ഇന്ന് ഡിസംബർ മൂന്ന് ലോക ഭിന്നശേഷി ദിനമാണ്. അഥവാ, തോൽക്കാൻ മനസ്സില്ലാത്ത സമാനതകളില്ലാത്ത അതിജീവനം കാഴ്ചവെക്കുന്നവരുടെ ദിവസം. ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം എന്ന് വിലയിരുത്തപ്പെടുന്ന ഭിന്നശേഷി സമൂഹം പക്ഷേ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന പ്രതിസന്ധികൾ നമ്മുടെ അനുഭവങ്ങൾക്കുമപ്പുറമാണ്. നാം അനുഭവിക്കാത്തതെല്ലാം നമുക്ക് കേവലം കെട്ടുകഥകൾ മാത്രമാണെന്ന് ശരിവെക്കുന്ന ജീവിതമാണ് ഭിന്നശേഷിക്കാരുടേത്. ഓരോ ഭിന്നശേഷി ദിനത്തിലും ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞവർ എന്നും അപൂർണതയെ സാധ്യതയാക്കി മാറ്റിയവരെന്നും വാഴ്ത്തിപ്പറയുന്ന അത്ര അളവെങ്കിലും മനസ്സുകൊണ്ട് അവരോട് താദാത്മ്യപ്പെടാൻ നമുക്ക് കഴിയാറുണ്ടോ?
സാമൂഹിക പ്രതിബദ്ധതയോടെ ഭിന്നശേഷിക്കാരോട് കരുതലും അവസരവും പ്രോൽസാഹനവും കൊണ്ടുനടക്കാൻ നമുക്കാവണം. നമ്മെ പോലെ വിനോദയാത്രകളും സ്വപ്നങ്ങളും കാടും മേടും കടലുമെല്ലാം ആസ്വദിക്കാനുള്ള മനസ്സുള്ളവരാണ് അവരെന്നു നാം തിരിച്ചറിയണം. നമുക്ക് അവസരങ്ങൾ നൽകപ്പെടുന്നതും അവർക്കത് നിഷേധിക്കപ്പെടുന്നതും നാം അളന്ന നീതിയുടെ അളവുപാത്രങ്ങൾക്ക് ഓട്ടകളുണ്ടായതുകൊണ്ടു മാത്രമാണ്. ആരാധനാലയങ്ങളും ശൗച്യാലയങ്ങളും നിരത്തുകളിലോടുന്ന വാഹനങ്ങളും ആസ്പത്രി കവാടങ്ങളുമെല്ലാം അവർക്കു മുന്നിൽ കൊട്ടിയടച്ച് ഭിന്നശേഷിയെക്കുറിച്ച് നാമെത്ര വാഴ്ത്താരി നടത്തിയിട്ടെന്ത് കാര്യം?
അതുകൊണ്ട് ഭിന്നശേഷി സൗഹൃദമായ ഇടങ്ങൾ ബോധപൂർവം സൃഷ്ടിക്കുക എന്ന പ്രമേയം ഏട്ടിലൊതുങ്ങാതെ നടപ്പിൽ വരുത്താൻ നമ്മുടെ അധികാരികൾക്ക് കഴിയട്ടെ. സർക്കാറിനു പുറത്ത് മൊത്തം സമൂഹത്തിൻ്റെ കടമയായി ഇത് മാറണം. സഹതാപങ്ങൾ മാറ്റിവെച്ച് ജീവൻ്റെ ഓരോ തുടിപ്പിലും അതിജീവനം കൊതിക്കുന്ന ഭിന്നശേഷിക്കാർക്ക് അണയാതെ ജ്വലിക്കാനുള്ള ജീവിത സാഹചര്യവും അർഹിച്ചതിനേക്കാളേറെ പ്രാതിനിധ്യവും പകുത്തു നൽകാൻ നമുക്ക് കഴിയട്ടെ.