കൊച്ചി വൈപ്പിൻ, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം,ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുവാനും തദ്ദേശീയരുടെ ആശങ്കകൾക്കറുതി വരുത്താനും സർക്കാർ മുൻകൈ എടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്കൊപ്പമുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലൊതുങ്ങുന്ന സർക്കാർ നടപടികൾ ആശങ്ക വർധിപ്പിക്കാനേ കാരണമാകൂ.പരിഹാരം നീണ്ടുപോകുന്നത് തൽപര കക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങൾക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ട്.ഭൂമിപ്രശ്നമെന്നതിലുപരി
വിഷയം സാമൂഹ്യ സാമുദായിക മാനം കൈവരിച്ചിരിക്കുന്നു. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി രമ്യമായി പരിഹരിക്കാവുന്ന വിഷയമാണിത്.
കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി സമാധാനപൂർണമായ പ്രശ്നപരിഹാരം സാധ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനെ മുഖവിലക്കെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
രണ്ട് സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിക്കുന്നതിന് കാരണമായ ഗൗരവമുള്ള വിഷയത്തിൽ സർക്കാറിന്റെ നിസംഗത ദുരൂഹമാണ്.
മുനമ്പം വിഷയത്തിൻ്റെ മറവിൽ വഖഫിനെയും മറ്റു വഖഫ് സ്വത്തുക്കളെയും സംബന്ധിച്ച തെറ്റിദ്ധാരണ പരത്താനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രശ്നം മാനുഷികമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.