ആരാമം മാസിക

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ 1985ലാണ് ആരാമം വനിതാമാസിക ആരംഭിച്ചത്. സ്ത്രീകളില്‍ സൃഷ്ടിപരമായ വായനാശീലം വളര്‍ത്തുക, അവരില്‍ ഇസ്ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളര്‍ത്തുക, അവരുടെ സര്‍ഗാത്മകകഴിവുകള്‍ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരാമത്തിനുള്ളത്.
മലയാളത്തിലെ ഇതര വനിതാമാസികകളുടേതില്‍നിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് ആരാമം തുടക്കം മുതലേ ചലിക്കുന്നത്. പൈങ്കിളി സ്വഭാവമുള്ള രചനകളും സ്ത്രീകളെ ഉപഭോഗസംസ്‌കാരത്തിന്റെ അടിമകളാക്കുന്ന സൃഷ്ടികളും അത് പ്രസിദ്ധികരിക്കാറില്ല.
ഫീച്ചറുകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, അഭിമുഖങ്ങള്‍, തുടങ്ങിയവയ്ക്കു പുറമേ, ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വനിതാലോകം, നിയമവേദി, കണക്കും കണക്കുക്കൂട്ടലും, സമകാലികം, മറുനാട്ടിലെ മഹിള…..തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകള്‍ക്ക് പ്രത്യേകം താല്‍പര്യമുള്ള വിഷയങ്ങളും പതിവായി പ്രസിദ്ധീകരിക്കുന്നു.
സ്ത്രീകളില്‍ രാഷ്ട്രീയവും സാമൂഹികവുമായ അവബോധം വളര്‍ത്തിയെടുക്കാന്‍ വേണ്ടി ദേശീയവും അന്തര്‍ദേശീയവുമായ സമകാലീന പ്രശ്‌നങ്ങളെക്കുറിച്ച് അവലോകനങ്ങളും ചര്‍ച്ചകളും ആരാമത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ആരാമം പ്രസിദ്ധീകരണമാരംഭിച്ച കാലത്ത് കേരളത്തില്‍ വേറെ മുസ്ലിം വനിതാ മാസികകള്‍ പുറത്തിറങ്ങിയിരുന്നില്ല. ഇപ്പോള്‍ ഒന്നിലധികം പ്രസിദ്ധീകരണങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്െടങ്കിലും ആരാമം പ്രചാരത്തില്‍ മുന്നില്‍ത്തന്നെ നില്‍ക്കുന്നുവെന്നത് അതിന്റെ സ്വീകാര്യതയെ സാക്ഷ്യപ്പെടുത്തുന്നു. പൂര്‍ണമായും സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന മലയാളത്തിലെ ഏകവനിതാ പ്രസിദ്ധീകരണം എന്ന പ്രത്യേകതകൂടി ആരാമത്തിനുണ്ട്.
പണ്ഡിതയും പ്രഭാഷകയുമായ കെ.കെ. സുഹ്‌റയാണ് ആരാമത്തിന്റെ പത്രാധിപ. ഇസ്ലാമിക് സര്‍വീസ് ട്രസ്‌റിന്റെ ഉടമസ്ഥതയില്‍ കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ പ്രിന്ററുടെയും പബ്‌ളിഷറുടെയും സ്ഥാനം വഹിക്കുന്നു.
വിവിധ കാലങ്ങളിലായി പി.ടി. അബ്ദുറഹിമാന്‍, ഖാദിര്‍കുട്ടി മാരേക്കാട്, ബഷീര്‍ തൊടിയില്‍, എന്‍.എന്‍. ഗഫൂര്‍, അന്‍വര്‍ പാലേരി, പി.എ.എം. ഹനീഫ് തുടങ്ങിയവര്‍ ആരാമത്തിന്റെ നടത്തിപ്പുചുമതല വഹിച്ചിട്ടുണ്ട്. ഇവര്‍ക്കുകീഴില്‍ കെ.കെ. ശ്രീദേവി, ആശാപോള്‍, ഫൌസിയ മുഹമ്മദ് കുഞ്ഞു, ഹംഷീന ഹമീദ്, ബിഷാറ വാഴക്കാട്,റജീന നല്ലളം എന്നിവരും പലകാലങ്ങളിലായി പത്രാധിപസമിതിയില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി.

വിക്കിപീഡിയ: ആരാമം വനിതാ മാസിക

English