ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധനത്തില്‍ വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്‍ക്കും പ്രബോധനം അതിന്റെ പേജുകള്‍ അനുവദിക്കാറുണ്ട്.
1949 ആഗസ്റ്റിലാണ് പ്രബോധനത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. പ്രതിപക്ഷപത്രം (ദ്വൈവാരിക) ആയിരുന്നു അന്ന്. ജമാഅത്തെ ഇല്‍ലാമി ഹിന്ദ് കേരള ഘടകത്തിന്റെ സ്ഥാപകന്‍ കൂടിയായ ഹാജി വി.പി. മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൗലവിയുമായിരുന്നു അണിയറ ശില്‍പികള്‍. എടയൂരില്‍ ഹാജി സാഹിബിനടുത്തുള്ള പുല്ലംപറമ്പില്‍ നമസ്‌കാരപള്ളി(ഇന്നത്തെ മസ്ജിദുല്‍ ഇലാഹ്)യില്‍ വെച്ചാണ് ഇരുവരും പത്രത്തിന്റെ മാറ്ററുകള്‍ തയാറാക്കിയിരുന്നത്. അച്ചടിച്ചത് തിരൂരിലെ ജമാലിയ്യ പ്രസ്സിലും.
മേല്‍ വിവരിച്ച നയം ഏറെക്കുറെ അതേ പടി ഇന്നും പ്രബോധനം തുടര്‍ന്നുവരുന്നു. 1959 അവസാനത്തോടെയാണ് പ്രബോധനത്തിന്റെ ഓഫീസും പ്രസ്സും ജ.ഇ കേരള ഘടകത്തിന്റെ ഓഫീസും കോഴിക്കോട്ടെ വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. അതോടൊപ്പം ടി. മുഹമ്മദ് പത്രാധിപരും ടി.കെ. അബ്ദുല്ല സഹ പത്രാധിപരും കെ.എം. അബ്ദുല്‍ അഹദ് പ്രിന്ററും പബ്ളിഷറുമായി ചാര്‍ജെടുത്തു.
1964 പ്രബോധനം പ്രതിപക്ഷ പത്രം വാരികയും മാസികയുമായി വികസിച്ചു. ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററായ ഒ. അബ്ദുര്‍റഹ്മാന്‍ ഈ മാറ്റത്തില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1987 മുതല്‍ മാസിക നിര്‍ത്തി വാരിക മാത്രമാണ് പ്രസിദ്ധീകരിച്ചുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‍ലാമിക് സര്‍വീസ് ട്രസ്റ്റി(ഐ.എസ്.ടി)നാണ് പ്രബോധനത്തിന്റെ ഉടമാവകാശം.
1949 ആഗസ്റ്റില്‍ പ്രബോധനം തുടങ്ങിയത് കവര്‍ ഉള്‍പ്പെടെ 24 പേജുകളോടെയാണ്. വില 4 അണ (25 പൈസ). പിന്നീട് 4 പേജുകള്‍ വര്‍ധിപ്പിച്ച് കവര്‍ ഉള്‍പ്പെടെ 28 പേജുകളാക്കി. 1964ല്‍ പ്രതിപക്ഷപത്രം നിര്‍ത്തുന്നതുവരെ പത്രത്തിന്റെ കെട്ടും മട്ടും മാറ്റിയിട്ടില്ല. വിലയും 25 പൈസയില്‍ സ്ഥിരമായി നിന്നു.
1964ല്‍ ടാബ്ളോയിഡ് സൈസിലുള്ള വാരിക തുടക്കത്തില്‍ 12 പേജുകളായിരുന്നു. വില 10 പൈസ. 1973ല്‍ പേജുകളുടെ എണ്ണം 8 ആക്കി കുറച്ചു. 1978ല്‍ വാരിക 5 കോളങ്ങളുള്ള 12 പേജുകളായി വര്‍ധിപ്പിച്ചു. 1987ല്‍ വാരികയും മാസികയും സംയോജിപ്പിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ കവര്‍ ഉള്‍പ്പെടെ 36 പേജായിരുന്നു.
1964ല്‍ മാസിക തുടങ്ങുമ്പോള്‍ ഡമ്മി 1/8 സൈസില്‍ കവര്‍ ഉള്‍പ്പെടെ 68 പേജുള്ള പുസ്തകരൂപത്തിലായിരുന്നു. 1973ല്‍ 60 ആക്കി കുറച്ചു. ഇടക്കാലത്ത് 64 ആക്കി വര്‍ധിപ്പിച്ചെങ്കിലും വീണ്ടും 56ലേക്ക് കുറച്ചു. തുടക്കത്തില്‍ 50 പൈസയായിരുന്നു വില. അത് അനുക്രമം വര്‍ധിച്ച് 1987ല്‍ പത്രം നിര്‍ത്തുമ്പോള്‍ 2 രൂപയിലെത്തിയിരുന്നു.
1987ല്‍ പ്രബോധനം പുസ്തകരൂപത്തിലാക്കിയപ്പോള്‍ ഡമ്മി 1/4 സൈസില്‍ കവര്‍ അടക്കം 36 പേജായിരുന്നു. വില 1.50 രൂപ. ഇടക്കാലത്ത് പേജ് 44 ആക്കി വര്‍ധിപ്പിച്ചു. ആര്‍ട്ട് പേപ്പറില്‍ മള്‍ട്ടികളര്‍ കവറോടുകൂടി ഇറങ്ങുന്ന വാരികയുടെ ഇപ്പോഴത്തെ വില 12 രൂപ ആണ്.
ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായിരിക്കെത്തന്നെ അത് മുസ്‍ലിം സമുദായത്തിന്റെ ഒരു മുതല്‍ക്കൂട്ടാണ്. പ്രബോധനം വായിക്കുന്നവരെല്ലാം ജമാഅത്തുകാരല്ല. ഉയര്‍ന്ന നിലവാരവും വൈജ്ഞാനികമൂല്യവുമുള്ള ഒരു പ്രസിദ്ധീകരണമായി ജാതിമതകക്ഷിഭേദമന്യേ കേരളത്തിലെ അനുവാചകര്‍ പ്രബോധനത്തെ അംഗീകരിച്ചിട്ടുണ്ട്.
എല്ലാ വിഭാഗത്തില്‍നിന്നുമുള്ള എഴുത്തുകാര്‍ പ്രബോധനത്തില്‍ എഴുതാറുണ്ട്. പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങള്‍ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കാന്‍ പ്രബോധനം നിര്‍ഭയം അവര്‍ക്കവസരം നല്‍കാറുമുണ്ട്.
ഈ കാലയളവില്‍ പത്രം കെട്ടിലും മട്ടിലും പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍, ആദര്‍ശത്തിലും ലക്ഷ്യത്തിലും പ്രബോധനത്തിന് ഇന്നോളം ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. പ്രതിബന്ധങ്ങളേറെ പ്രബോധനത്തിന് തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. രണ്ടു തവണ സര്‍ക്കാര്‍ അതിന് നിരോധനം ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥ കാലത്തും 1992ല്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്നും. ഈ കൈത്തിരി ഊതിക്കെടുത്താനുദ്യമിക്കുന്ന പ്രതിയോഗികളുടെ നിരന്തരമായ ആക്രമണം ഇന്നും തുടരുന്നുണ്ട്.
1949 ആഗസ്റ്റില്‍ പ്രബോധനം തുടങ്ങിയത് കവര്‍ ഉള്‍പ്പെടെ 24 പേജുകളോടെയാണ്. വില 4 അണ (25 പൈസ). പിന്നീട് 4 പേജുകള്‍ വര്‍ധിപ്പിച്ച് കവര്‍ ഉള്‍പ്പെടെ 28 പേജുകളാക്കി. 1964ല്‍ പ്രതിപക്ഷപത്രം നിര്‍ത്തുന്നതുവരെ പത്രത്തിന്റെ കെട്ടും മട്ടും മാറ്റിയിട്ടില്ല. വിലയും 25 പൈസയില്‍ സ്ഥിരമായി നിന്നു.
- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709