
- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കൊപ്പം തന്നെ ധാർമിക ബോധവും സംസ്ക്കാരവും തലമുറകളിൽ വളർത്തിയെടുക്കാൻ വിപുലമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ജമാഅത്തെ ഇസ്ലാമി കേരള നിർവഹിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മേൽനോട്ടം IECI എന്ന ഏജൻസിയാണ് നിർവഹിക്കുന്നത്. സിലബസ് രൂപീകരണം, പാഠപുസ്‌തക നിർമാണം, അധ്യാപക പരിശീലനം തുടങ്ങിയവക്ക് IECI മേൽനോട്ടം വഹിക്കുന്നു. ഹെവൻസ് പ്രീ സ്‌കൂൾ, നഴ്‌സറി, മദ്രസ, സ്കൂൾ, ദീനി മദാരിസ്, ആർട്‌സ് സയൻസ് കോളേജ്, ഐ.ടി.ഐ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പഠനം നടത്തുന്നു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പും നൽകിവരുന്നു.
അൽ ജാമിഅ അൽ ഇസ്‌ലാമിയ ശാന്തപുരം
യൂണിവേഴ്‌സിറ്റി നിലവാരമുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോട് കൂടിയ പഠനരീതികൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളടങ്ങിയ മൾട്ടി കൾച്ചറൽ കാമ്പസ്, ദക്ഷിണേന്ത്യയിലെ മുൻനിര ഇസ്‌ലാമിക് റഫറൻസ് ലൈബ്രറി.
ഇസ്ലാമിക് സ്റ്റഡീസ്, പ്ലസ് ടു (ഹുമാനിറ്റീസ്, കേരള)
2015-19 പ്രവര്‍ത്തന കാലയളവില്‍ ജമാഅത്തെ ഇസ്‌ലാമി പ്രത്യേകമായി ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ച മേഖലയാണ് വിദ്യാഭ്യാസം. ഇതു വരെയുള്ള കാലയളവുകളില്‍ മൂല്യങ്ങളും ധാര്‍മിക ബോധവും സദാചാരനിഷ്ഠയും ഉറപ്പുവരുത്തുന്ന മത-ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ കാതലായ വിദ്യാഭ്യാസ ചുവടുവെപ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ച പശ്ചാത്തലത്തില്‍ ധാരാളം പരിഷ്‌ക്കരണങ്ങള്‍ വരുത്താനും കഴിഞ്ഞിട്ടുണ്ട്. കോളെജുകള്‍, സ്‌കൂളുകള്‍, മദ്രസകള്‍, പ്രീ പ്രൈമറി തുടങ്ങിയ കൂടുതല്‍ കരുത്തുള്ളതാക്കാനും പുതിയ മാറ്റങ്ങളെ അഭിമുഖീകരിക്കാന്‍ പര്യാപ്തമായ രീതികളില്‍ വളര്‍ത്തിയെടുക്കാനും പുതിയ കാലയളവില്‍ പ്രത്യേകം ഉദ്ദേശിക്കുന്നു. കേരളത്തിന്റെ നവോത്ഥാന ഭൂപടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമാണ് മജ്ലിസു തഅ്ലീമില്‍ ഇസ്ലാമി.1950 കളുടെ തുടക്കത്തില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വികാസം പ്രാപിച്ചപ്പോള്‍ തന്നെ അതിന്റെ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കാന്‍ ആരംഭിച്ചു.പ്രാഥമിക മദ്റസകള്‍, സ്‌കൂളുകള്‍, ഇസ്ലാമിയാ കോളജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ എകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി 1979 ല്‍ സ്ഥാപിതമായതാണ് മജ്ലിസു തഅ്ലീമില്‍ ഇസ്ലാമി,കേരള. മജ്ലിസിന്റെ ആദ്യത്തെ ചെയര്‍മാന്‍ കെ.സി. അബ്ദുല്ല മൌലവിയും, സെക്രട്ടറി ടി.കെ അബ്ദുല്ല സാഹിബും ഖജാന്‍ജി കെ.എം. അബ്ദുല്‍ അഹദ് തങ്ങളും ആയിരുന്നു.ടി.കെ. അബ്ദുല്ല സാഹിബിന് ശേഷം മജ്ലിസിന്റെ സെക്രട്ടറിമാരായത് യഥാക്രമം പി.എം. അബുല്‍ ജലാല്‍ മൌലവി, ഇ.വി.ആലിക്കുട്ടി മൌലവി, ഒ.പി. അബ്ദുസ്സലാം മൌലവി ,കെ.പി.എഫ് ഖാന്‍, എ.മുഹമ്മദാലി, ഡോ.എസ് .സുലൈമാന്‍, എസ്.കമറുദ്ദീന്‍ എന്നിവരും ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു. പുതിയ കാലയളവില്‍ മജ്‌ലിസു തഅ്‌ലീമി അടക്കം വ്യത്യസ്ഥമായ വകുപ്പുകള്‍ വിദ്യഭ്യാസ വകുപ്പിന് കീഴില്‍ ആയിരിക്കും.
പ്രീ പ്രൈമറി തലം മുതല്‍ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും കാര്യക്ഷമമാക്കാനും കൂടുതല്‍ ശക്തിയോടെ മുന്നോട്ടുചലിപ്പിക്കാനുമുതകുന്ന തരത്തില്‍ ഒരു വിദ്യാഭ്യാസ നയരേഖക്ക് നാം രൂപം നല്‍കി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക കീഴില്‍ ഒരു വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കുന്ന നയരേഖയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വിദ്യാഭ്യാസ സംവിധാനത്തിനും മേല്‍നോട്ടം വഹിക്കാനും പുതിയ വിദ്യാഭ്യാസ മേഖലകളിലേക്ക് വാതില്‍ തുറക്കാനും ജമാഅത്തെ ഇസ്ലാമി കേരളയുടെ കീഴില്‍ ഒരു വിദ്യാഭ്യാസ വകുപ്പിന് രൂപം നല്‍കിയിരിക്കുന്നു. സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും മുസ്‌ലിം സമൂഹത്തിനിടയില്‍ നമുക്ക് ലഭിച്ചിരുന്ന വിദ്യാഭ്യാസ മേല്‍കൈ തിരിച്ചു പിടിക്കാനും ആവശ്യമായ രീതിയില്‍ പുതിയൊരു വിദ്യാഭ്യാസ കുതിച്ചുചാട്ടം സാധ്യമാക്കുന്നതിനും വേണ്ടിയാണിത്.
വിദ്യാഭ്യാസ വകുപ്പ് ഒരു നിയമാനുസൃത ഏജന്‍സിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുന്നതാണ്. ഡോ. കൂട്ടില്‍മുഹമ്മദലി ചെയര്‍മാനും ശിഹാബ് പൂക്കോട്ടൂര്‍ സെക്രട്ടറിയുമായി വിദ്യാഭ്യാസ വിചക്ഷണരുടെ ഒരു ബോഡിയാണ് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖല പ്രത്യേകം ശ്രദ്ധിക്കുന്നതിന് ഹയര്‍ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു. ഇസ്‌ലാമിയാ കോളേജുകള്‍, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുകള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കാദമിക മേല്‍നോട്ടമാണ് ഈ ബോര്‍ഡ് നിര്‍വഹിക്കുന്നത്. പ്രൊഫ. പി.മുഹമ്മദ് ഡയറക്ടറും അസി. പ്രഫ. കെ.പി. അബ്ദുല്ലത്തീഫ് അസി. ഡയറക്ടറുമായ ഹയര്‍ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കോളെജുകളിലെ സിലബസ് പരിഷ്‌ക്കരണം, പ്രിന്‍സിപ്പള്‍മാരുടെയും അധ്യാപകരുടെയും ട്രൈനിംഗ് പ്രോഗ്രാമുകള്‍ എന്നിവ ബോര്‍ഡ് തുടങ്ങി കഴിഞ്ഞിട്ടുണ്ട്.
സ്‌കൂള്‍തല വിദ്യാഭ്യാസം ശ്രദ്ധിക്കുന്നതിന് വിദ്യാകൗണ്‍സില്‍ ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ പുനഃസംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രാസ്ഥാനികമായ പഠനവും വളര്‍ച്ചയും ശ്രദ്ധിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. വിദ്യാലയങ്ങളിലെ മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകള്‍ ശാക്തീകരിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചു. വിദ്യാകൗണ്‍സിലിന്റെ ഡയറക്ടര്‍ ഡോ. ബദീഉസ്സമാന്‍ ആണ് .
മദ്രസാ വിദ്യാഭ്യാസത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിപുലമാക്കുന്നതിനും വേണ്ടി മദ്രസാ എജ്യുക്കേഷന്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. റഗുലര്‍ മദ്രസകളിലും വാരാന്ത്യ മദ്രസകളിലുമായി ധാരാളം കുട്ടികള്‍ പഠിച്ച് വരുന്നുണ്ട്. മദ്രസ വിദ്യാഭ്യാസത്തിന് ഇംഗ്ലീഷില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ പരിപാടിയുണ്ട്. ഓരോ ജില്ലയിലേയും മദ്രസകള്‍ പ്രത്യേകം ടീമുകള്‍ സന്ദര്‍ശിക്കുകയും പോരായ്മകളും പ്രയാസങ്ങളും വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. മദ്രസാ വിദ്യാഭ്യാസം വ്യാപകമാക്കാനുള്ള ശ്രമത്തിന് മദ്രസാബോര്‍ഡ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. മദ്രസകള്‍ക്കിടയില്‍ ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഈ വര്‍ഷം ഓണ്‍ലൈന്‍ മദ്രസ സവിധാനം നിലവില്‍ വരുന്നതാണ്. മജ്‌ലിസ് എഡ്യുക്കേഷന്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ അനീസുദ്ധീൻ സി.എച് ആണ് .
പ്രീ പ്രൈമറി മേഖലയെ പ്രത്യേകം ശ്രദ്ധിക്കുന്നതിന് പ്രീപ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. പ്രീ-പ്രൈമറി മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍കയ്യില്‍ ഒരു ബ്രാന്‍ഡഡ് കോഴ്‌സ് രംഗത്തിറക്കാന്‍ നാം ഉദ്ദേശിക്കുന്നു. പ്രീ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ ഭാരവാഹികള്‍. എസ് ഖമറുദ്ദീന്‍ ഡയറക്ടറും എം.ദാവൂദ് അസിസ്റ്റന്റ് ഡയറക്ടറുമാണ്.
മജ്‌ലിസു തഅ്ലീമില്‍ ഇസ്‌ലാമി
നമ്മുടെ മദ്രസകളിലെയും കോളേജുകളിലെയും ദീനിവിദ്യാഭ്യാസത്തിന് വേണ്ടി തയ്യാറാക്കുന്ന കോഴ്‌സുകള്‍ക്കും സിലബസ്സുകള്‍ക്കും അംഗീകാരം നല്‍കുന്നതിനും പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുംവേണ്ടി മജ്‌ലിസു തഅ്ലീമില്‍ ഇസ്‌ലാമി പണ്ഡിതന്മാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുന്നതാണ്. മദ്രസ, പ്രീപ്രൈമറി, സ്‌കൂളുകള്‍, കോളെജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും ട്രൈനിംഗ് നല്‍കുന്നതിന് സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രൈനിംഗ് (CERT) രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാപനങ്ങളെ നമ്മളുദ്ദേശിക്കുന്ന വിഷനിലേക്ക് എത്തിക്കാന്‍ ആവശ്യമായ ട്രൈനിംഗാണ് ഇതിന് കീഴില്‍ നല്‍കുന്നത്. ട്രൈനിംഗ് സെന്ററിന്റെ ഡയറക്ടര്‍ ഡോ. കെ.എം. മഹ്മൂദ് ശിഹാബും അസി. ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബുമാണ്.
വെബ്സൈറ്റ് :http://www.majliskerala.org/
പ്രീ പ്രൈമറി മുതല്‍ കോളെജുകള്‍വരെയുള്ള സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കെ.വി. മുഹമ്മദ് കൗണ്‍സിലിന്റെ പ്രസിഡണ്ടും എ.ടി. ഷറഫുദ്ദീന്‍ സെക്രട്ടറിയുമാണ്. ഇന്ത്യയിലും വിദേശത്തും വിവിധ സര്‍വകലാശാലകളില്‍ ഗവേഷണം ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. റിസര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഓറിയന്റേഷന്‍ ക്യാമ്പുകള്‍ നടത്തുന്നതിനും അവര്‍ക്ക് ഗൈഡന്‍സ് നല്‍കുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് രൂപീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നയരൂപീകരണത്തിന് സഹായകമാകുന്ന ഗവേഷണ പഠനങ്ങള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കി വരുന്നു. റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ ശിഹാബ് പൂക്കോട്ടൂരും അസി. ഡയറക്ടര്‍ അന്‍സര്‍ അബൂബക്കറുമാണ്.
ഇന്ത്യക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകളിലെ വിവിധ കോഴ്‌സുകളെക്കുറിച്ചും അഡ്മിഷന്‍ രീതികളെക്കുറിച്ചും വിവരമറിയാനും വിദൂരപഠനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമുള്ള സംവിധാനം വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലുണ്ട്. നിര്‍ദേശങ്ങളും നയനിലപാടുകളും വിദ്യാഭ്യാസ വകുപ്പ് ഉടനെ പുറത്തിറക്കുന്ന ബുക്ക്‌ലെറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഡോ. ബദീഉസ്സമാന്‍ ഡയറക്ടറായി പ്രൊഡക്ഷന്‍ ആന്റ് പബ്ലിക്കേഷന്‍ വിംഗ് രൂപവല്‍ക്കരിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുകയും അച്ചടിക്കുകയും വിതരണം ചെയ്യുകയുമാണ് ഈ വകുപ്പിന്റെ ചുമതല. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയാണ് വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം 2025 ആകുമ്പോഴേക്ക് അല്‍ ജാമിഅയെ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഇസ്‌ലാമിക സര്‍വകലാശാലയായി ഉയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഓഫ് കാമ്പസുകള്‍, ഓണ്‍ലൈന്‍ യൂനിവേഴ്‌സിറ്റി, പുതിയ പി.ജി. കോഴ്‌സുകള്‍, റിസര്‍ച്ച് സെന്റര്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ ജാമിഅക്കു കീഴില്‍ ആരംഭിക്കാനിരിക്കുന്നു. അതിനാവശ്യമായ ചില മാറ്റങ്ങളിലേക്കും ക്രമീകരണങ്ങളിലേക്കും അല്‍ജാമിഅ നീക്കം ആരംഭിച്ചു. മജ്‌ലിസുല്‍ ജാമിഅ, മജ്‌ലിസുല്‍ ഇദാറ, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ഇസ്ലാമികവിഷയങ്ങളില്‍ സ്പെഷ്യലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ നല്‍കുന്നത്. ജാമിഅ വിദ്യാഭ്യാസത്തിന്റെ തുടക്കമായ രണ്ടു വര്‍ഷ പ്രിപറേറ്ററി കോഴ്സിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് പ്രവേശനം നല്‍കുന്നു. പ്രിപറേറ്ററി കോഴ്സിനു ശേഷം ഉസ്വൂലുദ്ദീന്‍, ശരീഅ ഫാക്കല്‍റ്റികളില്‍ നാലു വര്‍ഷ ബിരുദപഠനവും തുടര്‍ന്ന് ഖുര്‍ആന്‍, ഹദീസ്, ശരീഅ, ദഅ്വ ഫാക്കല്‍റ്റികളില്‍ രണ്ടു വര്‍ഷ ബിരുദാനന്തര സ്പെഷ്യലൈസേഷന്‍ കോഴ്സുകളും. 1955 ൽ തുടക്കം കുറിച്ചു.