“തണലാണ് കുടുംബം” ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കാമ്പയിനിന് തുടക്കം കുറിച്ചു
“തണലാണ് കുടുംബം” ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കാമ്പയിനിന് തുടക്കം കുറിച്ചു. കുടുംബം പവിത്രമാണ്, സമൂഹത്തിന്റെ Basic Unit ആണ്. നല്ല കുടുംബ സംവിധാനങ്ങളിലൂടെയാണ് നല്ല കെട്ടുറപ്പുള്ള സാമൂഹ്യ നിർമ്മിതി സാധ്യമാവുക. കുട്ടികൾ , മാതാപിതാക്കൾ, മുതിർന്നവർ ,സ്ത്രീകൾ, ദുർബ്ബലർ തുടങ്ങി വ്യത്യസ്ത ജീവിതാവസ്ഥകളിൽ മനുഷ്യർക്ക് സുരക്ഷയുടെയും സന്തോഷത്തിന്റെയും തണലൊരുക്കുന്ന സാമൂഹ്യസ്ഥാപനമാണത്. നിരവധി സാമൂഹ്യ മൂല്യങ്ങൾ ഉത്പാദിപ്പിക്കുന്ന ദൈവിക സ്ഥാപനമെന്നും പറയാം. ഇതിന്റെയെല്ലാം അടിവേരറുക്കുന്ന അപകടകരമായ ആശയമാണ് പാശ്ചാത്യൻ ലിബറലിസം. വ്യക്തി കേന്ദ്രീകൃതവും, കേവല സുഖഭോഗതൃഷ്ണയിലധിഷ്ടിതവുമായ ഉദാരലൈംഗികതയാണ് സാംസ്കാരിക ലിബറലിസം മുന്നോട്ട് വെക്കുന്നത്. ലൈംഗികതൊഴിലിനെ മഹത്വപ്പെടുത്തുന്ന Homosexuality യും by sexuality യും ആഘോഷിക്കുന്ന Living together പുരോഗമനാശയമായി പ്രചരിപ്പിക്കുന്ന സാമൂഹ്യ അരാജകത്വത്തിനെതിരിലുള്ള ആശയ സമരം കൂടിയാണ് കുടുംബ കാമ്പയിൻ. നവനാസ്തികതയും സാംസ്കാരിക ലിബറലിസവും തീർക്കുന്ന അതിവാദങ്ങളെ ഇസ്‌ലാമിന്റെ പവിത്രമായ കുടുംബ സങ്കൽപ്പമുയർത്തിക്കൊണ്ടാണ് അഭിമുഖീകരിക്കുന്നത്. മനുഷ്യൻ ആദരണീയ സൃഷ്ടിയാണെന്നാണ് വിശുദ്ധ ഖുർആൻ വചനം. പ്രസ്തുത ആദരവും പരിഗണനയും കൊച്ചുകുട്ടികൾ തൊട്ട് പ്രായാധിക്യംകൊണ്ടോ രോഗാധിക്യം കൊണ്ടോ മരണാസന്നരായവർക്ക് വരെ ഉറപ്പാക്കുന്ന സാമൂഹ്യ സ്ഥാപനമാണത്. പരസ്പരം സ്നേഹിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന, ഭൂമിയിൽ സ്വർഗ്ഗം തളിരിടുന്ന സുന്ദരമായ ഇടം… സുന്ദരവും പവിത്രവുമായ കുടുംബങ്ങളുടെ വീണ്ടെടുപ്പിന് മാത്രമായുള്ള ഒരു കാമ്പയിനല്ല ഇത്, നന്മനിറഞ്ഞ സാമൂഹ്യക്രമത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ്, ഈടുറ്റ ഒരു നാഗരികതയെ സൃഷ്ടിക്കാനുള്ള കരുത്താർജിക്കലാണ്. കാലം അനിവാര്യമാക്കുന്ന വിളിയാണിത്. തൻ്റെയും നാടിൻ്റെയും നന്മയാഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും പെരുവിരൽമുദ്ര പതിയേണ്ട ചരിത്ര സന്ദർഭം. രാപ്പകൽ ഭേദമന്യേ തളരാതെ പൊരുതിനിൽക്കേണ്ട പടനിലം
ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു
ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു എർണാകുളം : ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദർശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തു. മനുഷ്യന് നീതിയും സമാധാനവും ഉറപ്പു വരുത്തുകയാണ് മതങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി എല്ലാ വിഭാഗങ്ങളും കൈകോർക്കണമെന്ന് അമീർ അഭിപ്രായപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സാമുദായിക ധ്രുവീകരണം നടത്തുന്നതിനെതിരെ ജാഗ്രത വേണം. സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. മുനമ്പം വിഷയം രമ്യമായി പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാവണമെന്ന കാര്യവും പങ്കുവെച്ചു.. വിവിധ സമകാലിക വിഷയങ്ങളും ചർച്ചയിൽ കടന്നുവന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് ജമാൽ പാനായിക്കുളം, കെ. നജാത്തുല്ല, ഷക്കീൽ മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലാറ്റിൻ ആർച്ച് ബിഷപ്പ് ഹൗസ് പി ആർ ഒ ഫാദർ യേശുദാസ് പാഴംപിള്ളി, കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് എന്നിവർ സംഘത്തെ സ്വീകരിച്ചു. ഓക്സിലറി ആർച്ച് ബിഷപ്പ് ആൻ്റണി വല്ലുംകൽ, വികാർ ജനറൽമാരായ ഫാ.മാത്യു കല്ലിങ്കൽ, ഫാ.മാത്യു എലഞ്ഞിമിറ്റം, കെ ആർ എൽ സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്എന്നിവർ സംബന്ധിച്ചു.
വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം
വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള അമീർ പി.മുജീബ് റഹ്മാൻ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബിൽ. വഖഫു സ്വത്തുക്കൾ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശനവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014 ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പത്ത് കൊല്ലമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയ ഒരു ബില്ലുമായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്. തീർത്തും മതപരമായ പ്രവർത്തനമാണ് വഖഫ്. മുസ്‌ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റമാണ് നടക്കുന്നത്. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമാണ്. സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. ബില്ല് പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാവണമെന്നും അമീർ ആവശ്യപ്പെട്ടു.
പി മുജീബുറഹ്മാന്‍ ചൂരൽമല സന്ദർശിച്ചു
നിരവധി പേരുടെ മരണത്തിനും നാശ നഷ്ടങ്ങൾക്കും കാരണമായ ചൂരൽമല ഉരുൾപൊട്ടിയ പ്രദേശം ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി മുജീബുറഹ്മാന്‍ സന്ദർശിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ രക്ഷാപ്രവർത്തനത്തിന്നും ദുരിതാശ്വാസത്തിനും സംഘടനയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. ദുരന്തത്തിൽ പെട്ടവരെ മുഴുവൻ കണ്ടെത്താനും ദുരിതബാധിതർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ ദുരന്ത നിവാരണ വിഭാഗമായ ഐഡിയൽ റിലീഫ് വിങ്ങിന്റെ വളണ്ടിയർമാരെ എല്ലാ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഔദ്യാഗിക രക്ഷാദൗത്യവുമായി ഏകോപിച്ചാണ് ഐ.ആർ.ഡബ്ലിയു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രക്ഷാപ്രവർത്തനം അവസാനിക്കും വരെ വളണ്ടിയർമാർ സേവന പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകും. ദുരിതമനുഭവിക്കുന്നവർക്കാവശ്യമായ സഹായമെത്തിക്കുന്നതിന് പീപ്പ്ൾസ് ഫൗണ്ടേഷന്റെ കീഴിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. ദുരിത മേഖലയിൽ പഠനം നടത്തിയ ശേഷം പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് തയാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെയും വിവിധ സേവന സംഘങ്ങളുടെയും പ്രവർത്തനത്തെ അമീർ അഭിനന്ദിച്ചു. അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വയനാട് ജില്ലാ പ്രസിഡന്‍റ് ടി.പി യൂനുസ്, ഐ.ആർ.ഡബ്ലിയു ജനറൽ ക്യാപ്റ്റൻ ബശീർ ശർഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്‌ലിം പ്രീണനാരോപണം; സർക്കാർ ധവളപത്രം പുറത്തിറക്കണം ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്‌ലാമി
സംസ്ഥാന സർക്കാർ മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും ചോദിക്കുന്നതെല്ലാം നൽകുകയാണെന്നുമുള്ള നവോത്ഥാന സമിതി ചെയർമൻ കൂടിയായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്തുതവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സർക്കാർ വസ്തുതകൾ പുറത്ത്വിടണമെന്നും ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാന സ്വഭാവത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും സമീപകാലത്ത് മറ്റുപല കോണുകളിൽനിന്നും രൂപപ്പെട്ടിട്ടുണ്ട്. ഇത് പിന്നാക്ക സമുദായത്തിന് അർഹതപ്പെട്ടത് കൂടി ചോദിക്കാൻ കഴിയാത്ത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ആരോപണ-പ്രത്യാരോപണങ്ങളുണ്ടാകുന്നത് ബഹുസ്വര സമൂഹത്തിന് ഭൂഷണമല്ല. നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെ ഏഴായിരത്തോളം തൊഴിലവസരങ്ങളാണ് മുസ്‌ലിം സമുദായത്തിന് നഷ്ടമായത്. തുടർന്നുണ്ടായ പാക്കേജിൽ മുന്നാക്ക സമുദായത്തിനാണ് നേട്ടമുണ്ടായത്. സച്ചാർ കമ്മിറ്റിയുടെ ചുവടുപിടിച്ച് രൂപംകൊടുത്ത പാലോളി കമ്മിറ്റി നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. കഴിഞ്ഞകാല അനുഭവങ്ങളെല്ലാം നഷ്ടങ്ങളുടെതാണ്. മന്ത്രിസഭയിൽ ആകെയുള്ളത് രണ്ട് സമുദായ അംഗങ്ങൾ മാത്രം. മൂന്ന് പാർലമെന്‍റ് അംഗങ്ങൾ മാത്രമാണ് സമുദായത്തിനിന്നുണ്ടായത്. വിദ്യാഭ്യാസ അവസരത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തെക്കൻ ജില്ലകളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മലബാറിൽ ഇല്ല. യാഥാർഥ്യം ഇതായിരിക്കെ, പുകമറ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ബോധപൂർവം ഉന്നയിക്കുന്നത് സമുദായത്തോടുള്ള അനീതിയാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ മൗനം അവലംബിക്കുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. അതുകൊണ്ട് യഥാർഥ വസ്തുത പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ആർജവമുള്ള നിലപാട് സ്വീകരിക്കണമെന്നും അമീർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ട് വർധന മതേതര കക്ഷികൾ ഗൗരവമായി വിലയിരുത്തണം. ഇത് ലാഘവത്തോടെ കാണാൻ പാടില്ല. ഹിറ സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവര്‍ പങ്കെടുത്തു.
ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥിക്കുക
കോഴിക്കോട്: ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന വംശഹത്യയിൽ കൊടും ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളിയിൽ പ്രത്യേകം പ്രാർഥന നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ ആഹ്വാനം ചെയ്തു. കൊടും ക്രൂരതയാണ് ഇസ്രായേൽ ഫലസ്തീനികളോട് അനുവർത്തിക്കുന്നത്. ഭക്ഷണത്തിന് ക്യൂ നിൽക്കുന്ന കുഞ്ഞുങ്ങളെയും വൃദ്ധരെയും വരെ ബോംബിട്ട് കൊല്ലുന്നു. ഇതിനകം തന്നെ അനേകായിരം സ്ത്രീകളും കുഞ്ഞുങ്ങളും രക്തസാക്ഷികളായി. അതിനേക്കാൾ പലമടങ്ങ് ഗുരുതര പരിക്കേറ്റവരും അംഗവിഹീനരുമായി. അനാഥരും അത്താണിയില്ലാത്തവരുമായി. ഹൃദയഭേദകമാണ് ഗസയിൽ നിന്നും വരുന്ന വാർത്തകൾ. ഈ ക്രൂരതകൾക്കെതിരെ മനസാക്ഷിയുള്ള എല്ലാവരും രംഗത്തുവരണം. ഫലസ്തീനിലെ സഹോദരൻമാരുടെ ദുരിതങ്ങൾ അവസാനിക്കാനും വിമോചനപ്പോരാട്ടം വിജയിക്കാനും പ്രാർഥിക്കണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
ഗ്യാൻവാപി മസ്ജിദ്: പൂജക്ക് അനുമതി കൊടുത്തത് തികഞ്ഞ അനീതി
ഗ്യാൻവ്യാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ. മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീർപ്പ്. സംഘ്പരിവാറിന്‍റെ വർഗീയ അജണ്ടകൾ കത്തിച്ച് നിർത്താനെ ഇത്തരം വിധികൾ സഹായകമാവൂ. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്കും സുപ്രീം കോടതി നിർദേശങ്ങൾക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീർപ്പ്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. പൂജക്ക് അനുമതി നൽകുന്നതിലൂടെ ഇത് ലംഘിക്കുകയാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്‍റെയും കോടതികളുടെയും ഭാഗത്ത് നിന്നുണ്ടാവുന്ന തുടർച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കും. രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങൾ ഇതിനെതിരെ രംഗത്തുവരണമെന്നും മുജീബുറഹ്മാന്‍ പറഞ്ഞു.
പി മുജീബുറഹ്മാന്‍ കേരള കൗമുദി സന്ദര്‍ശിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി മുജീബുറഹ്മാന്‍റെ നേതൃത്വത്തിലുളള സംഘം കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, മാനേജിംഗ് എഡിറ്റര്‍ വി എസ് രാജേഷ് എന്നിവരെ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, സബ്സോണ്‍ സെക്രട്ടറി ബിനാസ് ടി.എ, തിരുവന്തപുരം ജില്ലാ പ്രസിഡന്‍റ് എസ് അമീന്‍, എം മെഹബൂബ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.
ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍
ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് വില കൊടുത്തും പ്രതിരോധിക്കും. മുസ്‌ലിം സമുദായ ഐക്യത്തിന് വിഘാതമാവുന്ന പ്രവർത്തനങ്ങളിൽനിന്ന് വീട്ടുനിൽക്കണമെന്നും പി. മുജീബുറഹ്മാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠ: ഹിന്ദുത്വ രാഷ്ട്രീയത്തെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമം- പി മുജീബുറഹ്മാൻ
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തിയും അതിലേക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ക്ഷണിച്ചുകെണ്ടും തങ്ങളുടെ വിധ്വംസക ഹിന്ദുത്വ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബുറഹ്മാന്‍. സര്‍ക്കാര്‍ ചിലവില്‍ ആഘോഷപൂര്‍വം രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നത്. രാമക്ഷേത്രം മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ നിര്‍മിക്കപ്പെട്ടതല്ല. സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പണിതുയര്‍ത്തിയതാണ്. വിശ്വാസവുമായി ഇതിനെ കൂട്ടിക്കെട്ടാനാവില്ല. കേവലമൊരു ക്ഷേത്ര പ്രതിഷ്ഠയല്ല അയോധ്യയില്‍ നടക്കുന്നത്. അങ്ങനെ കരുതുന്നവര്‍ സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ നിഷേധിക്കുകയാണ്. ചടങ്ങിലേക്കുള്ള ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിക്കുന്നവര്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് അധാര്‍മികവും നീതികേടുമാണ്.രാമക്ഷേത്ര പ്രതിഷ്ഠ നടത്തുക വഴി ആസന്നമായ പൊതുതെരഞ്ഞെടുപ്പിലെ വിജയവും ഹിന്ദു രാഷ്ട്ര നിര്‍മിതിയുമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തോടുള്ള അവഹേളനം കൂടിയാണിത്. ഇത് മനസ്സിലാക്കി രാജ്യത്തെ മുഴുവന്‍ മതേതര കക്ഷികളും സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രംഗത്തുവരണമെന്നും പി. മുജീബുറഹ്മാന്‍ പറഞ്ഞു.