് അന്ന് ആ ന്യൂസ് എക്‌സ്‌ക്ലൂസീവ് ചെയ്തത്. അന്നത്തെ സി.പി.എമ്മിന്റെ ചര്‍ച്ചയില്‍ പുലിയുടെ പുള്ള് മായ്ച്ച് കളയാന്‍ പറ്റിയോ എന്ന് ഉടനെ വ്യക്തമാക്കണം. ചര്‍ച്ചക്ക് ശേഷം നാലേക്കര്‍ സ്ഥലം സത്‌സംഗ് ഫൗണ്ടേഷന് വേണ്ടി നീക്കിയിരിപ്പ് നടത്തി എന്നാണ് അറിഞ്ഞത്. സി.പി.എമ്മുമായി പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന് ഓര്‍ഗനൈസര്‍ പത്രത്തിന്റെ പത്രാധിപര്‍ ആര്‍.ഗോപാല്‍ ബാലശങ്കര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ പത്രങ്ങളില്‍ വന്നുപോയ സംഭവം ഒരു പ്രത്യേക നരേറ്റീവില്‍ ചര്‍ച്ചയാക്കി ഇപ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതിന് പിന്നില്‍ സി.പി.എമ്മിന്റെ വില കുറഞ്ഞ രാഷ്ട്രീയമാണ്. ഇസ്‌ലാമോഫോബിയയാണ് ഇതിലൂടെ സിപിഎം വളര്‍ത്തുന്നത്. മുമ്പും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സിപിഎം ഇത്തരം രാഷ്ട്രീയം കേരളത്തില്‍ കളിച്ചിട്ടുണ്ട്. അത് കേരളത്തിന് സൃഷ്ടിച്ച മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. വുല കുറഞ്ഞ വോട്ട് ബാങ്ക് രാഷ്ട്രീയം ഒട്ടും ശരിയല്ല. ന്യൂനപക്ഷ വിഷയത്തില്‍ എല്ലാ സെക്യുലര്‍ കക്ഷികളുമായി ചേര്‍ന്ന് നില്‍ക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സന്നദ്ധമാണ്. വിവിധ സമരമുഖങ്ങള്‍ തുറക്കണമെന്ന കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഇടത് വലത് മതസാമൂഹിക സംഘടനകള്‍ ഒരുമിക്കണമെന്ന കാര്യത്തിലും ജമാഅത്തെ ഇസ്‌ലാമിക്ക് അഭിപ്രായാന്തരമില്ല. മൈനോറിറ്റി ഇഷ്യൂ എന്നത് അവരവരുടെ വോട്ട് ബാങ്ക് രാ്ഷ്ടീയത്തിന്റെ ഉപാധി മാത്രമായി മാറരുതെന്ന് മാത്രം. അട്ടിപ്പേറവകാശത്തെ കുറിച്ച് മുഖ്യമന്ത്രി ചോദിക്കുന്നുണ്ട്. ഒരുപാട് സമരങ്ങളില്‍ സിപിഎം ഇടപെടാറുണ്ടല്ലോ. ആരെങ്കിലും അട്ടിപ്പേറാവകാശവും അടിയാധാരവും കൊടുത്തിട്ടാണോ സമരത്തില്‍ ഇടപെടാറുള്ളത്. ആഗോളീകരണത്തിനെതിരെ കേരളത്തില്‍ സമരം നടന്നിട്ടുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമരവും ഫാഷിസത്തിനെതിരെയും സമരം നടത്താറുണ്ട്. അട്ടിപ്പേറവകാശം കിട്ടിയിട്ടാണോ ഇതെല്ലാം.. സംഘ്പരിവാറാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രധാന പ്രശ്‌നം. ഞങ്ങള്‍ ഇടത് വലതു കക്ഷികളോടും മത സാമൂഹിക സംഘടനകളോടും കലഹിക്കാനില്ല,. സംഘ്പരിവാറിനെതിരെ എല്ലാവരും യോജിച്ച് പോകണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത്. സംഘ്പരിവാറിനെതിരെ യോജിച്ച മുന്നേറ്റം തന്നെയാണ് രൂപപ്പെടേണ്ടത്.

ഏക സിവിൽകോഡ് നിയമം: സാംസ്കാരിക ഫാഷിസത്തിന്റെ രാഷ്ട്രീയ നീക്കം – എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: ഏകസിവിൽകോഡ് നിയമം നിർമിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കാനുള്ള രാഷ്ട്രീയ ശ്രമമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. നിരവധി മതങ്ങളും ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന രാജ്യത്ത് വിവിധ ജന വിഭാഗങ്ങൾ വ്യത്യസ്ത സിവിൽകോഡുകളാണ് പിന്തുടരുന്നത്. വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങൾ വ്യത്യസ്ത ഗോത്ര നിയമങ്ങൾ ഒക്കെ വ്യത്യസ്തമാണ്. ഇതെല്ലാം ഏകോപിപ്പിച്ച് ഒന്നാക്കുക എന്നത് ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും രാജ്യത്തെ വൈവിധ്യങ്ങൾക്കും എതിരാണ്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുക എന്നതിനർഥം ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണ ഹിന്ദുത്വയുടെ കോഡ് നടപ്പാക്കുക എന്നാണ്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു. ഭരണഘടന വ്യക്തികൾക്ക് വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളിൽ പെട്ടതാണ് മതം ആചരിക്കാനും അനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുളള പൗരൻമാരുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യുകയാണ് ഏക സിവിൽ കോഡ് നിയമം. രാജ്യത്ത് അതാത് കാലങ്ങളിൽ രൂപപ്പെട്ടുവരുന്ന വ്യക്തിനിയമങ്ങളും യൂണിഫോം കോഡുകളും മതങ്ങൾക്കും വ്യക്തികൾക്കും വകവെച്ചു നൽകുന്ന മൗലികാവകാശങ്ങളെ തള്ളി കളയുന്നതാകരുത്. മറിച്ച് വ്യക്തികളുടെ മൗലികാവകാശത്തിന് വിധേയമായി വ്യക്തിനിയമവും യൂണിഫോം കോഡുമെല്ലാം നിർണയിക്കണം. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും ബഹുസ്വരതയെയും തകർത്ത് ഏക സിവിൽ കോഡ് നിയമം അടിച്ചേൽപിക്കാനുള്ള സംഘ്പരിവാർ രാഷ്ട്രീയ നീക്കത്തിനെതിരെ ജനാധിപത്യ സമൂഹവും മതേതര സമൂഹവും രംഗത്തു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

English