കീഴടങ്ങാത്ത ചെറുത്തുനിൽപ്പിന്റെയും ഐതിഹാസികമായ അതിജീവന പോരാട്ടത്തിന്റെയും പുതിയൊരധ്യായം ‘തൂഫാനുൽ അഖ്സ്വാ’ യിലൂടെ ഫലസ്തീൻ ചരിത്രത്തിൽ തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് മാത്രം കൈവശമുള്ള അത്യാധുനിക ആയുധങ്ങളാൽ ഫലസ്തീൻ ജനതയുടെ പ്രതിരോധവീര്യത്തെയും സ്വാതന്ത്ര്യാഭിലാശങ്ങളെയും തീർത്ത് കളയാമെന്ന സാമ്രാജ്യത്വ- സയണിസ്റ്റ് ഹുങ്കിനേറ്റ തിരിച്ചടിയാണ് ഇപ്പോഴുണ്ടായ വെടിനിർത്തൽ കരാർ. ഹമാസിനെ നാമാവശേഷമാക്കി, ഫലസ്തീൻ ജനതയെ ഉൻമൂലനം ചെയ്തോ നാടുകടത്തുകയോ ചെയ്ത്, ഇസ്രയേൽ ബന്ദികളെ മുഴുവൻ മോചിപ്പിച്ചെടുത്ത് മാത്രമേ യുദ്ധമവസാനിപ്പിക്കൂ എന്ന തിട്ടൂരത്തിൽ ഒരു വർഷത്തിലേറെ തീ ബോംബ് വർഷിച്ചിട്ടും ഗസ്സയിലെ പോരാളികളുടെ മനോവീര്യത്തിന് മുമ്പിൽ സാമ്രാജ്യത്വ- സയണിസത്തിന്റെ കീഴടങ്ങലാണ് തൂഫാനുൽ അഖ്സ്വ.

പ്രിയപ്പെട്ടവർ ഒന്നടങ്കം രക്തസാക്ഷ്യം വരിക്കുന്നത് കണ്ടിട്ടും, ബാല്യ കൗമാരക്കാരായ പിഞ്ചുമക്കളുടെ ഖബറുകൾ കുഴിച്ചു തളർന്നിട്ടും, ഹോസ്പിറ്റലുകളും ദുരിതാശ്വാസ ക്യാമ്പുകളും സ്കൂളുകളുമടക്കം അവശ്യസ്ഥാപനങ്ങളൊന്നടങ്കം എരിഞ്ഞമരുന്നതറിഞ്ഞിട്ടും തകരാത്ത, തകർക്കാനാവാത്ത മനസ്സോടെ അവർ സയണിസത്തെ വെല്ലുവിളിച്ചു: കൊല്ലാം, തകർക്കാം, പക്ഷേ കീഴടക്കാനാവില്ല.

തൂഫാനൽ അഖ്സ്വാ ഹമാസിനും ഗസ്സയിലെ പോരാളികൾക്കും ഇനിയുമൊരായിരക്കൊല്ലക്കാലം വിമോചനപോരാട്ടങ്ങൾക്കുള്ള നിത്യപ്രചോദനമായിരിക്കും. സയണിസ്റ്റ് ഭീകരർക്കാവട്ടെ അത് വിട്ടുമാറാത്ത പേടി സ്വപ്നവുമായിരിക്കും.

ലോകത്തെ മുഴുവൻ വംശീയ ഭീകരരും അറിയുക, കാലം സാക്ഷി, ആയുധവും അധികാരവും കൊണ്ട് മാത്രം ചരിത്രത്തിൽ ഒരു ശക്തിക്കും നിലനിൽക്കാനാവില്ല. ഫലസ്തീൻ വീടുകളുടെ താക്കോലുകൾ നിധി പോലെ കാത്തുസൂക്ഷിക്കുന്ന, വിമോചന പോരാട്ടങ്ങളുടെ കനലുകൾ അകതാരിൽ അണയാതെ കൊണ്ടു നടക്കുന്ന ഒരാദർശ സമൂഹത്തെ ഒരുകാലത്തും അതിജീവിക്കാനുമാവില്ല.