Articles

ആസന്നമായ തെരഞ്ഞെടുപ്പ്: മുസ്‌ലിം സമുദായത്തോട് പറയാനുള്ളത്

മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി (അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

ജനാധിപത്യ വ്യവസ്ഥയില്‍ രാജ്യത്തിന്റെ ദിശാനിര്‍ണയത്തില്‍ സുപ്രധാന റോളാണ് തെരഞ്ഞെടുപ്പുകള്‍ക്കുള്ളത്. വിജയം നേടുന്ന പാര്‍ട്ടി രാജ്യത്തെ എങ്ങോട്ട് നയിക്കണമെന്ന് തീരുമാനിക്കുന്നു. നമ്മുടെ നാട്ടില്‍ 2019-ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാനാവും. രാജ്യം നിലവിലുള്ള ഭരണഘടനയനുസരിച്ചാണോ അതോ ഒരു പ്രത്യേക വിഭാഗത്തിന്റെ ചിന്താധാരയുടെ അടിസ്ഥാനത്തിലാണോ മുന്നോട്ടുപോവുക എന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കും. ജമാഅത്തെ ഇസ്‌ലാമി മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ട് സുപ്രധാന തീരുമാനങ്ങല്‍ കൈക്കൊണ്ടിട്ടുണ്ട്. അത് യഥാസമയങ്ങളില്‍ വിശദീകരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെയും സമുദായത്തിന്റെയും ഗുണത്തിനായി അത് തെരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകും എന്നതാണ് ഒന്ന്. അപ്രകാരം ദീര്‍ഘകാലമായി ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു. രണ്ടാമത്തേത്, ഏകാധിപത്യത്തിനും ഫാഷിസത്തിനുമെതിരെ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യ ശക്തികളെ പിന്തുണക്കും എന്നതാണ്. ഇക്കാര്യവും ഏറെക്കാലമായി നടന്നുവരുന്നുണ്ട്. എന്നുവെച്ച് ജനാധിപത്യമാണ് പരമമായ ശരിയെന്നോ അതാണ് ഇസ്‌ലാമികമെന്നോ അര്‍ഥമാക്കേണ്ടതില്ല. നിലവിലുള്ള മറ്റു വ്യവസ്ഥകളില്‍ വെച്ച് ഏറ്റവും നല്ല ഭരണവ്യവസ്ഥയാണ് ജനാധിപത്യം. അതില്‍ മൗലികാവകാശങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണവും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ട്. ഇസ്‌ലാമിക വീക്ഷണങ്ങള്‍ സമര്‍പ്പിക്കാനും സ്വാതന്ത്ര്യമുണ്ട്.

വ്യക്തിസ്വാതന്ത്ര്യം, സമത്വം, നീതിന്യായം എന്നിവയിലധിഷ്ഠിതമാണ് ജനാധിപത്യം. വിശ്വാസം, അതനുസരിച്ചുള്ള പ്രവര്‍ത്തനം, അതിന്റെ പ്രചാരണം, കുടുംബപരവും വ്യക്തിനിഷ്ഠവുമായ സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിലുള്‍പ്പെടും. രാജ്യത്തെ ഓരോ പൗരനും തുല്യമായ അവസരം നല്‍കലും, മതം, ജാതി, ഭാഷ, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസം കല്‍

പിക്കാതിരിക്കലുമാണ് സമത്വ വിഭാവനയുടെ ഉള്ളടക്കം. അക്രമവും അതിക്രമവുമില്ലാത്ത നീതി നിര്‍വഹണമാണ് ജനാധിപത്യം ഉറപ്പുനല്‍കുന്നത്.

ഈ മൂല്യങ്ങള്‍ക്ക് ഇസ്‌ലാം ഏറെ പ്രാധാന്യം കല്‍പിക്കുന്നു. എന്നുതന്നെയല്ല, ലോകം ഈ മൂല്യങ്ങള്‍ സ്വാംശീകരിച്ചതു തന്നെ ഇസ്‌ലാമില്‍നിന്നാണെന്നു പറയാം. ഇന്ന് പക്ഷേ, ഈ മൂല്യങ്ങളാണ് ഏറെ ചവിട്ടിമെതിക്കപ്പെടുന്നത്. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വിലക്കപ്പെട്ടിരിക്കുകയാണ് ഈ മൂല്യങ്ങള്‍. എന്നാല്‍ അവയുടെ സംരക്ഷണവും നിലനില്‍പും രാജ്യത്തിന്റെ ഐശ്വര്യത്തിനും അന്തസ്സിനും അനിവാര്യവുമാണ്.

നമ്മുടെ മുന്നിലുള്ള ഒരു പരിഗണനാ വിഷയം മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങളാണ്. മുസ്‌ലിം സമുദായം ആദ്യകാലത്തെ അപേക്ഷിച്ച് മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ ബഹുദൂരം പിന്നിലാണ്. അവരില്‍ ധാര്‍മികവും മതപരവുമായ ദൗര്‍ബല്യങ്ങള്‍ വളരെ പ്രകടമാണ്. ഭരണകൂടത്തോടും വ്യവസ്ഥിതിയോടുമുള്ള ഭയം അവരെ ഗ്രസിച്ചിരിക്കുന്നു. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു പകരം തട്ടിപ്പറിക്കപ്പെടുകയാണ്. അവര്‍ സാമ്പത്തികമായും വൈജ്ഞാനികമായും ഏറെ പിന്നാക്കത്തില്‍ തന്നെ. ദൈനംദിന പ്രശ്‌നങ്ങളില്‍ അവര്‍ക്ക് ഉയര്‍ന്ന നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല വളരെ നിസ്സാരവും ബാലിശവുമായ കാര്യങ്ങളിലും മദ്ഹബീ, ത്വരീഖത്തീ ഭിന്നതകളിലുമായി അവര്‍ നേരം പോക്കുകയാണ്. ഏകസ്വരത്തില്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ഏകോപിത പ്ലാറ്റ്‌ഫോമുകളില്ല. ഇതിന്റെയൊക്കെ അനിവാര്യഫലമെന്നോണം, അവര്‍ നിരാശരും ഉദാസീനരുമായി മാറുന്നു.

ഇതിനൊരു മറുപുറമുണ്ട്. എന്തെല്ലാം ദൗര്‍ബല്യങ്ങളുണ്ടെങ്കിലും അവര്‍ക്ക് അല്ലാഹുവിലും അവന്റെ ദൂതനിലും അടിയുറച്ച വിശ്വാസമുണ്ട്. അവസാനത്തെ മാര്‍ഗം അതാണെന്ന് അവര്‍ അംഗീകരിക്കുകയും ചെയ്യുന്നു. ദീനിന്റെ അടിത്തറയെ സംബന്ധിച്ച് അവര്‍ക്കാര്‍ക്കും ഭിന്നാഭിപ്രായമില്ല. ഖുര്‍ആനും ഹദീസും അംഗീകരിക്കുന്നവര്‍ എന്ന നിലക്ക് അവര്‍ ഏക സമുദായമാണ്. ലോകം അവരെ ഒരു സമുദായമായിത്തന്നെയാണ് കാണുന്നതും. അതിനാല്‍ അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുകയെന്നതും അവര്‍ക്ക് ശിക്ഷണം നല്‍കുകയെന്നതും അവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി ഉറപ്പുവരുത്തുകയെന്നതും അവകാശങ്ങള്‍ സുരക്ഷിതമാക്കുക എന്നതും നമ്മുടെ ഉത്തരവാദിത്തമാകുന്നു. തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തിലും ഈ ലക്ഷ്യങ്ങളില്‍ സത്വര ശ്രദ്ധ പതിയണം.

വിശുദ്ധ ഖുര്‍ആന്‍ മൂസാ പ്രവാചകന്റെ പ്രബോധന-പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതില്‍നിന്ന് ഈ കാര്യത്തില്‍ നമുക്ക് വെളിച്ചം ലഭിക്കും. നമുക്കതിനെ മൂന്ന് ശീര്‍ഷകങ്ങളില്‍ വിലയിരുത്താം: ഒന്ന്, ഫറോവയെ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിപ്പിക്കാനും അതുവഴി അയാളെ ശുദ്ധീകരിക്കാനുമുള്ള പ്രബോധനം. മൂസാ നബി(അ)യോട് അല്ലാഹു ആജ്ഞാപിച്ചു: ”ഫറോവയുടെ അടുക്കലേക്ക് പോവുക, അവന്‍ ധിക്കാരിയായിരിക്കുന്നു. അവനോട് പറയുക: സംസ്‌കാരം കൈക്കൊള്ളാന്‍ നീ സന്നദ്ധനാണോ, ഞാന്‍ നിന്റെ റബ്ബിലേക്ക് വഴികാണിക്കാം; അങ്ങനെ നീ അവനെ ഭയപ്പെടാന്‍” (അന്നിസാഅ് 17-19).

രണ്ട്, ഇസ്രാഈല്‍ സന്തതികളെ ഫറോവയുടെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുക. ബനൂ ഇസ്രാഈല്‍ സമൂഹത്തില്‍ നിരവധി തിന്മകളുണ്ടായിരുന്നു. അതോടൊപ്പം അവര്‍ മര്‍ദിതരും ഖിബ്ത്വികളുടെ കൊടിയ മര്‍ദനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരകളുമായിരുന്നു. ഫറോവ തീരുമാനിച്ചു: ”നാം അവരിലെ ആണ്‍മക്കളെ വധിക്കും, സ്ത്രീകളെ (പെണ്‍കുട്ടികളെ) ജീവിക്കാനനുവദിക്കുകയും ചെയ്യും. അവരില്‍ നമുക്ക് എല്ലാ അധീശത്വവും ഉണ്ട്” (അല്‍അഅ്‌റാഫ് 127). ഫറോവയുടെ സമ്മതപ്രകാരമല്ലാതെ ഇസ്രാഈല്യര്‍ക്ക് തങ്ങളുടെ വിശ്വാസ പ്രഖ്യാപനം പോലും നടത്താനാവുമായിരുന്നില്ല. മായാജാലക്കാര്‍ മൂസാ(അ)യുടെ ദൈവത്തില്‍ വിശ്വാസം പ്രഖ്യാപിച്ചപ്പോള്‍ ഫറോവ ചോദിച്ചുവല്ലോ: ”എന്റെ സമ്മതമില്ലാതെ നിങ്ങളെങ്ങനെ ഇവനെ വിശ്വസിച്ചു? അതിനുള്ള കഠിന ശിക്ഷ ഞാന്‍ നല്‍കും” (അശ്ശുഅറാഅ് 49). ഇത്തരം കൊടിയ മര്‍ദനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ ചെറുവിരലനക്കാനുള്ള ധൈര്യം അവര്‍ക്കില്ലായിരുന്നു. ദീര്‍ഘകാലത്തെ അടിമത്തം അവരുടെ ധൈര്യവും സ്ഥൈര്യവും പൗരുഷവുമൊക്കെ ചോര്‍ത്തിക്കളഞ്ഞിരുന്നു. ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മൂലധനമാണല്ലോ അവയെല്ലാം. ധൈര്യവും ആണത്തവും നഷ്ടപ്പെട്ട ഈ സമൂഹത്തെ ഫറോവയുടെ നുകത്തില്‍നിന്ന് രക്ഷിക്കണമെന്നായിരുന്നു അല്ലാഹു മൂസായോട് കല്‍പിച്ചത്. തുടര്‍ന്ന് മൂസാ ഫറോവയോട് ധീരമായി പ്രഖ്യാപിച്ചു: ”ഇസ്രാഈല്‍ സന്തതികളെ എന്നോടൊപ്പം വിട്ടയക്കുക. അവരെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കുക” (ത്വാഹാ 47).

മൂന്നാമത്തെ ദൗത്യം, ഇസ്രാഈല്‍ സന്തതികളെ സംസ്‌കരിക്കുകയും അവരെ വേദഗ്രന്ഥത്തിന്റെ വാഹകരാക്കുകയും ചെയ്യുക എന്നതായിരുന്നു. ഈ ദൗത്യത്തില്‍ മൂസാ നബിയുടെ കഠിനപ്രയത്‌നവും അതിന്റെ പരിണതിയുമൊക്കെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഒരു ഉദാഹരണം: ”മൂസാ പറഞ്ഞു: അല്ലാഹുവിനോട് തുണ തേടുവിന്‍. ക്ഷമ കൈക്കൊള്ളുവിന്‍. ഭൂമി അല്ലാഹുവിന്റേതാകുന്നു. തന്റെ ദാസന്മാരില്‍ താനിഛിക്കുന്നവരെ അതിന്റെ ഉടമകളാക്കും. അന്തിമ വിജയം അവനോട് ഭക്തിയോടെ വര്‍ത്തിക്കുന്നവര്‍ക്കാകുന്നു” (അല്‍അഅ്‌റാഫ് 128).

ഫറോവയുടെ അധികാരത്തെ പ്രതി അവനെ ഭയപ്പെടേണ്ടെന്നും, അധികാരം ഇന്നൊരാളുടെ കൈയിലാണെങ്കില്‍ നാളെ മറ്റൊരാളുടെ പക്കലാവാമെന്നും, അല്ലാഹുവിനോടുള്ള ബന്ധം നിലനിര്‍ത്തണമെന്നും ക്ഷമയും സ്ഥൈര്യവും കൈവിടരുതെന്നുമൊക്കെ, നൂറ്റാണ്ടുകളോളം അടിമത്തത്തിലും അധീശത്വത്തിലും നരകീയ ജീവിതം നയിച്ച ഒരു ജനതയെ ബോധ്യപ്പെടുത്തുക ഒട്ടും എളുപ്പമായിരുന്നില്ല, മൂസാ നബിക്ക്. ഇത്തരമൊരു ഉത്കൃഷ്ട ചിന്ത ആ സമൂഹത്തിന് സങ്കല്‍പിക്കാന്‍ പോലുമാവുമായിരുന്നില്ല. ”അവര്‍ പറഞ്ഞതിങ്ങനെ: നീ വരുന്നതിനു മുമ്പും ഞങ്ങള്‍ മര്‍ദിതരായിരുന്നു. നീ വന്നതിനു ശേഷവും ഞങ്ങള്‍ മര്‍ദിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവല്ലോ. മൂസാ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും എന്നിട്ട് നിങ്ങള്‍ എവ്വിധം പ്രവര്‍ത്തിക്കുന്നുവെന്ന് വീക്ഷിക്കുകയും ചെയ്യുന്ന കാലം അടുത്തിരിക്കുന്നു.” അതു പ്രകാരം ഒരവസരം വന്നു. മൂസാ നബി (അ) തന്റെ സമുദായത്തെ ഈജിപ്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതില്‍ വിജയിച്ചു. പിന്തുടര്‍ന്നെത്തിയ ഫറോവയും സൈന്യവും ചെങ്കടലിന്റെ ആഴങ്ങളില്‍ മുങ്ങിയൊടുങ്ങി. ഫലസ്ത്വീന്റെ വാഗ്ദത്ത ഭൂമിയില്‍ ഇസ്രാഈല്‍ ജനത വസിക്കുന്ന കാലം വരിക തന്നെ ചെയ്തു.

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ കാര്യത്തിലും രണ്ട് സംഗതികളാണ് നിര്‍വഹിക്കാനുള്ളത്. വിവിധ കാരണങ്ങളാല്‍ അവരില്‍ വന്നുഭവിച്ച നിരാശാ ചിന്തയും പതിത്വബോധവും അരക്ഷിതാവസ്ഥയും ഇല്ലാതാക്കുകയെന്നതാണ് ഒന്നാമത്തേത്. ഏതവസ്ഥയെയും ധീരമായി നേരിടാനുള്ള ചങ്കൂറ്റവും ധീരതയും അവര്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം. ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്ന ബോധം അവരിലുണ്ടാക്കണം. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാവണം. അങ്ങനെ രാജ്യത്ത് ധനാത്മകമായ റോള്‍ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധ്യമാക്കണം. രാജ്യത്തെ അന്തരീക്ഷം എത്രത്തോളം അനുകൂലമാകുന്നോ അതിനനുസരിച്ച് അവസരങ്ങളും ധാരാളമായിരിക്കും. അതിന് ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കണം, മെച്ചപ്പെടണം.

രണ്ടാമത്തേത്, സമുദായത്തിന്റെ നവോത്ഥാനവും ശിക്ഷണവുമാണ്. അതിന് ഈ സമുദായത്തിന് ദീനീ വിജ്ഞാനം ലഭ്യമാക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരാകണം. എങ്കിലേ അവരുടെ ദീനീസ്വത്വം നിലനിര്‍ത്താനാവൂ. വ്യക്തിനിയമം സംരക്ഷിക്കപ്പെടുകയും അത് പ്രാവര്‍ത്തികമാക്കുകയും വേണം. ചുരുങ്ങിയത് സമുദായത്തിന്റെ വ്യക്തി, കുടുംബ പ്രശ്‌നങ്ങളിലെങ്കിലും ദൈവിക നിയമം അനുസരിക്കപ്പെടണം. തങ്ങള്‍ ഉത്തമ സമൂഹമാണെന്നും മത-ധാര്‍മിക രംഗങ്ങളില്‍ മറ്റു വിഭാഗങ്ങളില്‍നിന്നൊക്കെ ഉയര്‍ന്ന നിലവാരത്തില്‍ നിലകൊള്ളേണ്ടവരാണെന്നും അവര്‍ക്ക് മാതൃക കാട്ടേണ്ടവരാണെന്നുമുള്ള ബോധവും തിരിച്ചറിവും സമുദായത്തിനുണ്ടാവണം. എങ്കിലേ നന്മ പ്രചരിപ്പിക്കാനും തിന്മ തടയാനും സാധിക്കുകയുള്ളൂ. അത് മതപരമായ ബാധ്യതയും നല്ല സമൂഹ നിര്‍മിതിക്ക് അന്ത്യന്താപേക്ഷിതവുമാണ്.

രാജ്യത്തെ നിലവിലുള്ള അവസ്ഥ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കാലം നമ്മെ നിര്‍ബന്ധിക്കുകയാണെന്ന് മനസ്സിലാക്കാം:

1. രാജ്യത്ത് നീതിനിര്‍വഹണം ഏറ്റവും മികച്ച രീതിയില്‍ തന്നെ നിലനില്‍ക്കണം. എല്ലാവര്‍ക്കും തുല്യ നീതിയും ഉറപ്പുവരുത്തണം. ആരും അനീതിക്ക് പാത്രമായിക്കൂടാ. ഭീകരതയുടെ അന്തരീക്ഷം ഇല്ലാതാവണം. ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് പിന്തുണയും കരുത്തും നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.

2. രാജ്യത്ത് നല്ല രാഷ്ട്രീയാന്തരീക്ഷം സംജാതമാവാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും സഖ്യവും ഉണ്ടാവണം. അതിനായി അവയുടെ നേതാക്കളുമായി സംവദിക്കാന്‍ നാം അവസരമൊരുക്കണം.

3. സമുദായങ്ങള്‍ക്കിടയില്‍ അനൈക്യവും വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തുന്നതിനെതിരെ മത-രാഷ്ട്രീയ നേതാക്കളെ ബോധവത്കരിക്കാന്‍ ശ്രമിക്കണം.

4. കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മുഖ്യധാരാ മീഡിയയെയും സോഷ്യല്‍ മീഡിയയെയും ശ്രദ്ധിക്കണം. സത്യസന്ധമായ വാര്‍ത്തകളും വിശകലനങ്ങളും നല്‍കാന്‍ അവയെ പ്രേരിപ്പിക്കണം.

5. രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നത് അവസാനിപ്പിക്കുകയും മാനവിക സാഹോദര്യവും സഹകരണവും വളര്‍ത്തുന്ന കാമ്പയിനുകള്‍ സംഘടിപ്പിക്കുകയും വേണം. അതിന്റെ ആദ്യ പടിയായി എഫ്.ഡി.സി.എ, ജനമോര്‍ച്ച തുടങ്ങിയ വേദികള്‍ രാജ്യത്തെമ്പാടും വ്യാപിപ്പിക്കണം. പ്രാദേശിക തലങ്ങളില്‍ സദ്ഭാവനാ മഞ്ചുകള്‍ സ്ഥാപിക്കാനും ശ്രമിക്കണം.

6. സഹോദര സമുദായാംഗങ്ങളെ വര്‍ഗീയതയുടെയും വെറുപ്പിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉദ്ഗ്രഥനവും ഐക്യവും വളര്‍ത്തുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും വേണം. അതിനായി സഹോദര സമുദായാംഗങ്ങളുമായി ഊഷ്മളമായ നിരന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കണം.

7. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചണിനിരക്കാന്‍ മുസ്‌ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ നേരില്‍ കാണാന്‍ ശ്രമിക്കണം.

8. സമുദായാംഗങ്ങളില്‍ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുകയും അവരുടെ തരാതരം കഴിവുകളെ ഏകോപിപ്പിക്കുകയും അവര്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യണം.

ഇങ്ങനെ സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെടുമെന്നും ജനാധിപത്യത്തിന്റെ നിര്‍മലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കട്ടെ.

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍