നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങളാണ് അധികവും സംഭവിച്ചത്. പണമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന മാറ്റങ്ങള്‍. കാര്യമായും ഭൗതിക സൗകര്യങ്ങളുടെ വികസനം. ഇത് ആവശ്യമില്ലെന്നല്ല പറയുന്നത്. ഇതിനേക്കാള്‍ പ്രധാനം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലും ഉള്ളടക്കത്തിലുമുള്ള ആന്തരികമായ മാറ്റങ്ങളാണ്.

വിദ്യാഭ്യാസം നമുക്ക് ആവശ്യമായിത്തീരുന്നത് ഒരുമിച്ച് ജീവിക്കുമ്പോഴാണ്. ഒറ്റക്ക് ജീവിക്കാന്‍ വലിയ അറിവും പരിജ്ഞാനവുമൊന്നും ആവശ്യമില്ല. മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്. സാംസ്‌കാരിക ജീവിതം നയിക്കാനുള്ള പരിശീലനമാണ് വിദ്യാഭ്യാസത്തിലൂടെ നല്‍കേണ്ടത്. വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അഭിമുഖീകരിക്കാന്‍ അതിനു ശേഷിയുണ്ടാവണം. വൈവിധ്യങ്ങളെ ഇല്ലാതാക്കുകയല്ല, സമന്വയിപ്പിക്കുകയാണ്; നിറഭേദങ്ങളെ നിരാകരിക്കുകയല്ല, അവയെ കൂട്ടിച്ചേര്‍ത്ത് മഴവില്ല് വിരിയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൗത്യം.

പുതിയ കാലത്ത് ഗുരുശിഷ്യബന്ധത്തിലുണ്ടായ വിള്ളലുകള്‍ ആശങ്കാജനകമാണ്. അധ്യാപനം ഒരു തൊഴിലല്ല; സാംസ്‌കാരിക പ്രവര്‍ത്തനമാണ്. ശിഷ്യന്‍ കേവല ഗുണഭോക്താവല്ല. ഉപഭോക്തൃ ബന്ധമല്ല അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ളത്. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ഗുരുവാണ്. ഭൗതികാതീതമായ മാനങ്ങള്‍ അവര്‍ തമ്മിലുള്ള ബന്ധത്തിനുണ്ട്. ഈ മാനം നമ്മുടെ വിദ്യാഭ്യാസ രംഗത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് നല്ല ലക്ഷണമല്ല.

മറ്റൊരു അപകടം പരീക്ഷക്കും വിജയ പരാജയങ്ങള്‍ക്കും നമ്മള്‍ നല്‍കുന്ന അമിത പ്രാധാന്യമാണ്. ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഇപ്പോഴും നമ്മള്‍ പരീക്ഷയും മൂല്യനിര്‍ണയവും നടത്തുന്നത്. നമ്മുടെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക സാക്ഷ്യപത്രങ്ങളാകുന്നില്ല. സര്‍ട്ടിഫിക്കറ്റിലല്ല വിദ്യാര്‍ഥിയുടെ അകത്തും പുറത്തും സംഭവിച്ച മാറ്റത്തിലാണ് കാര്യം. വിദ്യാഭ്യാസത്തെ ജീവിതത്തിന്റെ ഭൗതികാവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ നാം ഒരു പരിധിവരെ വിജയിച്ചുകൊണ്ടിരിക്കുന്നുണ്ട്; എന്നാല്‍ ഭൗതികാതീതമായ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ കൂടുതല്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേതാണ് ഒന്നാമത്തേതിനെക്കാള്‍ പ്രധാനം. ഈ പ്രതിസന്ധി മറികടന്നേ തീരൂ. ആധുനിക മനുഷ്യന്റെ ദാര്‍ശനിക പ്രതിസന്ധി കൂടിയാണിത്.

ഈ ദാര്‍ശനിക പ്രതിസന്ധിയില്‍ ലോകത്തിന് വെളിച്ചമാകാവുന്ന വിജ്ഞാന മണ്ഡലവും വിദ്യാഭ്യാസ സംവിധാനവും വികസിപ്പിക്കാന്‍ മുസ്‌ലിം ലോകത്തിന് ഇന്ന് എത്രത്തോളം സാധ്യമാണ്? അതിനുള്ള പൊട്ടന്‍ഷ്യല്‍ മുസ്‌ലിം ലോകത്തുണ്ടോ?

ഇസ്‌ലാമിന്റെ വിദ്യാഭ്യാസ ദര്‍ശനം ഇതിന് ഒരു പരിഹാരമാവേണ്ടതായിരുന്നു. പക്ഷേ, കാലത്തോടൊപ്പം അതിനെ വികസിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്കായില്ല. ഒരുകാലത്ത് ജീവിതത്തിലെ അടിസ്ഥാന പ്രതിസന്ധികളെ വിദ്യാഭ്യാസത്തിലൂടെ തരണം ചെയ്യാന്‍ മുസ്‌ലിംകള്‍ പ്രാപ്തരായിരുന്നു. അന്ന് അവര്‍ക്ക് നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും മേല്‍ ആധിപത്യമുണ്ടായിരുന്നു; അഥവാ വന്‍ രാജ്യങ്ങളുടെയും സാമ്രാജ്യങ്ങളുടെയും മേല്‍ രാഷ്ട്രീയ അധികാരമുണ്ടായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പുഷ്‌കല കാലമായിരുന്നു അത്. ഭൗതികവും ഭൗതികാതീതവുമായ ജ്ഞാനങ്ങള്‍ക്കുമേല്‍ അന്ന് അവര്‍ക്കായിരുന്നു ആധിപത്യം. രാഷ്ട്രീയാധിപത്യം പടിഞ്ഞാറ് പിടിച്ചടക്കിയപ്പോള്‍ വിജ്ഞാനങ്ങളുടെ അധ്യക്ഷസ്ഥാനം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു.

വിജ്ഞാനത്തിന്റെ ദാര്‍ശനികാടിത്തറ അതോടെ കീഴ്‌മേല്‍ മറിഞ്ഞു. അറിവിനെ നിര്‍വചിക്കാനും വ്യാപിപ്പിക്കാനും ആധികാരികമെന്നു സാക്ഷ്യപ്പെടുത്താനുമുള്ള അധികാരം പാശ്ചാത്യര്‍ക്ക് ലഭിച്ചതോടെ മുസ്‌ലിം ലോകത്തുപോലും പാശ്ചാത്യ വിദ്യാഭ്യാസ ദര്‍ശനം അവസാന വാക്കായി. ഭരണകൂടങ്ങള്‍ വിദ്യാഭ്യാസത്തെ (കരിക്കുലം, സിലബസ്, പാഠപുസ്തകം, പരീക്ഷ, സര്‍ട്ടിഫിക്കറ്റ്) മുച്ചൂടും ഏറ്റെടുത്തതോടെ ഇസ്‌ലാമിക വിദ്യാഭ്യാസ ദര്‍ശനമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുക അസാധ്യമായിത്തീര്‍ന്നു. മുഖ്യധാരയില്‍നിന്ന് ഇസ്‌ലാമിക ജ്ഞാനശാസ്ത്രമനുസരിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അപ്രത്യക്ഷമായി. ഇതുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്; മുസ്‌ലിംകള്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍. ഇസ്‌ലാം ലോക നാഗരികതക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന അതിന്റെ വിദ്യാഭ്യാസ ദര്‍ശനമായിരുന്നു. പാശ്ചാത്യ മേല്‍ക്കോയ്മക്കു ശേഷം ലോകത്തിനു നഷ്ടമായത് സമഗ്രവും സമ്പൂര്‍ണവുമായ ഈ ജ്ഞാന ദര്‍ശനമാണ്. രാഷ്ട്രീയാധികാരത്തിലൂടെയല്ലാതെ ഇത് തിരിച്ചുപിടിക്കാനാവില്ല. അല്ലെങ്കില്‍ വിദ്യാഭ്യാസം ഭരണകൂടങ്ങളില്‍നിന്ന് പൂര്‍ണമായി സ്വതന്ത്രമാവണം.

മുസ്‌ലിം സമുദായത്തിലെ ഏറ്റവും പുതിയ തലമുറ ദല്‍ഹിയിലെയും ഹൈദരാബാദിലെയുമൊക്കെ പ്രശസ്ത കലാലയങ്ങളില്‍നിന്ന് മികച്ച വിദ്യാഭ്യാസം നേടി പുറത്തുവരുന്നു. അക്കാദമിക മികവും മൗലിക ചിന്തകളുമുള്ള ഇവരെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചും ആലോചന നടത്തുന്നുണ്ടോ?

നമ്മുടെ പുതിയ തലമുറ രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തിപ്പെടുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. പ്രതിഭാധനരായ ഈ യുവാക്കള്‍ നമ്മുടെ പ്രധാന മൂലധനമാണ്. ഇസ്‌ലാമിക ആദര്‍ശത്താല്‍ ഈ യൗവനത്തെ ശക്തിപ്പെടുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. അവരുടെ അറിവിന് ദാര്‍ശനികവും വൈജ്ഞാനികവുമായ ഒരു അടിത്തറ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അവരുടെ അറിവും കഴിവും നമുക്ക് പ്രയോജനപ്പെടാതെ പോകും.

2015-19 പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസരംഗത്ത് പ്രത്യേകമായി ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിക്കുകയുണ്ടായി. ഇങ്ങനെയൊരു തീരുമാനത്തിലെത്താനുള്ള സാഹചര്യമെന്തായിരുന്നു? ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ എന്തൊക്കെയാണ്? അവയുടെ ഇപ്പോഴത്തെ പുരോഗതി എന്താണ്?

വിദ്യാഭ്യാസ രംഗത്ത് നാം ഒരു കാലത്ത് വെച്ച ചടുലമായ ചുവടുവെപ്പുകള്‍ പില്‍ക്കാലത്ത് അതേ ശക്തിയിലും വേഗതയിലും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈ ഊന്നല്‍ ഉണ്ടായത്. വിദ്യാഭ്യാസ രംഗത്ത് കാലത്തോടൊപ്പം മാത്രമല്ല ചിലപ്പോള്‍ കാലത്തിനു മീതെയും കടന്ന് ചിന്തിക്കാന്‍ നമുക്ക് സാധിക്കണം. ഇതിനു സാധിക്കാത്ത സമൂഹങ്ങള്‍ ചരിത്രത്തില്‍നിന്ന് എടുത്തുമാറ്റപ്പെടും. നമ്മള്‍ സ്വന്തമായ മുദ്ര പതിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് വിദ്യാഭ്യാസം. മനുഷ്യജീവിതത്തെയും നാഗരികതയെയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിന്റെ ഭാഗമാണത്. ഊന്നലിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നേയുള്ളൂ. നിലവിലുള്ളത് ശക്തിപ്പെടുത്താനും വ്യവസ്ഥപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്.

അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഒരു നയരേഖ ഈയിടെ പുറത്തിറക്കുകയുണ്ടായല്ലോ. എന്താണ് ഈ നയരേഖയുടെ ഉള്ളടക്കം?

ഇരുപത്തഞ്ച് വര്‍ഷത്തേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാര്‍ഗരേഖ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രീ -പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പ്രാസ്ഥാനികമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടാണ് അതിന്റെ അന്തര്‍ധാര. മനുഷ്യസമത്വത്തിലും സാഹോദര്യത്തിലും ഊന്നിയ, അസമത്വങ്ങളെ നിരാകരിക്കുന്ന, സൗഹാര്‍ദത്തിനും സഹവര്‍ത്തിത്വത്തിനും മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന, അറിവിനെ വിവേകമായി പരിവര്‍ത്തിപ്പിക്കുന്ന, വികസനത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന സമ്യക്കായ ഒരു വിദ്യാഭ്യാസ മാര്‍ഗരേഖയാണത്.

മത-ഭൗതിക വിഷയങ്ങള്‍ സമന്വയിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച വിദ്യാഭ്യാസ സമ്പ്രദായം ഏറെ പ്രശസ്തമാണല്ലോ. എന്നാല്‍ സാമൂഹികമായി അടിമുടി മാറിയ പുതിയ സാഹചര്യത്തില്‍ നമ്മുടെ മതവിദ്യാഭ്യാസ സമ്പ്രദായം പുതുക്കിപ്പണിയേണ്ടതല്ലേ?

നമ്മുടെ വിദ്യാഭ്യാസ ദര്‍ശനത്തിലല്ല; അതിന്റെ പ്രയോഗവത്കരണത്തിന് നാം സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങളിലാണ് മാറ്റം ആവശ്യമായിട്ടുള്ളത്. വിദ്യാഭ്യാസം പരിപൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുന്ന ഒരു സമൂഹത്തില്‍ ഇതിന് ധാരാളം പരിമിതികളുണ്ട്.

നമ്മുടെ വിദ്യാഭ്യാസ സങ്കല്‍പം സമഗ്രവും സമ്പൂര്‍ണവുമാണ്. ഉത്തമ മനുഷ്യനെയും ഉത്തമ പൗരനെയും സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് നാം ലക്ഷ്യം വെക്കുന്നത്. നല്ല മനുഷ്യന്‍ തന്നെയാണ് നല്ല പൗരന്‍. വാല്യൂ/മൂല്യം ആയിരിക്കണം വിദ്യാഭ്യാസത്തിന്റെ ആകത്തുക. വാല്യൂ ഒരു പ്രത്യേക വിഷയമല്ല; എല്ലാ വിഷയങ്ങളുടെയും ഹൃദയമാണ്. ആത്മീയ-ഭൗതിക വിദ്യാഭ്യാസങ്ങളുടെ സമന്വയത്തിലൂടെ നമ്മള്‍ ശ്രമിച്ചത് ഈ വിദ്യാഭ്യാസ സങ്കല്‍പം യാഥാര്‍ഥ്യമാക്കാനാണ്. വിദ്യാഭ്യാസം ഭൗതികമായിരുന്നാലും ആത്മീയമായിരുന്നാലും, സൈദ്ധാന്തികമായിരുന്നാലും പ്രായോഗികമായിരുന്നാലും ആത്യന്തികമായി വെളിച്ചമാകണം; വിവേകമാകണം. ഈ വിഷയത്തില്‍ ഇനിയും നാം ബഹുദൂരം മുന്നോട്ട് പോവേണ്ടതുണ്ട്. മതവിഷയങ്ങളും സാമൂഹിക വിഷയങ്ങളും കടന്ന് ശാസ്ത്ര-സാങ്കേതിക വിഷങ്ങളിലേക്കും ഈ മാറ്റം കടന്നുചെല്ലേണ്ടതുണ്ട്. നമ്മുടെ മത വിദ്യാഭ്യാസ രംഗവും ഭൗതിക വിദ്യാഭ്യാസ രംഗവും വിദ്യാഭ്യാസത്തിന്റെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളണം. ആകാശം കാണുമ്പോള്‍ ഭൂമി കാണാത്ത, ഭൂമി കാണുമ്പോള്‍ ആകാശം കാണാത്ത ഇന്നത്തെ അവസ്ഥ മാറണം.

ഇസ്‌ലാമിയാ കോളേജുകളുടെ സിലബസുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള ആലോചനകള്‍ ഉണ്ടോ? താങ്കളുടെ കാഴ്ച്ചപ്പാടില്‍, അവയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടവയും വിട്ടുകളയേണ്ടവയും എന്തൊക്കെയാണ്?

ഇസ്‌ലാമിയ കോളേജുകളുടെ സിലബസ് പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. നടേ പറഞ്ഞ വിദ്യാഭ്യാസ ദര്‍ശനത്തിന്റെ പ്രയോഗവത്കരണമാണ് ഈ പരിഷ്‌കരണത്തിലൂടെ സംഭവിക്കേണ്ടത്. അറിവിനും പ്രയോഗത്തിനും ഒരുപോലെ പ്രാധാന്യം നല്‍കണം. ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ശേഷിയുള്ളതായിരിക്കണം നമ്മുടെ കരിക്കുലം. സാമ്പ്രദായിക കരിക്കുലങ്ങള്‍ ഇതിനു പര്യാപ്തമല്ല. ശക്തമായ ദാര്‍ശനിക അടിത്തറയില്‍ പുതിയ വിഷയങ്ങളെ ഉള്‍ക്കൊള്ളണം. സര്‍വോപരി കരിക്കുലം ജീവിതഗന്ധിയാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.

ശാന്തപുരം അല്‍ജാമിഅയുടെ കരിക്കുലത്തിലും സിലബസിലും ജമാഅത്തെ ഇസ്‌ലാമി ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാല്‍ അല്‍ജാമിഅ ഇപ്പോഴും പിന്തുടരുന്നത് ഒരു സാമ്പ്രദായിക ഇസ്‌ലാമിയ കോളേജിന്റെ അല്‍പം പരിഷ്‌കരിച്ച / വികസിച്ച ഒരു ഘടനയും ഉള്ളടക്കവും മാത്രമല്ലേ? ‘പുതുതലമുറ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍’ എന്തുകൊണ്ട് അതിലുള്‍പ്പെടുന്നില്ല?

അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ഒരു ഉന്നത ഇസ്‌ലാമിക കേന്ദ്രമാണ്. മൗലികമായ വിഷയങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ അടിസ്ഥാന ആശയാദര്‍ശങ്ങളെയാണ് ജാമിഅ അഡ്രസ് ചെയ്യുന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിനേക്കാളുപരി ഒരു സ്‌കൂള്‍ ഓഫ് തോട്ടാണ് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ. ക്ലാസിക്കല്‍ സ്വഭാവം അവിടത്തെ പഠന പരിശീലനങ്ങള്‍ക്കുണ്ടാകും. സാമ്പ്രദായിക ഇസ്‌ലാമിക വിദ്യാഭ്യാസ രീതിയെ പൂര്‍ണമായി നിരാകരിക്കാന്‍ ജാമിഅക്കാവില്ല; എന്നാല്‍ ആധുനികതയെ ഇസ്‌ലാമികവത്കരിച്ചുകൊണ്ട് അത് ഉള്‍ക്കൊള്ളുകയും ചെയ്യും. ഈ നിലപാടുതറയില്‍നിന്നുകൊണ്ടാണ് ജാമിഅ പുതിയ വിഷയങ്ങളെ ഉള്‍ക്കൊള്ളുകയും വികസിപ്പിക്കുകയും ചെയ്യുക.

അല്‍ജാമിഅയുടെ ഭാവിയെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമിക്ക് വലിയ പ്രതീക്ഷകളുണ്ട്. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അല്‍ജാമിഅ എങ്ങനെയായിരിക്കും നമുക്ക് അനുഭവപ്പെടുക? അതിന്റെ ഘടനയിലും ഉള്ളടക്കത്തിലും എന്തൊക്കെ മാറ്റങ്ങളാണ് താങ്കള്‍ സ്വപ്‌നം കാണുന്നത്?

വിജ്ഞാനത്തെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാടാണ് ജാമിഅക്കുള്ളത്. സാമ്പ്രദായിക അര്‍ഥത്തിലുള്ള മത വിദ്യാഭ്യാസം മാത്രമല്ല ജാമിഅയുടെ അജണ്ടയിലുള്ളത്. ശാസ്ത്ര-മാനവിക-ഭാഷാ വിഷയങ്ങളുടെ വിശാലമായ ഒരു കാമ്പസ് ജാമിഅയുടെ സ്വപ്‌നത്തിലുണ്ട്. Knowladge World എന്ന പേരില്‍ ഒരു പുതിയ പ്രോജക്ടിന് ജാമിഅ തുടക്കം കുറിച്ചിട്ടുണ്ട്. ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിത്തറയില്‍ ശാസ്ത്ര വിഷയങ്ങളും മാനവിക വിഷയങ്ങളും വിവിധ ഭാഷകളും നിയമം, മാനേജ്‌മെന്റ്, മീഡിയ തുടങ്ങി ആധുനിക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിപ്പിക്കപ്പെടുന്ന, വൈജ്ഞാനികമായും സാംസ്‌കാരികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു രാഷ്ട്രാന്തരീയ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് ഈ പ്രോജക്ട്് ലക്ഷ്യംവെക്കുന്നത്.

മുസ്‌ലിം സമൂഹം നേരിടുന്ന സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ മറികടക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. നിയമ പഠനത്തിലും സിവില്‍ സര്‍വീസ് മേഖലയിലും കുട്ടികളെ എത്തിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യംവെക്കുന്ന സാമൂഹിക വിപ്ലവം സാധ്യമാവണമെങ്കില്‍ നരവംശ ശാസ്ത്രത്തിലും മറ്റും മൗലികമായ പഠനങ്ങള്‍ ഉണ്ടാവേണ്ടതല്ലേ?

പഴയതും പുതിയതുമായ വിഷയങ്ങളില്‍ അവഗാഹം നേടിയ ആളുകളുടെ പ്രാധാന്യം ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കിയിട്ടുള്ളതു തന്നെയാണ്. സ്വന്തം നിലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയും സമര്‍ഥരായ വിദ്യാര്‍ഥികളെ നിലവിലുള്ള മികച്ച സ്ഥാപനങ്ങളിലേക്ക് പഠിക്കാനയച്ചും പ്രസ്ഥാനം ഒരു പരിധി വരെ ഈ വിഷയത്തെ ഉള്‍ക്കൊണ്ടിട്ടുണ്ട്. സാമൂഹിക ശാസ്ത്രങ്ങള്‍, വിശേഷിച്ച് ചോദ്യത്തില്‍ പറഞ്ഞ പുതുതലമുറ വിഷയങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യനാഗരികതയുടെ നാഡിമിടിപ്പുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കുന്ന വിഷയങ്ങളാണവ.

മദ്‌റസ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുന്നു. ജമാഅത്തെ ഇസ്‌ലാമി വലിയ ശ്രദ്ധയും അധ്വാനവും ഇതിനായി ചെലവഴിക്കുന്നുണ്ട്. എന്തൊക്കെയാണ് മദ്‌റസ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍? എങ്ങനെയാണ് അത് പരിഷ്‌കരിക്കേണ്ടത്?

മദ്‌റസ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമായി അടുത്ത കാലത്ത് നാം വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. നല്ല ഒരു ടീം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. പരമ്പരാഗത മദ്‌റസകള്‍ക്കു പുറമെ ഹോളിഡേ മദ്‌റസകളും ഓണ്‍ലൈന്‍ മദ്‌റസകളും ഇന്ന് നമുക്കുണ്ട്. കുട്ടികള്‍ക്ക് അറിവുകള്‍ കൈമാറുന്നതിനപ്പുറത്ത് പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു കരിക്കുലം നാം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷാ സമ്പ്രദായത്തിലും കാതലായ മാറ്റം കൊണ്ടുവരുന്നുണ്ട്. മതവിജ്ഞാനീയങ്ങളുടെ മൂല്യനിര്‍ണയം മറ്റു വിഷയങ്ങളില്‍നിന്ന് വ്യത്യസ്തമാകേണ്ടതുണ്ട്. ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ അവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. മദ്‌റസകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളില്‍ ഒന്നാണ്. അതിന് അര്‍ഹമായ പ്രാധാന്യം കല്‍പിക്കുന്നതില്‍ നാം വിജയിച്ചാല്‍ എല്ലാം ഭദ്രമാകും.

മദ്‌റസ പാഠപുസ്തകങ്ങള്‍ വലിയ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലമാണിത്. മജ്‌ലിസിന്റെ നിയന്ത്രണത്തിലുള്ള സിലബസും കരിക്കുലവും രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? മജ്‌ലിസ് നിര്‍മിക്കുന്ന കരിക്കുലത്തിന്റെ തനത് സവിശേഷത എന്താണ്?

മജ്‌ലിസിന്റെ കരിക്കുലം കടം കൊണ്ടതല്ല; സ്വന്തമായി രൂപപ്പെടുത്തിയതാണ്. നമ്മുടെ കാലത്തെയും സമൂഹത്തെയും പ്രാദേശികമായ ആവശ്യങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള ഒരു കരിക്കുലവും സിലബസുമാണ് നാം വികസിപ്പിക്കുന്നത്. ഇത് കണിശമായ വിലയിരുത്തലുകള്‍ക്കും വിചാരണകള്‍ക്കും വിധേയമാക്കാറുണ്ട്. കൂടാതെ, കാലാകാലങ്ങളില്‍ പുനഃപരിശോധിച്ച് പരിഷ്‌കരിക്കാറുമുണ്ട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും സ്വീകരിക്കാന്‍ പറ്റുന്നതുമാണ് എന്നതാണ് നമ്മുടെ കരിക്കുലത്തിന്റെ പ്രധാന സവിശേഷത. സമഗ്രവും സന്തുലിതവുമായ വ്യക്തിത്വത്തിന്റെ സൃഷ്ടിക്കാണ് അത് ഊന്നല്‍ നല്‍കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെ അത് ബഹുമാനിക്കുകയും വിഭാഗീയ ചിന്തകളെ നിരാകരിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ഉദ്ദേശിക്കുന്ന വിധം തന്നെയാണോ മുന്നോട്ടു പോകുന്നത്? അവയും മാറ്റത്തിന് വിധേയമാവേണ്ടതല്ലേ? ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ആലോചിക്കുന്നുണ്ടോ?

ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ കൊണ്ട് നമുക്ക് ഇരട്ട ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന്, ഗുണമേന്മ. രണ്ട്, നമ്മുടെ മത സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം. ഒന്നാമത്തെ ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാന്‍ നമ്മുടെ സ്‌കൂളുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ഗുണനിലവാരത്തില്‍ നമ്മുടെ സ്‌കൂളുകള്‍ അധികവും മറ്റു സ്‌കൂളുകളുടെ ഒപ്പമോ മുന്നിലോ ആണ്. രണ്ടാമത്തെ ലക്ഷ്യം പൂര്‍ണമായി നാം സാക്ഷാത്കരിച്ചിട്ടില്ല. സര്‍ക്കാറിന്റെ നിയന്ത്രണങ്ങള്‍ കാരണമായി ഇതിന് ധാരാളം പരിമിതികളുണ്ട്. യഥാര്‍ഥത്തില്‍ ഒരു ന്യൂനപക്ഷ മതവിഭാഗമെന്ന നിലയില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ മുഴുവന്‍ വകവെച്ചുകിട്ടിയിരുന്നെങ്കില്‍ ഈ ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമായിരുന്നു. പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കാര്യത്തില്‍ സമുദായത്തിനു പുറത്തേക്കുള്ള വളര്‍ച്ചയാണ് യഥാര്‍ഥത്തില്‍ ആവശ്യമായിട്ടുള്ളത്. എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും നമ്മുടെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കണം. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കണം. നമ്മുടെ സമൂഹത്തിന്റെ ബഹുസ്വര സ്വഭാവം നമ്മുടെ വിദ്യാലയങ്ങളില്‍ പ്രകടമാവണം. അക്കാദമിക ഗുണമേന്മയുടെ കാര്യത്തിലും പുതിയ പരീക്ഷണങ്ങളും പരിഷ്‌കരണങ്ങളും ആവശ്യമുണ്ട്. രാഷ്ട്രാന്തരീയ നിലവാരം കൈവരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണം.

English