സമുദായത്തിനകത്തും പുറത്തും സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: പി മുജീബുറഹ്മാൻ

നിലമ്പൂർ: മുസ്‌ലിം സംഘടനകളിലെ ചില ഒറ്റപ്പെട്ടവരെ കൂട്ടുപിടിച്ച് സമുദായത്തിനകത്തും പുറത്തും ധ്രുവീകരണമുണ്ടാക്കാനാണിപ്പോൾ സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മതരാഷ്ട്രവാദം, ഫാസിസം, ഇസ്ലാമോഫോബിയ; ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസവും ഇസ്‌ലാമോ ഫോബിയയും സമൂഹത്തിൽ സൃഷ്ടിക്കുന്ന വിദ്വേഷവും ധ്രുവീകരണവും തിരിച്ചറിഞ്ഞവരാണ് കേരളീയർ. എല്ലാ മുസ്ലിം സംഘടനകൾക്കും ഈ തിരിച്ചറിവുണ്ട്. ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ട് കേരളത്തിൽ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമോ ഫോബിയ പ്രചാരണങ്ങൾക്കെതിരെ മുസ്ലിം കൂട്ടായ്മകൾ ഐക്യപ്പെട്ട സന്ദർഭം കൂടിയാണിത്. അതിനാൽ ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇടതുപക്ഷം നടത്തുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയം അവർക്ക് നഷ്ടമേ ഉണ്ടാക്കുകയുള്ളൂ എന്നും അമീർ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി വർഗ രാഷ്ട്രീയത്തിൽ നിന്ന് വർഗീയ രാഷ്ട്രീയത്തിലേക്ക് കൂപ്പ് കുത്തിയിട്ടുണ്ടെന്നും, സംഘ്പരിവാറിന് മണ്ണൊരുക്കുന്ന പണിയാണ് ഇപ്പോൾ സി.പി.എം ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര സർക്കാറിൻ്റെ ഭരണത്തിൻ്റെ പിൻബലത്തിൽ വഖഫ് നിയമങ്ങളെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ് നയങ്ങളെയും ഏകസിവിൽകോഡ് വഴി രാജ്യത്തിൻ്റെ ബഹുസ്വരത നശിപ്പിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങളെയും അമീർ ചോദ്യം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് , ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു . ജില്ലാ ജനറൽ സെക്രട്ടറി കെ പി അബൂബക്കർ സ്വാഗതവും ജില്ലാസമിതി അംഗം സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

മഹല്ല് – ഖത്വീബ് സംഗമം

വണ്ടൂർ: ലിബറലിസത്തിനെതിരെ ബോധവൽക്കരിക്കാനും കുടുംബത്തെ ചേർത്തു പിടിക്കാനും മഹല്ലുകളിൽ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്ന് ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഏരിയ കമ്മിറ്റി വണ്ടൂർ ഫിൻവേർസ് കോച്ചിംഗ് സെൻററിൽ സംഘടിപ്പിച്ച ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. നവ ലിബറൽ കാഴ്ചപ്പാടുകളും മതനിരാസ പ്രവണതകളും കുടുംബ സംവിധാനത്തെ തകർക്കുന്നു വെന്നും മഹല്ലുകളിൽ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ജാബിർ അമാനി, എസ് വൈ എസ് സംഘടനാ കൺവീനർ ഉബൈദുല്ല ഫൈസി, കെ എൻ എം മണ്ഡലം പ്രസിഡണ്ട് സുബൈർ മാസ്റ്റർ, വിസ്ഡം യുവജന വിഭാഗം സംസ്ഥാന സമിതി അംഗം ജംഷീർ സ്വലാഹി എന്നിവർ സംസാരിച്ചു. മസ്ജിദ് കൗൺസിൽ മലപ്പുറം ജില്ല കൺവീനർ സി മുജീബ് സമാപന പ്രസംഗം നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് പി അബ്ദുല്ലത്തീഫ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി കെ ഷുക്കൂർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ പി ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഹൈക്കോടതി ഉത്തരവനുസരിച്ച് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണം 

പ്ലസ് വൺ ബാച്ചുകളുടെ അപര്യാപ്തത 15 ദിവസത്തിനകം പരിഹരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കേരള സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.പതിറ്റാണ്ടുകളായി മലബാർ മേഖലയിലെ വിദ്യാർത്ഥികൾ ഹയർസെക്കൻററി പ്രതിസന്ധി അനുഭവിക്കുന്നവരാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വിദ്യാർഥികൾക്ക് ഹയർ സെക്കൻറി സീറ്റുകൾ ലഭ്യമല്ലാത്തത്. വിദ്യാർത്ഥി യുവജന സംഘടനകളും ജില്ലയിലെ വിവിധ മത രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളും ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി പ്രക്ഷോഭ രംഗത്തുണ്ട്. എന്നിട്ടും ഒരു വിദ്യാർത്ഥി പോലും പ്ലസ് വൺ സീറ്റില്ലെന്ന പരാതി ഉന്നയിച്ചിട്ടില്ലെന്ന ഇടതുപക്ഷ സർക്കാറിന്റെ വാദം വിചിത്രമാണ്. ഹൈക്കോടതിയുടെ ഉത്തരവ് അംഗീകരിച്ച് പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പ് ആവശ്യമായത്ര പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയ്യാറകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഡോ. നഹാസ് മാള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ കെ.പി, വൈസ് പ്രസിഡണ്ട് എ.ടി ഷറഫുദ്ദീൻ, ഹബീബ് ജഹാൻ, വി.പി.എ ശാക്കിർ, ഡോ. നാസർ കുരിക്കൾ എന്നിവർ സംസാരിച്ചു.

ന്യൂനപക്ഷ കമ്മീഷൻ: ആനുകൂല്യങ്ങൾ താഴെ തലത്തിൽ എത്താൻ സംവിധാനം വിപുലീകരിക്കണം- ജമാഅത്തെ ഇസ്‌ലാമി

കണ്ണൂർ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തന മേഖല പ്രാദേശിക തലത്തിൽ വ്യാപിപ്പിച്ച് സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജമാഅത്ത് നേതാക്കൾ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചു. ലോക ന്യൂനപക്ഷ ദിനത്തിൽ കണ്ണൂരിൽ കമ്മീഷൻ നടത്തിയ സെമിനാറിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് അഹമ്മദ്, പബ്ലിക് റിലേഷൻസ് സെക്രട്ടറി സി.കെ.എ. ജബ്ബാർ എന്നിവരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന ശേഷം നടന്ന പ്രവർത്തനങ്ങളിൽ കമ്മീഷൻ അഭിനന്ദനമർഹിക്കുന്നുണ്ടെന്ന് ഉദ്ഘാടന സെഷനിൽ സംസാരിച്ച മുഷ്താഖ് അഹമ്മദ് പറഞ്ഞു. പക്ഷെ, കമ്മീഷനിൽ നിക്ഷിപ്തമായ മുഴുവൻ അധികാരവും ഉപയോഗിക്കുന്ന തരത്തിൽ ഇനിയും ശാക്തീകരിക്കപ്പെടാനുണ്ട്. ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച പല ആനുകൂല്യങ്ങളും യഥാവിധി ഉപയോഗപ്പെടുത്താനുള്ള അവസരം ഉണ്ടാവണം. മത ന്യൂനപക്ഷങ്ങളിൽ പ്രമുഖരായ മുസ്‌ലിം – ക്രൈസ്തവ വിഭാഗങ്ങൾ മഹല്ല് – ഇടവക തലത്തിൽ വ്യവസ്ഥാപിത സംവിധാനങ്ങളുള്ള സമുദായങ്ങളാണ്. ഈ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്ത് കമ്മീഷന്റെ പ്രവർത്തന ഘടനയോട് അവ കോർത്തിണക്കണം. കോശി കമ്മീഷൻ പോലെയുള്ള ഇടക്കാല കമ്മിറ്റികളുടെ ശിപാർശകൾ നടപ്പിലാക്കുമ്പോൾ ഇതര സമുദായങ്ങളുടെ നിലവിലെ ആനുകൂല്യം അപഹരിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തണം. ഒരു സമുദായത്തിന്റെ ആവശ്യം പരിഗണിക്കുമ്പോൾ മറ്റൊരു സമുദായത്തിന് അത് അസ്വസ്ഥതയില്ലാതെ നോക്കേണ്ടത് കമ്മീഷനാണ്. പുതിയ ആരാധനാലയങ്ങൾ തുടങ്ങുമ്പോഴുള്ള അനുവാദം നൽകുന്നത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ മന്ത്രിസഭാ തീരുമാനം കുറ്റമറ്റ നിലയിൽ വിജ്ഞാപനമാവാതെ കിടക്കുകയാണെന്നും മുഷ്താഖ് അഹമ്മദ് ചൂണ്ടികാട്ടി. മദ്റസ്സ അധ്യാപകരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഇതര സമുദായങ്ങളിൽ നിലനിൽക്കുന്ന അഭ്യൂഹം ദുരീകരിക്കാൻ കമ്മീഷൻ സ്ഥിതി വിവരങ്ങൾ പുറത്ത് വിടണമെന്ന് ഓപ്പൺ ഫോറത്തിൽ സംസാരിച്ച ജമാഅത്ത് ജില്ലാ പി.ആർ. സെക്രട്ടറി സി.കെ.എ. ജബ്ബാർ ആവശ്യപ്പെട്ടു. മദ്റസ്സ ക്ഷേമനിധിയിൽ പ്രതിമാസ വിഹിതം മാനേജ്മെന്റും അധ്യാപകരും അടക്കുന്നുണ്ട്. എന്നാൽ 30ഉം 40 ഉം വർഷം സർവീസിലിരുന്ന് വിഹിതം അടച്ചവർക്ക് പോലും നാമമാത്രമായ പെൻഷൻ വിവിധ തട്ടുകളായിട്ടാണ് നൽകുന്നത്. ഏറ്റവും ഉയർന്ന പെൻഷൻ 5219 രൂപ ലഭിക്കുന്നവർ വിരളമാണ്. മദ്റസ്സ ക്ഷേമനിധി ബോർഡിൽ അധ്യാപകരിൽ നിന്ന് ഇത് വരെ ലഭിച്ച അംശാദായം എത്രയാണെന്നും നൽകി വരുന്ന പെൻഷൻ എത്രത്തോളം കാര്യക്ഷമമാണെന്നും തുടങ്ങിയ വിവരങ്ങൾ കമ്മീഷൻ വാർഷിക റിപ്പോർട്ട് കണക്ക് അവതരിപ്പിക്കണം. പെൻഷൻ അർഹതാ പ്രായം സംബന്ധിച്ച പരാതികളിൻമേൽ കമ്മീഷൻ സർക്കാറിൽ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ സമർദ്ദം ചെലുത്തണം. ജാതി സെൻസസ് തുടങ്ങാനും സർക്കാറിൽ സമർദ്ദം ചെലുത്തണം. കേരള നിയമസഭാ സ്പീക്കർ എ. എൻ ശംസീർ സെമിനാർ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ ചെയർമാൻ അഡ്വ എ. എ റശീദ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ, പി.റോസ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മുസ്ലിം ക്രൈസ്തവ വിവിധ സംഘടനാ നേതാക്കൾ ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.

കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Jamaat e Islami Hind Kottayam

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ കരീം, ഇൻസ്പയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഫ്സൽ K, നജാത്തുല്ലാ , PA നിസാം എന്നിവർ സംബന്ധിച്ചു. കോട്ടയം ടൗണിന്റെ ഹൃദയ ഭാഗത്ത് ജുമാമസ്ജിദ്, ദഅവ കേന്ദ്രം, ഇസ്‌ലാമിക് റിസേർച്ച് & റഫറൻസ് ലൈബ്രറി, കൗൺസിലിംഗ് സെന്റർ, പെയ്ൻ & പാലിയേറ്റീവ് കെയർ, സക്കാത്ത് സെൽ, ഖുർആൻ ലേണിംഗ് സെന്റർ, ബോയ്സ് ഹോസ്റ്റൽ എന്നീ സംവിധാനങ്ങളാണ് ആസ്ഥാന മന്ദിരത്തിൽ ഉദ്ദേശിക്കുന്നത്. Tag: Jamaat e Islami Hind Kottayam

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം, ആശ്വാസമേകാം” പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്‌ഘാടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ വിവിധ സേവനങ്ങൾ പ്രശംസനീയമാണ്. കോവിഡിന്റെ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ നിർവ്വഹിച്ചു ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ പീപ്പ്ൾസ് ഫൗണ്ടേഷൻ ചെയ്യുന്നതെന്ന് ചെയർമാൻ എം കെ മുഹമ്മദലി പറഞ്ഞു. പദ്ധതി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായ പ്രവാസികൾ പ്രതിസന്ധി നേരിടുമ്പോൾ അവർക്കാശ്വാസമാവാൻ സർക്കാർ മുന്നോട്ടു വരണം. സർക്കാർ മുന്നിട്ടിറങ്ങിയാലേ പ്രവാസികളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ. സമൂഹ നിർമ്മാണത്തിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹായ പദ്ധതി കൊടുവള്ളി നഗരസഭാ ചെയർമാൻ അബ്ദു വെള്ളറ ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിം വി.പി ബഷീർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വീട് നിർമ്മാണം, നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ പൂർത്തീകരണം, ബാങ്ക് വായ്പ തീർപ്പാക്കൽ, വിദ്യാഭ്യാസം, സ്വയം തൊഴിൽ എന്നീ ആവശ്യങ്ങൾക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. മൂന്നു കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് പെന്‍ഷന്നും നല്‍കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 63 കുടുംബങ്ങള്‍ക്ക് 2.36 കോടി രൂപയുടെ സഹായമാണ് പദ്ധതി പ്രകാരം നല്‍കുന്നത്. ചടങ്ങിൽ നഗരസഭാ കൗണ്സിലർമാരായ എളങ്ങോട്ടിൽ ഹസീന, കെ ശിവദാസൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ് ലം ചെറുവാടി, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സിദ്ദീഖ്, പ്രവാസി കോണ്ഗ്രസ്സ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് ടി.ശാക്കിർ സ്വാഗതവും പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ആർ.കെ അബ്ദുൽ മജീദ് സമാപനം നടത്തി. കെ.അബ്ദുല്ല നന്ദി പറഞ്ഞു.