നിലമ്പൂർ: മുസ്‌ലിം സംഘടനകളിലെ ചില ഒറ്റപ്പെട്ടവരെ കൂട്ടുപിടിച്ച് സമുദായത്തിനകത്തും പുറത്തും ധ്രുവീകരണമുണ്ടാക്കാനാണിപ്പോൾ സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മതരാഷ്ട്രവാദം, ഫാസിസം, ഇസ്ലാമോഫോബിയ; ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാഷിസവും ഇസ്‌ലാമോ ഫോബിയയും സമൂഹത്തിൽ സൃഷ്ടിക്കുന്ന വിദ്വേഷവും ധ്രുവീകരണവും തിരിച്ചറിഞ്ഞവരാണ് കേരളീയർ. എല്ലാ മുസ്ലിം സംഘടനകൾക്കും ഈ തിരിച്ചറിവുണ്ട്. ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ട് കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയ പ്രചാരണങ്ങൾക്കെതിരെ മുസ്ലിം കൂട്ടായ്മകൾ ഐക്യപ്പെട്ട സന്ദർഭം കൂടിയാണിത്. അതിനാൽ ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇടതുപക്ഷം നടത്തുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയം അവർക്ക് നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്നും അമീർ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി വർഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് കൂപ്പ് കുത്തിയിട്ടുണ്ടെന്നും, സംഘ്പരിവാറിന് മണ്ണൊരുക്കുന്ന പണിയാണ് ഇപ്പോൾ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര സർക്കാറിൻ്റെ ഭരണത്തിൻ്റെ പിൻബലത്തിൽ വഖഫ് നിയമങ്ങളെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് നയങ്ങളെയും ഏകസിവിൽകോഡ് വഴി രാജ്യത്തിൻ്റെ ബഹുസ്വരത നശിപ്പിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങളെയും അമീർ ചോദ്യം ചെയ്തു.

ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് , ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ പി അബൂബക്കർ സ്വാഗതവും ജില്ലാസമിതി അംഗം സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.