ജമാഅത്തെ ഇസ്‍ലാമി പ്രതിനിധി സംഘം സംഭല്‍ സന്ദര്‍ശിച്ചു.

ന്യൂഡൽഹി: സംഭലിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ ജമാഅത്തെ ഇസ് ലാമി  പ്രതിനിധിസംഘം സന്ദർശിച്ചു. ജമാഅത്ത് സെക്രട്ടറി ശഫീ മദനിയുടെ നേതൃത്വത്തി ലുള്ള നേതാക്കൾ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വീട്ടുകാരോട് വിവരങ്ങൾ അന്വേ ഷിച്ച നേതാക്കൾ മരിച്ചവർക്കായി പ്രാർഥിക്കുകയും തുടർസഹായത്തിന് വാക്കു നൽകുകയും ചെയ്തു. ശാഹി മസ്‌ജിദ് കമ്മിറ്റി ഭാരവാഹികളുമായും കോടതി നടപടികൾക്ക് നേതൃത്വം നൽകുന്ന അഭിഭാഷകരുമായും ചർച്ച നടത്തി. പശ്ചിമ യു.പി അമീർ സമീറുൽ ഹസൻ ഫലാഹി, വാസിഖ് നദീം, ഇനാമുറഹ്‌മാൻ, മുഹമ്മദ് സൽമാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി അമീർ ഡോ. സൂസൈപാക്യത്തെ സന്ദർശിച്ചു

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്മാനും സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി ടി സുഹൈബും ലത്തീൻ കത്തോലിക്ക സഭ തിരുവനന്തപുരം അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. സുസൈപാക്യത്തെ സന്ദർശിച്ചു. സമകാലിക സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ സംഭാഷണത്തിൽ കടന്നുവന്നു. സമുദായങ്ങൾക്കിടയിൽ വിടവ് വർധിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്നവരെ കരുതിയിരിക്കണം. മനുഷ്യർ എന്ന നിലക്ക് വിശാല മനസ്സും വിട്ടുവീഴ്ചയുമാണ് ഏത് പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നും ഡോ. സൂസൈപാക്യം അഭിപ്രായപ്പെട്ടു. എച്ച് ഷഹീർ മൗലവി. എം മഹ്ബൂബ് എ അൻസാരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വൈപ്പിൻ മുനമ്പം : രമ്യമായി പരിഹരിക്കാൻ സർക്കാർ മുൻകൈയ്യെടുക്കണം – ജമാഅത്തെ ഇസ്‌ലാമി

കൊച്ചി വൈപ്പിൻ, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം,ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുവാനും തദ്ദേശീയരുടെ ആശങ്കകൾക്കറുതി വരുത്താനും സർക്കാർ മുൻകൈ എടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്കൊപ്പമുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലൊതുങ്ങുന്ന സർക്കാർ നടപടികൾ ആശങ്ക വർധിപ്പിക്കാനേ കാരണമാകൂ.പരിഹാരം നീണ്ടുപോകുന്നത് തൽപര കക്ഷികളുടെ മുതലെടുപ്പിനും ഇരുസമൂഹങ്ങൾക്കിടയിലെ ധ്രുവീകരണം ശക്തിപ്പെടാനും കാരണമാകുന്നുണ്ട്.ഭൂമിപ്രശ്നമെന്നതിലുപരി വിഷയം സാമൂഹ്യ സാമുദായിക മാനം കൈവരിച്ചിരിക്കുന്നു. ഇരുവിഭാഗങ്ങളെയും ഒരുമിച്ചിരുത്തി രമ്യമായി പരിഹരിക്കാവുന്ന വിഷയമാണിത്. കേസ് കോടതിയിലാണെങ്കിലും ആശയവിനിമയം നടത്തി സമാധാനപൂർണമായ പ്രശ്നപരിഹാരം സാധ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനെ മുഖവിലക്കെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധ വർദ്ധിക്കുന്നതിന് കാരണമായ ഗൗരവമുള്ള വിഷയത്തിൽ സർക്കാറിന്റെ നിസംഗത ദുരൂഹമാണ്. മുനമ്പം വിഷയത്തിൻ്റെ മറവിൽ വഖഫിനെയും മറ്റു വഖഫ് സ്വത്തുക്കളെയും സംബന്ധിച്ച തെറ്റിദ്ധാരണ പരത്താനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രശ്നം മാനുഷികമായി പരിഹരിക്കാൻ സർക്കാർ തയാറാവണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

വയനാട്: പത്ത് കോടിയുടെ പുനരധിവാസ പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി

കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ വയനാട് നടന്നത്. ദുരന്തത്തിന്റെ വ്യാപ്‌തിയും ആഴവും ശരിയായി തിട്ടപ്പെടുത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും കെട്ടിട ങ്ങളും ഭവനങ്ങളും കൃഷിയും വ്യാപകമായി നഷ്‌ടപ്പെടുകയും ചെയ്‌തു. ദുരന്തസമ യത്ത് സന്നദ്ധ പ്രവർത്തകരും കൂട്ടായ്‌മകളും നടത്തിയ സേവന പ്രവർത്തനങ്ങളെ അഭി നന്ദിക്കുന്നു. മലയാളികളുടെ ഒത്തൊരുമയുടെയും ഐക്യത്തിൻ്റെയും പ്രതിഫലനമാ യിരുന്നു ഇത്. ദുരന്തത്തിൽ അവശേഷിക്കുന്നവരുടെ പുനരധിവാസമാണ് ഇനി കേരളത്തിന്റെ ലക്ഷ്യം. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം. എല്ലാ വിഭാഗം കൂട്ടായ്‌മകളെയും സന്നദ്ധ സംഘങ്ങളെയും ചേർത്തുനിർത്തി പൂ നരധിവാസം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ സന്നദ്ധരാവണം. 2018ലും 2019ലും വിവിധ പുനരധിവാസ പദ്ധതികൾ ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം വളരെ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിച്ചു. വയനാടിലെ ചൂരൽ മലയിലും മുണ്ടക്കയിലും നടന്ന ദുരന്തത്തിന് ഇരയായവ രുടെ സമ്പൂർണ പുനരധിവാസത്തിന് വേണ്ടി ആദ്യഘട്ടം പത്ത് കോടിയുടെ പുനരധി വാസ പദ്ധതി ജമാഅത്തെ ഇസ്‌ലാമി പ്രഖ്യാപിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, വീട് തുടങ്ങിയ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതായിരിക്കും പദ്ധതി. വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബുറഹ്മാന്‍, അസി. അമീർ എം.കെ. മുഹമ്മദലി, സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ, ദുരിതാശ്വാസ സെൽ കൺവീനർ ഷബീർ കൊടുവള്ളി എന്നിവര്‍ പ​ങ്കെടുത്തു.

വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം

വഖഫ് നിയമ ഭേദഗതി: വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റം വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള അമീർ പി.മുജീബ് റഹ്മാൻ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബിൽ. വഖഫു സ്വത്തുക്കൾ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശനവ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014 ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പത്ത് കൊല്ലമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയ ഒരു ബില്ലുമായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്. തീർത്തും മതപരമായ പ്രവർത്തനമാണ് വഖഫ്. മുസ്‌ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റമാണ് നടക്കുന്നത്. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമാണ്. സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. ബില്ല് പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയ്യാറാവണമെന്നും അമീർ ആവശ്യപ്പെട്ടു.

പി മുജീബുറഹ്മാന്‍ ചൂരൽമല സന്ദർശിച്ചു

നിരവധി പേരുടെ മരണത്തിനും നാശ നഷ്ടങ്ങൾക്കും കാരണമായ ചൂരൽമല ഉരുൾപൊട്ടിയ പ്രദേശം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബുറഹ്മാന്‍ സന്ദർശിച്ചു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ അമീർ രക്ഷാപ്രവർത്തനത്തിന്നും ദുരിതാശ്വാസത്തിനും സംഘടനയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. ദുരന്തത്തിൽ പെട്ടവരെ മുഴുവൻ കണ്ടെത്താനും ദുരിതബാധിതർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ ദുരന്ത നിവാരണ വിഭാഗമായ ഐഡിയൽ റിലീഫ് വിങ്ങിന്റെ വളണ്ടിയർമാരെ എല്ലാ പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. ഔദ്യാഗിക രക്ഷാദൗത്യവുമായി ഏകോപിച്ചാണ് ഐ.ആർ.ഡബ്ലിയു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രക്ഷാപ്രവർത്തനം അവസാനിക്കും വരെ വളണ്ടിയർമാർ സേവന പ്രവർത്തനങ്ങളിൽ സജീവമായുണ്ടാകും. ദുരിതമനുഭവിക്കുന്നവർക്കാവശ്യമായ സഹായമെത്തിക്കുന്നതിന് പീപ്പ്ൾസ് ഫൗണ്ടേഷന്റെ കീഴിൽ വിവിധ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. ദുരിത മേഖലയിൽ പഠനം നടത്തിയ ശേഷം പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് തയാറാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെയും വിവിധ സേവന സംഘങ്ങളുടെയും പ്രവർത്തനത്തെ അമീർ അഭിനന്ദിച്ചു. അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് വയനാട് ജില്ലാ പ്രസിഡന്‍റ് ടി.പി യൂനുസ്, ഐ.ആർ.ഡബ്ലിയു ജനറൽ ക്യാപ്റ്റൻ ബശീർ ശർഖി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷ്യം വിമോചനപ്പോരാട്ടങ്ങൾക്ക് ആവേശം നൽകും

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യുയടെ രക്തസാക്ഷ്യം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി മുജീബ് റഹ്മാൻ . മറ്റൊരു രാജ്യത്തിൻറെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ലോക രാഷ്ട്രങ്ങളും സമൂഹവും ഈ പൈശാചികതക്കെതിരെ രംഗത്തുവരണം. സയണിസത്തിനും സാമ്രാജ്യത്തത്തിനുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാർ രാജ്യത്തിൻറെ പ്രതിഷേധം അറിയിക്കണമെന്നും അമീര്‍ പറഞ്ഞു.

പി.മുജീബുറഹ്മാൻ എ.ഐ.സി. സി. ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു.

._ ജമാഅത്തെഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബുറഹ്മാൻ എ.ഐ.സി. സി.  ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു. സംഘപരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം സമുദായ ത്തിനെതിരിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിലും മുസ്‌ലിം – ദലിത് – ക്രൈസ്തവ സമൂഹങ്ങൾക്കെതിരിലുള്ള അതിക്രമങ്ങളിലും ആശങ്ക പങ്കുവെച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങൾ എം പിയുമായി ചർച്ച ചെയതു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാന്‍ ഹിറാ സെന്‍റ സെന്‍ററിലെത്തി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചു.

രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാന്‍ ഹിറാ സെന്‍റ സെന്‍ററിലെത്തി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടുര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.

മുസ്‌ലിം പ്രീണനാരോപണം; സർക്കാർ ധവളപത്രം പുറത്തിറക്കണം ധവളപത്രം പുറത്തിറക്കണം -ജമാഅത്തെ ഇസ്​ലാമി

സംസ്ഥാന സർക്കാർ​ മുസ്​ലിം സമുദായത്തെ പ്രീണിപ്പിക്കുകയാണെന്നും ചോദിക്കുന്നതെല്ലാം നൽകുകയാണെന്നുമുള്ള നവോത്ഥാന സമിതി ചെയർമൻ കൂടിയായ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്​തുതവിരുദ്ധവും സത്യസന്ധതക്ക്​ നിരക്കാത്തതുമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്​മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച്​ സർക്കാർ വസ്തുതകൾ പുറത്ത്‍വിട​ണമെന്നും ധവളപത്രം ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാന സ്വഭാവത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും സമീപകാലത്ത്​ മറ്റുപല കോണുകളിൽനിന്നും രൂപപ്പെട്ടിട്ടുണ്ട്​. ഇത്​ പിന്നാക്ക സമുദായത്തിന്​ അർഹതപ്പെട്ടത്​ കൂടി ചോദിക്കാൻ കഴിയാത്ത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കും. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ആരോപണ-പ്രത്യാരോപണങ്ങളുണ്ടാകുന്നത് ബഹുസ്വര സമൂഹത്തിന് ഭൂഷണമല്ല. നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെ ഏഴായിരത്തോളം​ തൊഴിലവസരങ്ങളാണ്​ മുസ്‌ലിം സമുദായത്തിന്​ നഷ്ടമായത്. തുടർന്നുണ്ടായ പാക്കേജിൽ മുന്നാക്ക സമുദായത്തിനാണ്​ നേട്ടമുണ്ടായത്​. സച്ചാർ കമ്മിറ്റി​യുടെ ചുവടുപിടിച്ച്​ രൂപംകൊടുത്ത പാലോളി കമ്മിറ്റി നിർദേശങ്ങളും അട്ടിമറിക്കപ്പെട്ടു. മദ്രസ അധ്യാപകർക്ക്​ സർക്കാർ ശമ്പളം നൽകുന്നു എന്നുവരെ പ്രചരിപ്പിക്കപ്പെട്ടു. കഴിഞ്ഞകാല അനുഭവ​ങ്ങളെല്ലാം നഷ്ടങ്ങളുടെതാണ്​. മന്ത്രിസഭയിൽ ആകെയുള്ളത്​ രണ്ട്​ സമുദായ അംഗങ്ങൾ മാത്രം. മൂന്ന്​ പാർലമെന്‍റ്​ അംഗങ്ങൾ മാത്രമാണ്​ സമുദായത്തിനിന്നുണ്ടായത്​. വിദ്യാഭ്യാസ അവസരത്തിന്‍റെ കാര്യത്തിലും ഇതുതന്നെയാണ്​ അവസ്ഥ. തെക്കൻ ജില്ലകളിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മലബാറിൽ ഇല്ല. യാഥാർഥ്യം ഇതായിരിക്കെ, പുകമറ സൃഷ്ടിക്കുന്ന പ്രസ്താവനകൾ ബോധപൂർവം ഉന്നയിക്കുന്നത്​ സമുദായത്തോടുള്ള അനീതിയാണ്​. ഇതുസംബന്ധിച്ച്​ ബന്ധപ്പെട്ട അധികാരികൾ മൗനം അവലംബിക്കുന്നത്​ തെറ്റിദ്ധാരണ സൃഷ്ടിക്കും. അതുകൊണ്ട്​ യഥാർഥ വസ്തുത പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ആർജവമുള്ള നിലപാട്​ സ്വീകരിക്കണമെന്നും അമീർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ബി.ജെ.പിയുടെ വോട്ട്​ വർധന മതേതര കക്ഷികൾ ഗൗരവമായി വിലയിരുത്തണം. ഇത്​ ലാഘവത്തോടെ കാണാൻ പാടില്ല.     ഹിറ സെന്‍ററിൽ നടന്ന വാർത്തസമ്മേളനത്തിൽ ജമാഅത്തെ ഇസ്​ലാമി ഹിന്ദ് കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്​ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ, അസി. സെക്രട്ടറി സമദ്​ കുന്നക്കാവ്​ എന്നിവര്‍ പ​​ങ്കെടുത്തു. 

English