വമ്പിച്ച ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നന്മ മുൻനിർത്തി നീതിപൂർവം കേരളത്തെ മുന്നോട്ടു നയിക്കാൻ കഴിയെട്ട എന്നാശംസിക്കുന്നു. വർധിച്ച ജനപിന്തുണ ഗവൺമെൻറിെൻറയും ഇടതുപക്ഷത്തിെൻറയും ഉത്തരവാദിത്തം വർധിപ്പിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. പ്രഥമ മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആ ബോധ്യം വെളിപ്പെടുത്തുന്നു. കേരളത്തെ എങ്ങോട്ടു നയിക്കണം എന്ന കൃത്യമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം. കഠിനാധ്വാനവും കവിഞ്ഞ ഇച്ഛാശക്തിയും ആവശ്യമുള്ള കാര്യങ്ങളാണ് അവയോരോന്നും. അവ പ്രാവർത്തികമാക്കാനായാൽ വലിയ മാറ്റം തന്നെയായിരിക്കും കേരളത്തിലുണ്ടാവുക.
ജനാധിപത്യവും മതനിരപേക്ഷതയും
ജനാധിപത്യം, മതനിരപേക്ഷത, അഴിമതി രഹിത വികസനം, ജനക്ഷേമം തുടങ്ങിയവയിലുള്ള ഇടതുപക്ഷത്തിെൻറ പ്രതിബദ്ധത മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. തീർച്ചയായും ഒരു സർക്കാറിനുണ്ടാവേണ്ട അടിസ്ഥാന യോഗ്യതതന്നെയാണത്. അതിദുർബലനായ അവസാന മനുഷ്യെൻറയും അഭിപ്രായം മാനിക്കാനും സത്യമാണെങ്കിൽ, അതെത്ര കയ്പുറ്റതാണെങ്കിലും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് ജനാധിപത്യം. ആ തലത്തിലേക്ക് വളരാൻ ഇടതുപക്ഷവും സർക്കാറും വലിയ ശ്രദ്ധവെക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
തൊലിപ്പുറ മതനിരപേക്ഷതക്കകത്ത് സാമുദായികതയും വർഗീയതയും കേരളത്തിൽ തിടംവെച്ച് വളരുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ അതിെൻറ ആനുകൂല്യം പറ്റുന്നവരാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ. ഏറ്റവുമൊടുവിൽ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം പോലും കേരളത്തിൽ സാമുദായിക ചേരിതിരിവിന്റെ ആഴം വർധിപ്പിക്കാൻ ഉപയോഗപ്പെടുത്തപ്പെട്ടു! മതനിരപേക്ഷ സമൂഹത്തെ കുറിച്ച കൃത്യമായ കാഴ്ചപ്പാടും ജനങ്ങളോട് സംവദിക്കാനുള്ള സംഘടനാ ബലവുമുണ്ട് ഇടതുപക്ഷത്തിന്. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറും പുറമേ മതേതരമാകുമ്പോഴും അകം രോഗാതുരരായ ഉദ്യോഗസ്ഥവൃന്ദവും ഉയർത്തുന്ന സമ്മർദത്തെ അതിജീവിക്കാൻ പുതിയ സർക്കാറിനാവണം
പൊതുഫണ്ടിൽനിന്ന് കോടികൾ അടിച്ചുമാറ്റുന്നതു മാത്രമല്ല, അഴിമതി. സ്വജനപക്ഷപാതവും അനർഹമായ പരിഗണനകളും നീതിപൂർവകമല്ലാത്ത വിഭവവിതരണവുമൊക്കെ അഴിമതിയുടെ വകഭേദങ്ങളാണ്. കഴിഞ്ഞ സർക്കാറിനെ വല്ലാതെ പ്രയാസപ്പെടുത്തിയ കാര്യങ്ങളിൽ ഒന്നാണിത്. രേഖകളും ഉത്തരവുകളും സാേങ്കതികമായി മാത്രമല്ല, ധാർമികമായും ശരിയായിരിക്കുക എന്നതും പ്രധാനമാണ്.
കരുതൽ ഇനി തൊഴിൽരംഗത്തേക്ക്
ഓഖിയും രണ്ട് പ്രളയവും കോവിഡും സംസ്ഥാനം അഭിമുഖീകരിച്ചിട്ടുണ്ട്. ദുരന്ത സമയത്ത് പട്ടിണി ഇല്ലാതെ നാടിനെ കാക്കാനും ആത്മവിശ്വാസം നൽകാനും ജാഗ്രതയോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, അതേ ജാഗ്രത പുനരധിവാസ പ്രവർത്തനങ്ങളിൽ ഉണ്ടായെന്നു പറയാനാവില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിലും ജീവൻ രക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിലും സർക്കാർ സാമാന്യ നിലവാരം പുലർത്തുന്നു. ലോക്ഡൗണിൽ വരുമാനമില്ലാതാകുന്നവരുടെ വയറിന് ആശ്വാസമാകാനും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അനേകം നിയന്ത്രണങ്ങളാൽ തകർന്നടിഞ്ഞ നമ്മുടെ തൊഴിൽ, വ്യാപാരമേഖലയെ പുനരുജ്ജീവിപ്പിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തുടർന്നും സാമ്പത്തികവ്യവസ്ഥ തകരാതെയും കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് നല്ല ഗൃഹപാഠം സർക്കാറിന് ആവശ്യമാണ്.
ആഭ്യന്തര വകുപ്പ് പൊലീസ് ഭാഷ്യത്തിനപ്പുറം
സർക്കാറിന് ലഭിച്ച വർധിത ജനപിന്തുണ കഴിഞ്ഞ സർക്കാറിെൻറ അബദ്ധങ്ങൾക്കും വീഴ്ചകൾക്കുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടരുത്. അതിലേറ്റവും പ്രധാനമാണ് ആഭ്യന്തരവകുപ്പ്. പ്രശ്നക്കാരുണ്ടെന്നും നന്നാക്കിയെടുക്കാൻ സമയമെടുക്കുമെന്നും കഴിഞ്ഞ സർക്കാർ അധികാരമേറ്റ നാളുകളിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പക്ഷേ, അഞ്ചു വർഷം കഴിഞ്ഞും പൊലീസിെൻറ നിയന്ത്രണം ഇടതുസർക്കാറിെൻറ കൈയിൽ വന്നു കഴിഞ്ഞോ എന്ന് സംശയിക്കേണ്ട സ്ഥിതിയുണ്ടായി.
സംഘ്പരിവാർ ശക്തികളോട് പൊലീസിെൻറ അനുഭാവപൂർവമായ നിലപാട്, വ്യാജ ഏറ്റുമുട്ടലുകൾ, യു.എ.പി.എ കേസുകൾ, ലോക്കപ്പ് മരണങ്ങൾ എന്നിവയിൽ പൊലീസ് ഭാഷ്യത്തിനപ്പുറം പോകാൻ കഴിഞ്ഞിട്ടില്ല. മറ്റെല്ലാ വകുപ്പുകളുടേയും മേലെ നിൽക്കുന്ന ഒന്നായി പൊലീസ്സേന മാറി. ഒരു ജനാധിപത്യസമൂഹത്തിന് അനുയോജ്യമായ പൊലീസ് സേനയെ സജ്ജമാക്കാനുള്ള അവസരമായി ഈ ഭരണകാലത്തെ ഉപയോഗപ്പെടുത്തണം.
സാമൂഹിക സന്തുലിതത്വത്തിൽ സഗൗരവ ശ്രദ്ധ
സാമൂഹികനീതിയെ കുറിച്ച പരിഗണനകളും പ്രധാനമാണ്. കേരള സമൂഹത്തിെൻറ പരിഛേദമാവാൻ പുതിയ മന്ത്രിസഭക്ക് ആയിട്ടില്ലെന്നും വിവിധ വിഭാഗങ്ങൾക്കും മേഖലകൾക്കും മതിയായ പ്രാതിനിധ്യം ഉണ്ടായില്ലെന്നുമുള്ള വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. അതിലെ വസ്തുത പരിശോധിച്ച് പ്രവർത്തനത്തിൽ ആ അസന്തുലിതത്വം മറികടക്കാനും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും നീതിയോടെ പരിഗണിക്കാനും പ്രത്യേകശ്രദ്ധ വേണം. മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ കുറിച്ചും ജനങ്ങൾക്ക് പരാതിയുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ പരിമിതികളുണ്ടാവാമെങ്കിലും ഭരണത്തിെൻറ മുൻഗണനകളെ ഇത്തരം സമ്മർദങ്ങൾ സ്വാധീനിക്കരുത്.
ദലിത്, മുസ്ലിം, പിന്നാക്ക, സ്ത്രീ വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും അവരുടെ ജീവിതാവസ്ഥകളിൽനിന്ന് നോക്കിക്കാണാൻ കഴിയണം. ഭൂമിയുടെ അവകാശം മുതൽ ദലിത് വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പരിഗണിക്കണം. അതിന് കോർപറേറ്റുകളോടും വമ്പൻ കമ്പനികളോടും കരുതിവെപ്പില്ലാത്ത മൽപിടിത്തത്തിനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കേണ്ടി വരും.
ന്യൂനപക്ഷ വകുപ്പ് ആർക്കെന്നതല്ല
മുസ്ലിം സമുദായം പലതരം വിവേചനങ്ങൾ അനുഭവിക്കുന്നുണ്ട്. ആഗോളതലത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ കേരളത്തിലും സജീവമാണ്. ഇത് കേരളത്തിെൻറ സാമുദായികാന്തരീക്ഷത്തെ തകർക്കുകയും സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പൊലീസിലും എക്സിക്യൂട്ടീവിലും അത് രൂക്ഷമാണ്. ഇസ്ലാമോഫോബിയയുടെ ഗുണഭോക്താവാകുന്നതിനു പകരം അതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഒരു മതനിരപേക്ഷ സർക്കാറിൽനിന്നു പ്രതീക്ഷിക്കുന്നത്.
ന്യൂനപക്ഷ വകുപ്പ് ആർക്കും കൈകാര്യം ചെയ്യാം. ആ അർഥത്തിൽ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുന്നത് ആക്ഷേപാർഹവുമല്ല. നേരത്തെ പരസ്യപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിൽ ചില വിമർശനങ്ങളുണ്ട്. കാലങ്ങളായി ന്യൂനപക്ഷ വകുപ്പ് കൈവശംവെച്ച് മുസ്ലിംകൾ അനർഹമായത് നേടിയെടുക്കുന്നു എന്നായിരുന്നു കഴിഞ്ഞ സർക്കാറിെൻറ കാലത്ത് സവർണ, സംഘ്പരിവാർ വിഭാഗങ്ങൾ നടത്തിയ വർഗീയ പ്രചാരണം. കഴിഞ്ഞ സർക്കാറിനെയും വകുപ്പ് മന്ത്രിയെയും കൂടി അവരിതിൽ പ്രതിസ്ഥാനത്താക്കിയിരുന്നു. അത്യന്തം വർഗീയവും മുസ്ലിംവിരുദ്ധമായ ഈ ആരോപണത്തിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാവണം. മുസ്ലിം സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും -ഇപ്പോഴും അവരത് ആവശ്യപ്പെടുന്നുണ്ട്- കഴിഞ്ഞ സർക്കാർ കാണിച്ച അമാന്തം മുസ്ലിം സമുദായത്തെ സംശയത്തിെൻറ നിഴലിൽ നിർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പ് രൂപവത്കരിക്കാനിടയായ സാഹചര്യവും അതിെൻറ ലക്ഷ്യവും വിസ്മരിക്കപ്പെട്ടുകൂടാ. ന്യൂനപക്ഷവകുപ്പ് മുസ്ലിംകൾ കൈവശം വെച്ചുകൂടാ എന്ന വർഗീയ മനോഭാവത്തെയും മുഖ്യമന്ത്രി അഭിമുഖീകരിക്കേണ്ടതുണ്ട്.
ന്യായീകരണമില്ലാത്ത സാമ്പത്തിക സംവരണം
ഇന്ത്യാരാജ്യത്തിെൻറ ശിൽപികളുടെ സ്വപ്നങ്ങൾക്കുമേൽ കത്തിവെക്കുകയായിരുന്നു സാമ്പത്തികസംവരണം നടപ്പിലാക്കിയതിലൂടെ സർക്കാർ ചെയ്തത്. ഒരു ന്യായീകരണവും അതിനില്ലെന്ന് പിന്നീട് സുപ്രീംകോടതിയും തെളിയിച്ചു. ഇത്തരം കാഴ്ചപ്പാടുകൾ കൈയൊഴിഞ്ഞാൽ മാത്രമേ സാമൂഹികനീതി സംബന്ധിച്ച അവകാശവാദങ്ങൾ അർഥവത്താകുകയുള്ളൂ. അതേസമയം, പി.എസ്.സി നിയമനങ്ങളിലെയും ജോലി സ്ഥിരപ്പെടുത്തുന്നതിലെയും സംവരണ നിഷേധത്തിെൻറ അനേകം വഴികൾ അടക്കാൻ കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ സെക്രേട്ടറിയറ്റിലേയും ഉദ്യോഗസ്ഥവൃന്ദത്തിലെയും സവർണ താൽപര്യങ്ങളെ മറികടന്നു മാത്രമേ ഇതു സാധിക്കൂ.
പിന്നാക്ക മേഖലകളോട് അനുഭാവം
പിന്നാക്കം നിൽക്കുന്ന മേഖലകളോടും അനുഭാവപൂർണമായ സമീപനം സ്വീകരിക്കണം. കേരളത്തിൽ വികസനത്തിെൻറ ഏത് അളവുകോലിലും പിറകിലാണ് മലബാർ മേഖല. അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ഇത് പ്രകടമാണ്. ഈ തിരിച്ചറിവ് കേരളത്തിനുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസമേഖലയിൽ -പക്ഷേ, കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാറുകളും ഇത് കാര്യമായി പരിഗണിച്ചിട്ടില്ല. ഹയർ സെക്കൻഡറി മേഖലയിൽ അനുഭവിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തതക്ക് താൽക്കാലികപരിഹാരം കണ്ടെത്തുക മാത്രമാണ് ചെയ്തത്. സൗകര്യക്കുറവ് ഇപ്പോഴും മലബാർ വൻതോതിൽ അനുഭവിക്കുന്നുണ്ട്. മതനിരപേക്ഷമൂല്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിപ്പിടിക്കുന്ന സർക്കാർ നീതിപൂർവം വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുകയും വേണം.
സ്ത്രീസമൂഹത്തെ സംബന്ധിച്ച സർക്കാറിെൻറ പരിഗണനകൾ ശ്രദ്ധേയമാണ്. അതോടൊപ്പം സ്ത്രീ സൗഹാർദപരമായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരികാന്തരീക്ഷം രൂപപ്പെടുത്താൻ അനിവാര്യമായ സോഷ്യൽ എൻജിനീയറിങ്ങും നിയമനിർമാണവും സർക്കാർ നടത്തേണ്ടതായിട്ടുണ്ട്.
(മാധ്യമം ദിനപത്രത്തിൽ വന്ന ലേഖനത്തിൽ നിന്നും)